Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി പറയും
Rahul Mamkoottathil's bail plea: ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ ജില്ലാ കോടതിയിലും വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കുകയും ചെയ്തു.

Rahul Mamkootathil
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. മൂന്നാം ബലാത്സംഗ കേസിലാണ് വിധി പറയുന്നത്. കേസില്‍ വാദം പൂര്‍ത്തിയ ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ബലാത്സംഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ ജില്ലാ കോടതിയിലും വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കുകയും ചെയ്തു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നാണ് രാഹുലിന്റെ വാദം. പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് അവര്‍ തന്നെയാണെന്നും പ്രതിഭാഗം പറഞ്ഞു.
എന്നാൽ പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ ശക്തമായി എതിർത്തു. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരി ക്രൂര പീഡനമാണ് നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ALSO READ: രാഹുലിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയില്‍; സമിതി റിപ്പോര്‍ട്ട് നിര്‍ണായകം
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശേഖര്‍ ജി. തമ്പിയും അഡ്വ. അഭിലാഷ് ചന്ദ്രനുമാണ് ഹാജരായത്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ജനുവരി 11ന് പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്.