Onam 2024: ഓണത്തിന് കാളൻ ചേന ചേർത്ത് വച്ചാലോ?
Onam special Kalan: പണ്ടുകാലത്തെ ചേനയും ഏത്തക്കയും ചേർത്ത കുറുക്കുകാളൻ എങ്ങനെ തയ്യാറാക്കുമെന്ന് നോക്കിയാലോ?
കൊച്ചി: ഏത്തപ്പഴം ചേർത്ത് തയ്യാറാക്കുന്ന കാളൻ വളരെ സുലഭമാണ്. എന്നാൽ പണ്ടുകാലത്തെ ചേനയും ഏത്തക്കയും ചേർത്ത കുറുക്കുകാളൻ എങ്ങനെ തയ്യാറാക്കുമെന്ന് നോക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ
- ചേന 200 ഗ്രാംഏത്തക്ക ഒരു വലുത്
- പച്ചമുളക് അഞ്ചെണ്ണം
- നെയ്യ് രണ്ട് സ്പൂൺ
- മുളകുപൊടി ഒരു സ്പൂൺ
- കുരുമുളകുപൊടി ഒരു സ്പൂൺ
- ഉപ്പു-പാകത്തിന്
- തേങ്ങ ഒരു വലിയ മുറി
- തൈര് രണ്ടര കപ്പ് (നല്ല പുളിയുള്ളത്)
- കടുക് ഒരു ടീസ്പൂൺ
- ഉലുവ അര ടീസ്പൂൺ
- കറിവേപ്പില ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ചേന തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. ഏത്തക്ക തൊലി പൊളിച്ച് കളഞ്ഞ് നടുവേ പിളർന്ന ഇത്തിരി വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടും കൂടി കഴുകി ചട്ടിയിൽ വെക്കുക. ഇല്ലെങ്കിൽ ഓട്ട് ഉരുളിയിൽ വെച്ചാൽ നന്നായിരിക്കും. സാധാരണ കറി വയ്ക്കുന്ന പാത്രത്തിലിട്ട് പാചകം ചെയ്താലും തെറ്റില്ല. പച്ചമുളക് കീറി മഞ്ഞൾപ്പൊടി മുളകുപൊടി , ഒരു സ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടതിനുശേഷം ഒന്നര കപ്പ് വെള്ളവും കൂടി കൂട്ടി ഇളക്കി വേവിക്കുക.
ചേനയും കായും നന്നായി വെന്ത് അതിലെ വെള്ളം മുഴുവൻ വറ്റി തീരുന്നത് വരെ ഇളക്കുക. ഒരു സ്പൂൺ നെയ്യ് കൂടി ഒഴിക്കുക. ചേനയും കായും വേവുന്ന സമയത്ത് അരപ്പ് റെഡിയാക്കാം. ആ സമയം തേങ്ങയും ജീരകവും കൂടി ഇട്ട് അരക്കപ്പ് തൈരും കൂടി ഒഴിച്ച് നല്ല വെണ്ണ പോലെ അരയ്ക്കുക. നല്ലവണ്ണം വെള്ളം വറ്റിയതിനു ശേഷം ബാക്കിയുള്ള ഒന്നര കപ്പ് തൈര് പാകമായിരിക്കുന്ന കറിയിൽ ഒഴിച്ച് നന്നായി ഇളക്കി തൈര് തിളപ്പിച്ച് കുറുക്കി എടുക്കുക.
നമ്മുടെ ഈ കറി കുറുക്ക് കാളൻ എന്നും കട്ടിക്കാളൻ എന്നും പറയും. തൈര് ഒഴിച്ച് നന്നായിട്ട് ഇളക്കി തിളപ്പിച്ച് വറ്റിച്ച് നല്ലോണം പറ്റി ഒരു ഉരുള പോലെ ആയതിനു ശേഷം അതിലേക്ക് അരപ്പ് ഒഴിക്കുക. നന്നായി ഇളക്കി തേങ്ങയുടെ പച്ചമണം മാറുന്നതുവരെ ഇളക്കി വാങ്ങി വയ്ക്കാം. അതിലേക്ക് രണ്ടിതൾ പച്ചക്കറിവേപ്പില ഇട്ട് അടച്ചു വയ്ക്കാം.
ഇനി കടുക് താളിക്കുന്നതിന് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ചൂടായതിനു ശേഷം ഒരു സ്പൂൺ കടുകും അര സ്പൂൺ ഉലുവയും ചേർത്ത് പൊട്ടിക്കുക .അതിലേക്ക് മൂന്നു വറ്റൽമുളക് മുറിച്ചിടുക. അതിനുശേഷം കറിവേപ്പില ഇടുക. ഇത് വാങ്ങി വച്ചിരിക്കുന്ന കാളനിലേക്ക് ഒഴിക്കുക. പതുക്കെ മിക്സ് ചെയ്താൽ വളരെ നല്ല രുചിയുള്ള കുറുക്ക് കാളൻ തയ്യാർ.