Palappilly Cricket Ground: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തോറ്റുപോകുന്ന ദൃശ്യചാരുത; തൃശൂരിലെ ആ വൈറല്‍ മൈതാനം സഞ്ജീവ് ഗോയങ്കയുടേത്
Kerala's Palappilly Cricket Ground Stuns Internet: ഈ ഗ്രൗണ്ടില്‍ കളിക്കാന്‍ പറ്റുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇവിടെ കളിച്ചാല്‍ പന്തുകള്‍ കാണാതെ പോകുമല്ലോയെന്നാണ് മറ്റ് ചിലരുടെ തമാശരൂപേണയുള്ള ചോദ്യം
ഈ ഗ്രൗണ്ടിന്റെ ഗാലറിയില്‍ മനുഷ്യരില്ല. വരിവരിയായി നിരന്നുനില്‍ക്കുന്ന ഒരുകൂട്ടം മരങ്ങളാണ് ഈ കൊച്ചുമൈതാനത്തിന് ചുറ്റും ‘കാഴ്ചക്കാരായി’ നില്‍ക്കുന്നത്. കണ്ടാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ചിത്രമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. അത്രയ്ക്കും അവിശ്വസനീയമായ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഒരു റിയല്‍ ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. പറഞ്ഞുവരുന്നത് തൃശൂരിലെ പാലപ്പിള്ളി ഗ്രൗണ്ടിനെക്കുറിച്ചാണ്. ആമസോണ്‍ മഴക്കാടുകളുമായി നെറ്റിസണ്‍സ് താരതമ്യപ്പെടുത്തുന്ന ഈ പ്രദേശത്തിന്റെ പ്രശസ്തി ഇന്ന് കരയും കടലും കടന്ന് കുതിക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഈ ഗ്രൗണ്ട് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഉടമ സാക്ഷാല്‍ സഞ്ജീവ് ഗോയങ്കയാണ്. ഐപിഎല്ലിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും, ഐഎസ്എല്ലിലെ മോഹന്‍ബഗാന്റെയും ഉടമയായ അതേ ഗോയങ്ക തന്നെ. ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനിലാണ് പാലപ്പിള്ളി ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്.
വരുണ്‍ നായര്‍, നോട്ട് ഓണ്‍ ദ മാപ്പ് തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജുകളാണ് അധികം അറിയപ്പെടാതിരുന്ന ഈ ദൃശ്യചാരുതയെ പുറംലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. ഉടന്‍ തന്നെ ഈ ദൃശ്യങ്ങള്‍ വൈറലായി. വിദേശ പേജുകളിലടക്കം ഇത് ഇടം നേടി.
View this post on Instagram
കേരളത്തിന്റെ സ്വന്തമായ ഈ മനോഹരകാഴ്ച ശ്രീലങ്കയിലേതാണ് എന്നടക്കം അവകാശവാദങ്ങളും ഒരുവശത്ത് കൊഴുക്കുന്നുണ്ട്. അത്തരം കമന്റുകള്‍ക്ക് ഈ ദൃശ്യങ്ങള്‍ കേരളത്തിലേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതം മലയാളികള്‍ മറുപടി കൊടുക്കുന്നുമുണ്ട്.
View this post on Instagram
ഈ ഗ്രൗണ്ടില്‍ കളിക്കാന്‍ പറ്റുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇവിടെ കളിച്ചാല്‍ പന്തുകള്‍ കാണാതെ പോകുമല്ലോയെന്നാണ് മറ്റ് ചിലരുടെ തമാശരൂപേണയുള്ള ചോദ്യം. പച്ചപ്പട്ടിന്റെ മേലങ്കിയണിഞ്ഞ ഈ ഗ്രൗണ്ടിലേക്ക് ഒരു തവണയെങ്കിലും എത്താന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാണ് പലരുടെയും ആശ.