Vizhinjam Port: വർഷങ്ങളുടെ കാത്തിരിപ്പ്! വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; നഗരത്തിൽ കനത്ത സുരക്ഷ
Vizhinjam International Seaport Commissioning: കരയിലും കടലിലും പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലുടനീളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ സുരക്ഷ ശക്തമാക്കിയിരുന്നു. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. കമ്മീഷനിങ് ചടങ്ങിന് പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരമുണ്ട്.
തിരുവനന്തപുരം: കേരളം വർഷങ്ങളായി കാത്തിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ (Vizhinjam International Seaport) ഔദ്യോഗിക കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Nnarendra Modi) തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ അഭിമാനമൂഹൂർത്തതിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
ഇന്ന് രാവിലെ 9.45ഓടെ പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെടും. 10.15ന് വ്യോമസേനാ ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. തുടർന്ന് തുറമുഖം വിശദമായി കാണും. ഇതിനുശേഷം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നാണ്. ചടങ്ങിന് ശേഷം ഉച്ചയ്ക്ക് 12.30ഓടെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കരയിലും കടലിലും പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജിയാണ് ഏറ്റെടുത്തിരിക്കുന്നത്. നഗരത്തിലുടനീളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ സുരക്ഷ ശക്തമാക്കിയിരുന്നു. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. കമ്മീഷനിങ് ചടങ്ങിന് പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരമുണ്ട്. ഇത്തരത്തിൽ 10,000 പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി ബസുകൾ വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും.
രാവിലെ ഏഴ് മുതൽ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. എന്നാൽ തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. തുറമുഖത്തിൻ്റെ പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹനവ്യൂഹം മാത്രമേ ഇന്ന് കടത്തിവിടൂ. വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുറ്റുപാട് വാഹനങ്ങളുടെ പാർക്കിംഗിനടക്കം ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.