Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?
Wayanad cold wave updates 2026 : തണുപ്പിനെ പ്രതിരോധിക്കാൻ സഞ്ചാരികൾ പ്രധാനമായും ആശ്രയിക്കുന്നത് ക്യാമ്പ് ഫയറുകളെയാണ്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എത്തുന്നവരിലധികവും ക്യാമ്പ് ഫയർ സൗകര്യം ആവശ്യപ്പെടുന്നുണ്ട്.
പുൽപള്ളി: വയനാട് വീണ്ടും കൊടുംതണുപ്പിന്റെ പിടിയിൽ. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴ മാറി ആകാശം തെളിഞ്ഞതോടെയാണ് ജില്ലയിൽ തണുപ്പ് ശക്തമായത്. സന്ധ്യയാകുന്നതോടെ തുടങ്ങുന്ന തണുപ്പ് ഉച്ചവരെ നീണ്ടുനിൽക്കുന്ന അവസ്ഥയാണിപ്പോൾ. ഇത് കടുത്ത വേനലിന്റെ ആരംഭമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
24 മണിക്കൂറിനുള്ളിൽ അനുഭവപ്പെടുന്ന രണ്ട് വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങൾ ജില്ലയിലെ സസ്യജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാത്രിയിലെ അതിശക്തമായ തണുപ്പിന് പിന്നാലെ പകൽസമയത്ത് പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. തണുത്തുറഞ്ഞ ഇലകളിലേക്ക് പെട്ടെന്ന് സൂര്യതാപം ഏൽക്കുന്നതോടെ ചെടികളുടെ പച്ചപ്പ് നഷ്ടപ്പെട്ട് ഉണങ്ങി നശിക്കുന്ന അവസ്ഥയാണുള്ളത്. വേനൽക്കാലം കടുക്കുന്നതിന്റെ സൂചനയായാണ് കാലാവസ്ഥയിലെ ഈ മാറ്റങ്ങളെ വിദഗ്ധർ കാണുന്നത്.
യാത്രക്കാരും സഞ്ചാരികളും വലയുന്നു
കൊടുംതണുപ്പ് കാരണം സന്ധ്യയ്ക്ക് ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ജില്ലയ്ക്ക് പുറത്തുനിന്ന് രാത്രികാലങ്ങളിൽ എത്തുന്ന യാത്രക്കാർ തണുപ്പിൽ വലയുകയാണ്. വയനാട്ടിലെ തണുപ്പ് ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ പോലും നിലവിലെ സാഹചര്യം കണ്ട് പിന്നോട്ടുമാറുന്ന അവസ്ഥയാണിപ്പോൾ.
തണുപ്പിനെ പ്രതിരോധിക്കാൻ സഞ്ചാരികൾ പ്രധാനമായും ആശ്രയിക്കുന്നത് ക്യാമ്പ് ഫയറുകളെയാണ്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എത്തുന്നവരിലധികവും ക്യാമ്പ് ഫയർ സൗകര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിറകിനുണ്ടായ ക്ഷാമം വിനോദസഞ്ചാര മേഖലയെയും ബാധിച്ചിട്ടുണ്ട്. വിറകിന് വില നൽകേണ്ടി വരുന്നതിനാൽ പല സ്ഥാപനങ്ങളും ക്യാമ്പ് ഫയറിന് പ്രത്യേക നിരക്ക് ഈടാക്കിത്തുടങ്ങി. തണുപ്പകറ്റാൻ വലിയ അളവിൽ വിറക് കത്തിച്ചു തീർക്കുന്നത് നടത്തിപ്പുകാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.