Karkidakam Kozhi Marunnu: പെണ്ണുങ്ങൾക്ക് മാത്രമുള്ള കോഴിമരുന്ന്; വടക്കൻ കേരളത്തിലെ കർക്കിടക വിഭവം തയ്യാറാക്കാം
Karkidakam Kozhi Marunnu Recipe: ചില ഉൾനാടൻ പ്രദേശങ്ങളിലാണ് ഈ ആചാരം നിലനിന്നിരുന്നത്. കർക്കിടക മാസമെത്തിയാൽ സ്ത്രീകൾ ഭർത്തൃവീട്ടിൽ നിന്നും സ്വന്തം ഭവനത്തിലേക്ക് പോകുന്നു. സ്വന്തം വീട്ടിലെത്തിയാൽ പിന്നെ ആരോഗ്യത്തിനാണ് പ്രധാന ശ്രദ്ധ. അതുകൊണ്ട് അവരുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും മരുന്നായി ഇത് കാണപ്പെടുന്നു.
കർക്കിടക മാസത്തിൽ പൊതുവേ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കോരിച്ചൊരുയുന്ന പേമാരിയായിരിക്കും. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളും സാധാരണയേക്കാൾ കൂടുതലായിരിക്കും. ഉഴിച്ചിലും പിഴിച്ചിലും ആയുർവേദ സുഖചികിത്സയുമൊക്കെ നടത്തുന്ന സമയമാണ് കർക്കിടക മാസം. ഈ മാസത്തിൽ ഭക്ഷണത്തിലുമുണ്ട് ഒരുപാട് പ്രത്യേകത. കർക്കിടക കഞ്ഞിയാണ് ഇതിൽ പ്രധാനി. ഓരോ ദേശത്തും വ്യത്യസ്തമായ രീതിയിലും രുചികൂട്ടിലുമാണ് പലതരം കർക്കിടക വിഭവങ്ങൾ തയ്യാറാക്കുന്നത്.
എന്നാൽ നമ്മുടെ വടക്കൻ കേരളത്തിൽ പരമ്പരാഗതമായി കണ്ടുവരുന്ന ഒരു രുചികൂട്ടാണ് കോഴിമരുന്ന്. സ്ത്രീകൾക്ക് വേണ്ടി മാത്രമാണ് ഇവ തയ്യാറാക്കുന്നത് എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. പണ്ടുകാലത്തും ഇപ്പോഴും മിക്ക വീടുകളിലും ഏറ്റവും കൂടുതൽ പണി ചെയ്യുന്നത് സ്ത്രീകളാണ്. ഇന്നത്തെക്കാൾ യാതനകൾ അനുഭവിച്ചവരാണ് പണ്ടുള്ള സ്ത്രീകൾ. അതുകൊണ്ട് അവരുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും മരുന്നായി ഇത് കാണപ്പെടുന്നു.
കർക്കിടക മാസം വടക്കൻ കേരളത്തിലെ സ്ത്രീകൾക്ക് ദേഹരക്ഷാ കാലം കൂടിയാണ്. ചില ഉൾനാടൻ പ്രദേശങ്ങളിലാണ് ഈ ആചാരം നിലനിന്നിരുന്നത്. കർക്കിടക മാസമെത്തിയാൽ സ്ത്രീകൾ ഭർത്തൃവീട്ടിൽ നിന്നും സ്വന്തം ഭവനത്തിലേക്ക് പോകുന്നു. സ്വന്തം വീട്ടിലെത്തിയാൽ പിന്നെ ആരോഗ്യകാര്യമാണ് പ്രധാന ശ്രദ്ധ. കോഴിമരുന്ന് കഴിക്കാനുള്ള യാത്രയായി ഇതിനെ കണക്കാക്കുന്നു. മുട്ടയിടാറായ പിട കോഴികളെയാണ് സാധാരണ ഇതുണ്ടാക്കാൻ എടുക്കുന്നത്. ചില നാട്ടുമരുന്നുകളും ഒറ്റമൂലികളും പശുവിൻനെയ്യുമൊക്കെ ചേർത്ത് നല്ല പോഷകസമൃദ്ധമായി തയാറാക്കുന്ന ഭക്ഷണമാണ് കോഴിമരുന്ന്.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ആറുമാസം പ്രായമുള്ള നാടൻ പിടകോഴി കഷണങ്ങളാക്കി മുറിച്ച് അവയിലേക്ക് കുറുന്തോട്ടി വേരും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. (ഉപ്പ് ചേർക്കാൻ പാടില്ല)
കോഴിമസാല
സവാള ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
നെയ്യ്
നല്ലെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നെയ്യും നല്ലെണ്ണയും ഒഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, സവാള അരുഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഏകദേശം മൊരിഞ്ഞ് കഴിയുമ്പോൾ ഇതിലേക്ക് കോഴിമസാല പൊടിച്ച് ചേർത്ത് ചൂറ്റോറും ഇളക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന കോഴിയിറച്ചി ഇതിലേക്കിട്ട് വഴറ്റുക. ഉപ്പ് ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത. ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്. ശരീരബലത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും ഏറ്റവും നല്ല നാടൻ മരുന്നായി ഇതിനെ കാണുന്നു. സ്ഥലങ്ങൾ മാറുന്നതിന് അനുസരിച്ച് ഇതിലെ ചേരുവകളും മാറുന്നു.