History of Luxury hotels : ലോകത്തിലെ ആഡംബര ഹോട്ടലുകളും അവയ്ക്ക് പിന്നിലെ കഥകളും
Historic Luxury Hotels in the World: നൂറ്റാണ്ടുകളായി വളരെയധികം പൗഢിയോടെ നിലനിൽക്കുന്ന ചില ആഢംബര ഹോട്ടലുകൾ ലോകത്തിലുണ്ട്. ജാപ്പനീസ് പർവതങ്ങളിൽ സ്ഥിതി ചെയ്യുന്ന പുരാതന സത്രങ്ങൾ മുതൽ രാജാക്കന്മാർക്കും സിനിമാതാരങ്ങൾക്കും ആതിഥേയത്വം വഹിച്ച സമ്പന്നമായ യൂറോപ്യൻ കൊട്ടാരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
കാലം എത്ര കഴിഞ്ഞാലും ഇന്നും വളരെയധികം പൗഢിയോടെ നിലനിൽക്കുന്ന ചില ആഢംബര ഹോട്ടലുകൾ ലോകത്തിലുണ്ട്. യഥാർത്ഥ കരകൗശല വൈദഗ്ദ്ധ്യത്തിന്റെ തെളിവുകളാണവ. ജാപ്പനീസ് പർവതങ്ങളിൽ സ്ഥിതി ചെയ്യുന്ന പുരാതന സത്രങ്ങൾ മുതൽ രാജാക്കന്മാർക്കും സിനിമാതാരങ്ങൾക്കും ആതിഥേയത്വം വഹിച്ച സമ്പന്നമായ യൂറോപ്യൻ കൊട്ടാരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
രാംബാഗ് കൊട്ടാരം, ഇന്ത്യ
രാജസ്ഥാനിലെ ജയ്പൂരിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. 1835ൽ നിർമിച്ച കൊട്ടാരം 1957ലാണ് ഹോട്ടലായി തുറന്നത്. മുമ്പ് ജയ്പൂർ മഹാരാജാവിന്റെ വസതിയായിരുന്ന ഈ കൊട്ടാരം നിലവിൽ ഹോട്ടൽ താജ് ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. ‘ജ്യൂവൽ ഓഫ് ജയ്‌പൂർ’ എന്നും വിളിപ്പേരുള്ള കൊട്ടാരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോട്ടലാണ്.
നിഷിയാമ ഒൻസെൻ കെയൂങ്കൻ, ജപ്പാൻ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കൈവശപ്പെടുത്തിയ നിഷിയാമ ഒൻസെൻ കെയുങ്കൻ 50 തലമുറകളിലേറെയായി ഒരേ കുടുംബത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അകൈഷി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന് ഏകദേശം 1,300 വർഷം പഴക്കമുണ്ട്.
ക്ലാരിഡ്ജസ്, ലണ്ടൻ
ലണ്ടനിലെ മെയ്‌ഫെയറിൽ ബ്രൂക്ക് സ്ട്രീറ്റിന്റെയും ഡേവീസ് സ്ട്രീറ്റിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ക്ലാരിഡ്ജസ്. മെയ്‌ബോൺ ഹോട്ടൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഹോട്ടലുള്ളത്. 1860-ൽ വിക്ടോറിയ രാജ്ഞിയെ ആതിഥേയത്വം വഹിച്ചതോടെ ഹോട്ടലിന്റെ പ്രശസ്തി വർധിച്ചു.
സാൻ ഡൊമെനിക്കോ കൊട്ടാരം, ഇറ്റലി
ഇറ്റലിയിലെ സിസിലിയിൽ ടോർമിന നഗരത്തിൽ സ്ഥിതിചെയ്യുന്നു. ബാരൺ ഡാമിയാനോ റോസ്സോ ഡി ആൽട്ടാവില്ല എന്ന സിസിലിയൻ രാജകീയ കുടുംബാംഗം തന്റെ വാസസ്ഥലം സന്യാസ സമൂഹത്തിന് സംഭാവനയായി നൽകിയതിനെ തുടർന്ന്, ഇത് 1430-ൽ സന്യാസമഠമായി മാറി. എന്നാൽ വർഷങ്ങൾക്ക് ശേഷം 1896-ൽ, ഈ സന്യാസമഠം ഒരു ആഡംബര ഹോട്ടലായി. വീണ്ടും 2021-ൽ, ഫോർ സീസൺസ് ഗ്രൂപ്പിന്റെ കീഴിൽ സാൻ ഡൊമെനിക്കോ കൊട്ടാരം പുനരുദ്ധരിക്കപ്പെട്ടു. ഇത് ഇപ്പോൾ 111 ആഡംബര മുറികളും സ്വീറ്റ്‌റൂമുകളും, മൈക്കലിൻ സ്റ്റാർ നേടിയ റെസ്റ്റോറന്റുകൾ, ക്ലിഫ്‌ടോപ്പ് ഇൻഫിനിറ്റി പൂൾ, സ്പാ, ജിം, മനോഹരമായ ഇറ്റാലിയൻ തോട്ടങ്ങൾ എന്നിവയുമായി സമ്പന്നമായ ഒരു ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്നു .