Entharo Mahanu Keerthanam : ഒരു മലയാളിയെ സ്തുതിച്ച് അന്ന് ത്യാഗരാജസ്വാമികൾ പാടിയ കീർത്തനം, എന്തരോ മഹാനുഭാവലു പിറന്നത് ഇങ്ങനെ
Carnatic music kriti by Thyagaraja: സാധാരണയായി തന്റെ ശബ്ദം തന്നെ ചതിക്കില്ല എന്ന് മാരാർക്ക് അറിയാമായിരുന്നു. ആ ജനലൊന്നു തുറന്നു നോക്കു എന്ന് വിനയത്തോടെ മരാർ പറഞ്ഞു. പുറത്ത് കിളികളുടെ ശബ്ദത്തോടൊപ്പം പ്രഭാത കിരണങ്ങൾ അകത്തെത്തി. മാരാരുടെ ആലാപനം കേട്ട് സമയം പോയത് ആരും അറിഞ്ഞിരുന്നില്ല.
കൊച്ചി: സിനിമയിലും സോഷ്യൽ മീഡിയയിലും കീർത്തനങ്ങൾ എപ്പോഴും സ്ഥാനം പിടിക്കാറുണ്ട്. കുറച്ചുനാളുകളായി സോഷ്യൽ മീഡിയ റീലുകളിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു കീർത്തനമാണ് എന്തരോ മഹാനുഭാവലു. ഇത് പല സിനിമകളിലും നാം കേട്ടിട്ടുള്ളതാണ്. ഈയടുത്ത കാലങ്ങളിൽ റീറിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ദേവദൂതനിലാണ് എന്തരോ മഹാനുഭാവലു ഏറ്റവും മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്.
സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജ സ്വാമികളുടേതാണ് ഈ കൃതി. എന്നാൽ ഇതിനൊരു മലയാളി ബന്ധം കൂടിയുണ്ട്. കർണാടക സംഗീതത്തിലെ അതികായനായ ത്യാഗരാജ സ്വാമികൾ അദ്ദേഹത്തോളം ഒന്നും അറിയപ്പെടാത്ത എന്നാൽ മലയാളികളുടെ അഭിമാനമായ ഒരു സംഗീതജ്ഞനെ ബഹുമാനിച്ചുകൊണ്ട് പാടിയതാണെന്ന് എത്രപേർക്കറിയാം.
എത്രപേർ അറിയും ഷഡ്കാല ഗോവിന്ദൻ മാരാരേ…
കാലങ്ങൾക്കു മുമ്പ് തിരുവിതാംകൂറിൽ ക്ഷേത്രങ്ങളിൽ കൊട്ടിപ്പാടി നടന്ന ഒരു പാവം മാരാർ ഉണ്ടായിരുന്നു. അനുഗ്രഹീതനായ ഒരു സംഗീതജ്ഞൻ കൂടി ആണെങ്കിലും അഹങ്കാരം ലവലേശം തൊട്ട് തീണ്ടാത്ത അദ്ദേഹത്തെ അധികമാരും അന്ന് അറിഞ്ഞിരുന്നില്ല. സംഗീതജ്ഞർക്ക് വേണ്ട കെട്ടും മട്ടും അഹങ്കാരവും ഒന്നും ഒട്ടും പ്രകടിപ്പിക്കാതെ തന്റെ പഴയ ഇടയ്ക്കയുമായി മാരാർ ഊര് ചുറ്റി നടന്നു.
അറിയാവുന്നവർക്ക് മാരാരുടെ വലിപ്പം ശരിക്കും അറിയാമായിരുന്നു. അറിയില്ലാത്തവർക്ക് ഒരു സാധാരണ പാട്ടുകാരനും. മാരാരുടെ ഏറ്റവും വലിയ സവിശേഷത പ്രകൃതിയുടെ താളം മാറുന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ തൊണ്ടയും ചലിക്കുമായിരുന്നു എന്നതാണ്. ആറു കാലങ്ങളിൽ പാടാനുള്ള സിദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനാലാണ് ഗോവിന്ദൻ എന്ന പേരിനൊപ്പം ഷഡ്‌ക്കാല മാരാർ എന്ന പേര് വന്നത്.
ആ കൃതി പിറന്ന കഥ
മാരാരുടെ ആരാധ്യ പുരുഷനായിരുന്നു ത്യാഗരാജ സ്വാമികൾ. ഒരിക്കൽ ത്യാഗരാജ സ്വാമികളെ കാണാൻ തിരുവയ്യാറിൽ എത്തി. തന്റെ ശിഷ്യന്മാരെയും കൂടെ കൂട്ടിയിരുന്നു. ത്യാഗരാജന്റെ വീട്ടിലെത്തിയ മാരാരോട് സ്വാമികൾ തന്റെ സ്വതസിദ്ധമായ ഗൗരവം കൈവിടാതെ തന്നെയാണ് പെരുമാറിയത്. സ്വാമികളുടെ ആലാപനം കേൾക്കാൻ ആഗ്രഹിച്ച് ആവശ്യം പറഞ്ഞപ്പോൾ മാരാരു പാടി കേൾക്കട്ടെ ആദ്യം എന്നായി സ്വാമികളുടെ ശിഷ്യർ.
ത്യാഗരാജന്റെ മനസ്സ് അറിഞ്ഞതു കൊണ്ടാണ് ശിഷ്യന്മാർ അത് പറഞ്ഞത്. മാരാർക്ക് തന്റെ ആലാപനം മനസ്സിലാക്കാനുള്ള അറിവുണ്ടോ എന്ന് പരീക്ഷിക്കുകയായിരുന്നിരിക്കാം ഉദ്ദേശം. സന്തോഷത്തോടുകൂടി ഗോവിന്ദമാരാർ പാടി സമയം പോയത് അറിഞ്ഞില്ല. ഓരോ രാഗങ്ങളും മാറിമാറി വന്നു. ഇടയ്ക്ക് എപ്പോഴോ പ്രഭാത രാഗങ്ങളിൽ ഏതോ ഒന്ന് മാരാർ പാടുന്നത് കേട്ടിട്ട് ഒരാൾ ചോദിച്ചു സമയത്തിന് അനുബന്ധമായല്ലേ പാടേണ്ടത്. കാരണം അവർ പാടാൻ ഇരുന്നത് രാത്രിയിലായിരുന്നു.
സാധാരണയായി തന്റെ ശബ്ദം തന്നെ ചതിക്കില്ല എന്ന് മാരാർക്ക് അറിയാമായിരുന്നു. ആ ജനലൊന്നു തുറന്നു നോക്കു എന്ന് വിനയത്തോടെ മരാർ പറഞ്ഞു. പുറത്ത് കിളികളുടെ ശബ്ദത്തോടൊപ്പം പ്രഭാത കിരണങ്ങൾ അകത്തെത്തി. മാരാരുടെ ആലാപനം കേട്ട് സമയം പോയത് ആരും അറിഞ്ഞിരുന്നില്ല. ഇത് കണ്ട് അത്ഭുതത്തോടെ ത്യാഗരാജൻ പാടിയത്രെ… എന്തരോ മഹാനുഭാവലു….