Bridal Grills: പല്ലിനും വേണ്ടേ ആഭരണ തിളക്കം; ഫാഷൻ ലോകത്ത് ട്രെൻഡായി ‘ബ്രൈഡല്‍ ഗ്രില്‍’
Bridal Grill: പണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രഭുക്കന്മാരും പുരാതന മായൻ സംസ്കാരത്തിലും ഇത്തരം ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായാണ് ചരിത്രം. ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായിട്ടാണ് അന്ന് ഇവ ഉപയോഗിച്ചിരുന്നത്.

Bridal Grill
കാതിന് മോടികൂട്ടാൻ കമ്മലുകൾ, കാലിന് പാദസരം, കൈകളിൽ വളകൾ എങ്ങനെ നീണ്ട് പോകുന്നു ആഭരണങ്ങളുടെ ലിസ്റ്റ്. എന്നാൽ പല്ലിനോ? സംശയം വേണ്ട, അതിനും ഇന്ന് ഉത്തരമുണ്ട്. ഫാഷൻ ലോകത്ത് പുത്തൻ ട്രെൻഡായി മാറിയിരിക്കുകയാണ് ബ്രൈഡൽ ഗ്രിൽ എന്ന പല്ലിന് വേണ്ടിയുള്ള ആഭരണം.
സർവാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങുന്ന വധുവിന് പല്ലിൽ കൂടി ഒരു ആഭരണമായാലോ? ഈ ചിന്തയിൽ നിന്നാണ് ബ്രൈഡല്‍ ഗ്രില്‍ പിറന്നത്. ഇപ്പോഴിതാ അവ ഫാഷൻ ലോകത്ത് തരംഗം സൃഷ്ടിക്കുന്നു. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി രംഗത്തുണ്ടെങ്കിലും, ഗ്രില്ലുകള്‍ക്ക് അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത ഉണ്ട്.
ഗ്രില്ലുകള്‍ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കുന്നവയാണ്. അതിനാൽ ഇവ ആവശ്യത്തിന് എടുത്ത് അണിയുകയും ആവശ്യമില്ലാത്തപ്പോൾ അഴിക്കുകയും ചെയ്യാം. സാധാരണ ആഭരണങ്ങള്‍ പോലെ തന്നെ സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങി ഏത് ലോഹത്തിലും ബ്രൈഡൽ ഗ്രിൽ നിർമ്മിക്കാനാകും. കൂടാതെ ഡയമണ്ട് പതിപ്പിച്ചവയും വിപണിയിൽ ലഭ്യമാണ്. ആവശ്യാനുസരണം വ്യത്യസ്ത അളവിലും രൂപത്തിലും ഡിസൈൻ ചെയ്ത് എടുക്കാവുന്നതാണ്.
പണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രഭുക്കന്മാരും പുരാതന മായൻ സംസ്കാരത്തിലും ഇത്തരം ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായാണ് ചരിത്രം. ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായിട്ടാണ് അന്ന് ഇവ ഉപയോഗിച്ചിരുന്നത്. എന്നാൽ അവ ഇന്ന് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ മുതല്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വരെ എത്തി നിൽക്കുന്നു.