MA Yusuff Ali Favorite Food: ജീവിതത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിലും എം.എ. യൂസഫലി സിമ്പിൾ;എവിടെ പോയാലും കഴിക്കാൻ ഇഷ്ടപ്പെടുന്നത് ഈ നാടൻ വിഭവങ്ങൾ
MA Yusuff Ali Favorite Food: ജീവിതത്തിൽ മാത്രമല്ല ഭക്ഷണകാര്യത്തിലും ഈ ലാളിത്യം കാത്ത് സൂക്ഷിക്കുന്നയാളാണ് യൂസഫലി. ഏത് നാട്ടിൽ പോയാലും താൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത് കേരളത്തിലെ നാടൻ വിഭവങ്ങളാണെന്നാണ് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
പ്രധാന വ്യവസായികളിൽ ഒരാളാണ് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. ലളിത ജീവിതം പിന്തുടരുന്ന യൂസഫലിയുടെ വിശേഷങ്ങൾ എന്നും ശ്രദ്ധയാകർഷിക്കാറുണ്ട്. എന്നാൽ ജീവിതത്തിൽ മാത്രമല്ല ഭക്ഷണകാര്യത്തിലും ഈ ലാളിത്യം കാത്ത് സൂക്ഷിക്കുന്നയാളാണ് യൂസഫലി. ഏത് നാട്ടിൽ പോയാലും താൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത് കേരളത്തിലെ നാടൻ വിഭവങ്ങളാണെന്നാണ് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ പോകുമ്പോൾ തനിക്ക് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഹോട്ടലുകളിൽ ലഭിക്കുന്ന ബ്രേക്ക്ഫാസ്റ്റിൽ കോൺഫ്ലേക്സ്, ബ്രെഡ്, ചീസ് അതിനൊപ്പമുണ്ടാകുന്ന പാല് പോലുള്ളവ തനിക്ക് ഇഷ്ടമല്ലെന്നും പുട്ട്, പഴം അല്ലെങ്കിൽ ഇഡ്‌ഡലി, സാമ്പാർ എന്നിവ കഴിക്കാനാണ് തനിക്ക് ഏറെയിഷ്ടമെന്നും യൂസഫലി പറയുന്നു. ഇഡ്‌ഡലിക്കൊപ്പമുള്ള സാമ്പാറിലെ പച്ചക്കറികൾ കൂടുതൽ കഴിക്കും. ഉപ്പുമാവ് കഴിക്കാനും ഇഷ്ടമാണെന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒരിക്കൽ താൻ ഇറ്റലിയിൽ എത്തിയപ്പോൾ മലയാളി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇറ്റലിയിലെ മിലാനിൽ താൻ എത്തിയതെന്നും അവിടെ നിന്ന് മലയാളികളുടെ ഒരു ഹോട്ടൽ കണ്ട് താൻ ചെന്നപ്പോൾ തനിക്ക് പുട്ടും പഴവും കഴിക്കാനായി നൽകിയെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. അന്ന് താൻ അവിടെ എത്തിയതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും ഫോട്ടോ എടുത്ത് ചുവരിൽ ഫ്രെയിം ചെയ്തു വയ്ക്കുകയും ചെയ്തു. പിന്നീട് നിരവധി മലയാളികൾ അവിടെ ഭക്ഷണം കഴിക്കാനായി എത്തിയെന്നാണ് അന്ന് യൂസഫലി പറഞ്ഞത്.
നാടൻ ഭക്ഷണം കഴിക്കാൻ ആണ് പ്രിയമെങ്കിലും വിദേശത്ത് ചെന്നാൽ അവിടുത്തെ ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല രാജ്യങ്ങളിലും തനിക്ക് സഹപ്രവർത്തകരുണ്ട്. അവരെല്ലാം മലയാളികൾ ആയതുകൊണ്ട് അവിടെ ചെന്നാൽ അവർ തനിക്കായി പുട്ട് ഉണ്ടാക്കി കൊണ്ടുവരും. അത് കഴിക്കുന്നത് ഏറെ സന്തോഷകരമാണെന്നും എം.എ. യൂസഫലി പറഞ്ഞിരുന്നു.