Woman Lost Eye Vision: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായെന്ന് പരാതി
Young Woman Lost Vision After Nose Surgery: അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.

Representational Image (Image Courtesy: Shannon Fagan/The Image Bank/ Getty Images)
കണ്ണൂർ: മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായെന്ന് പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30)യക്കാണ് കാഴ്ച നഷ്ടമായത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലാണ് സംഭവം. വിഷയത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
ഒക്ടോബർ 24-നായിരുന്നു സംഭവം. മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ നടത്താൻ വേണ്ടിയായിരുന്നു രസ്‌ന മെഡിക്കൽ കോളേജിൽ എത്തി. തുടർന്ന് മൂന്നുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് രസ്‌നയുടെ ഭർത്താവ് കെ.ഷജിലും സഹോദരൻ ടി.വി.ശ്രീജിത്തും പത്രസമ്മേളനത്തിൽ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം ഇക്കാര്യം രസ്‌ന ഡോക്ടർമാരെ അറിയിച്ചെങ്കിലും നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചതായും ഷജിൽ പറഞ്ഞു.
Also Read: ശബരിമല സന്നിധാനത്ത് വിദേശമദ്യമെത്തിച്ച് വില്പന നടത്തി; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
തുടർന്ന് നേത്രചികിത്സാ വിദഗ്ധർ നടത്തിയ പരിശോധനയിൽ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് പറയുന്നു. ഉടനെ ചികിത്സ നൽകണമെന്നാണ് നേത്രചികിത്സാ വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്. വീണ്ടും മെഡിക്കൽ കോളേജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്. എന്നാൽ പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ അരവിന്ദ് കണ്ണ് ആശൂപത്രിയിൽ പരിശോധിച്ചു. എന്നാൽ പരിശോധനയിൽ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി കണ്ടെത്തി. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി.
കണ്ണൂർ സർവകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയാണ് രസ്ന. എന്നാൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതോടെ ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് സഹോദരൻ ശ്രീജിത്ത് പറയുന്നു. ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. രസ്നയുടെ അച്ഛൻ രാജൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എം.രമേശൻ, സി.പി.എം. ഏരിയാ കമ്മിറ്റിയംഗം കെ.രജിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. മൂക്കിലെ ശസ്ത്രക്രിയ കണ്ണിനെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് നേത്രരോഗ വിദഗ്ധരുമായും മറ്റും നടത്തിയ അന്വേഷണത്തിൽ മനസ്സിലായതെന്ന് മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ. സാജിദ് ഒമർ പറഞ്ഞു. ഡി.എം.ഒ. ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ച് ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെടാൻ നേരത്തേതന്നെ പരാതിക്കാരോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയതായി കണ്ടെത്തിയാൽ തുടർനടപടിക്ക് തയ്യാറാണെന്നും തെറ്റുപറ്റിയില്ലെങ്കിലും സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.