VS Achuthanandan: വി.എസ് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
VS Achuthanandan's health condition: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ സ്‌പെഷ്യല്‍ സംഘം എസ് യു ടി ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തി.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്.
ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ ആക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നുണ്ട്. കഴിഞ്ഞ ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്നു മുതൽ അദ്ദേഹം തീവ്രപചരണ വിഭാഗത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ സ്‌പെഷ്യല്‍ സംഘം എസ് യു ടി ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തി. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
നിലവിലെ ചികിത്സാ രീതി തുടരാനാണ് തീരുമാനം. ആവശ്യമെങ്കില്‍ മാത്രം മാറ്റം വരുത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.