AntibioticS: എങ്ങനെ കഴിക്കണമെന്നറിയാതെ ഉപയോഗിച്ചാൽ ആന്റിബയോട്ടിക്ക് അപകടം, വിദഗ്ധർ പറയുന്നത് ഇങ്ങനെ
ഈ മരുന്നുകൾ ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെയും നശിപ്പിക്കും. ഇത് കുടലിലെ സ്വാഭാവിക ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ദഹന പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

തിരുവനന്തപുരം: കോവിഡ് വീണ്ടും എത്തിയതോടെ ആന്റിബയോട്ടിക്കിന്റെ ഉപയോഗവും കൂടി വരികയാണ്. ഇത് ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ആൻ്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം പൊതുജനാരോഗ്യത്തിന് വലിയ വെല്ലുയർത്തുന്നു. ബാക്ടീരിയ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ഈ മരുന്നുകൾ, ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
ആൻ്റിബയോട്ടിക് പ്രതിരോധം
ആൻ്റിബയോട്ടിക്കുകളുടെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് ‘ആൻ്റിബയോട്ടിക് പ്രതിരോധം’ (Antibiotic Resistance) വർധിക്കുന്നതാണ്. മരുന്നുകളുടെ അമിത ഉപയോഗം കാരണം ബാക്ടീരിയകൾക്ക് ഈ മരുന്നുകളെ അതിജീവിക്കാനുള്ള കഴിവ് നേടുന്ന അവസ്ഥയാണിത്. ഇത് സംഭവിക്കുമ്പോൾ, സാധാരണ ആൻ്റിബയോട്ടിക്കുകൾക്ക് രോഗാണുക്കളെ നശിപ്പിക്കാൻ കഴിയാതെ വരുന്നു. തന്മൂലം, അണുബാധകൾ ഭേദമാക്കാൻ കൂടുതൽ ശക്തവും ചെലവേറിയതുമായ മരുന്നുകൾ ആവശ്യമായി വരികയും, ചിലപ്പോൾ ചികിത്സ പോലും അസാധ്യമാവുകയും ചെയ്യും. ജലദോഷം, ചുമ, പനി തുടങ്ങിയ വൈറൽ അണുബാധകൾക്ക് ആൻ്റിബയോട്ടിക്കുകൾ ഫലപ്രദമല്ലായിരുന്നിട്ടും ഇവയ്ക്ക് മരുന്ന് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.
പാർശ്വഫലങ്ങളും ദഹനപ്രശ്നങ്ങളും
ആൻ്റിബയോട്ടിക്കുകൾക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ സാധാരണ പാർശ്വഫലങ്ങൾ ഉണ്ടാകാം. ചിലരിൽ ചർമ്മത്തിൽ തടിപ്പ്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ഗുരുതരമായ അലർജി പ്രതികരണങ്ങളും കണ്ടുവരുന്നുണ്ട്.
Also read – “മിന്നൽ വള” പാട്ടിൽ “നാമല്ലോ” ആണോ “ലാവല്ലോ” ആണോ? സോഷ്യൽ മീഡിയയിലെ സംവാദത്തിനുള്ള ഉത്തരം ഇതാ
കൂടാതെ, ഈ മരുന്നുകൾ ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെയും നശിപ്പിക്കും. ഇത് കുടലിലെ സ്വാഭാവിക ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ദഹന പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ക്ലോസ്ട്രിഡിയം ഡിഫിസൈൽ (Clostridium difficile) പോലുള്ള ദോഷകരമായ ബാക്ടീരിയകൾക്ക് വളരാൻ ഇത് കാരണമാവുകയും ഗുരുതരമായ വയറിളക്കത്തിലേക്ക് നയിക്കുകയും ചെയ്യാം. ചില ആൻ്റിബയോട്ടിക്കുകൾ ഇരുമ്പ്, കാൽസ്യം പോലുള്ള പോഷകങ്ങളുടെ ആഗിരണത്തെയും തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
ഭാവിയിലെ ചികിത്സകൾക്ക് വെല്ലുവിളി
ആൻ്റിബയോട്ടിക് പ്രതിരോധം വർധിക്കുന്നത് ശസ്ത്രക്രിയകൾ, കീമോതെറാപ്പി, അവയവ മാറ്റിവെക്കൽ തുടങ്ങിയ ചികിത്സകളെ കൂടുതൽ അപകടത്തിലാക്കുന്നു. ഈ ചികിത്സകൾക്ക് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള അണുബാധകളെ ചികിത്സിക്കാൻ ഫലപ്രദമായ ആൻ്തിബയോട്ടിക്കുകൾ ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം.
എങ്ങനെ ശരിയായ രീതിയിൽ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കാം?
- ഒരു ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുക. സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- ഡോക്ടർ നിർദ്ദേശിച്ച അളവിലും സമയത്തും മരുന്ന് കഴിക്കുക. രോഗം ഭേദമായെന്ന് തോന്നിയാലും മരുന്നിന്റെ കോഴ്സ് പൂർത്തിയാക്കുക.
- മറ്റൊരാൾക്ക് ഡോക്ടർ നിർദ്ദേശിച്ച ആൻ്റിബയോട്ടിക്കുകൾ നിങ്ങൾ കഴിക്കരുത്.
- ജലദോഷം, പനി പോലുള്ള വൈറൽ അണുബാധകൾക്ക് ആൻ്റിബയോട്ടിക്കുകൾ ആവശ്യമില്ലെന്ന് ഓർക്കുക.