Vizhinjam Port Second Phase: വികസനക്കുതിപ്പ് തുടരാന്‍ വിഴിഞ്ഞം; രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ഇന്ന്
Vizhinjam Port Second Phase Construction Inauguration: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. രണ്ടാം ഘട്ടത്തില്‍ വിഴിഞ്ഞ തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനം ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നെങ്കിലും ഔദ്യോഗിക ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
സംസ്ഥാന തുറമുഖവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. അദാനി പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. 2028 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഈ ഘട്ടത്തില്‍ 10,000 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കും. റെയില്‍വേ യാര്‍ഡ്, ലിക്വിഡ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ളവ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.
എക്‌സിം കാര്‍ഗോ സേവനങ്ങള്‍, ദേശീയപാത ബൈപ്പാസിലേക്ക് നിര്‍മ്മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് കൂടുതല്‍ നിക്ഷേപപദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.
Also Read: Vizhinjam Ship Berthing : എന്താണ് വിഴിഞ്ഞത്തെ കപ്പൽ ബെർത്തിംഗ്? എന്തിനാണിത് ചെയ്യുന്നത്
വിഴിഞ്ഞത്ത് നിലവില്‍ എഴുനൂറിലേറെ കപ്പലുകളില്‍ നിന്നായി 15 ലക്ഷത്തിലേറെ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തുകഴിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി അഞ്ചിരട്ടിയായി വര്‍ധിക്കും. കഴിഞ്ഞ ജൂലൈയിലായിരുന്നു ട്രയല്‍ റണ്‍. ഡിസംബറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ആദ്യ ഘട്ടത്തില്‍ 8,867 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. രണ്ടാം ഘട്ടത്തില്‍ പുലിമുട്ടിന്റെ നീളം വര്‍ധിപ്പിക്കും. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മേയർ വിവി രാജേഷ്, എംപിമാരായ ശശി തരൂർ, എഎ റഹീം, ജോൺ ബ്രിട്ടാസ്, അടൂർ പ്രകാശ്, എംഎൽഎമാരാരായ എം വിൻസെൻ്റ്, വി ജോയി, ഒഎസ് അംബിക, വി ശശി, ഡികെ മുരളി, കടകംപളി സുരേന്ദ്രൻ, വികെ പ്രശാന്ത്, ജി സ്റ്റീഫൻ, സി കെ ഹരീന്ദ്രൻ, ഐബി സതീഷ്, കെ ആൻസലൻ തുടങ്ങിയവർ പങ്കെടുക്കും.