Monsoon Farming Guide: മഴക്കാലത്തും കൃഷി നശിക്കില്ല, ധൈര്യമായി പച്ചക്കറി നട്ടോളൂ; ഇത്രയും ചെയ്താൽ മതി…
Kerala Monsoon Farming Guide : മഴക്കാലത്ത് കൃഷി നശിച്ചുപോകില്ലേ എന്ന ആശങ്ക ഉണ്ട്. എന്നാൽ കൃത്യമായ പരിചരണവും മുൻകരുതലുകളും സ്വീകരിച്ചാൽ രോഗങ്ങളെ തുരത്താനും നൂറ് മേനി വിളവ് ഉറപ്പാക്കാനും സാധിക്കും. മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞാലോ ....
കൊടുംവേനലിന് ശേഷമെത്തിയ കാലവർഷം മലയാളികൾക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും വലിയൊരു ആശങ്കയും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കർഷകർക്കാണ് മഴക്കാലം ടെൻഷൻ നൽകുന്നത്. ശക്തമായ മഴയും കാറ്റും കൃഷിയെ ബാധിക്കാൻ സാധ്യതയേറെയാണ്. ഇന്ന് വീട്ടുമുറ്റത്തും ടെറിസിലും ബാൽക്കണിയും അടുക്കളത്തോട്ടം ഒരുക്കുന്നവർ ധാരാളമാണ്. അവർക്കും മഴക്കാലത്ത് കൃഷി നശിച്ചുപോകില്ലേ എന്ന ആശങ്ക ഉണ്ട്. എന്നാൽ കൃത്യമായ പരിചരണവും മുൻകരുതലുകളും സ്വീകരിച്ചാൽ രോഗങ്ങളെ തുരത്താനും നൂറ് മേനി വിളവ് ഉറപ്പാക്കാനും സാധിക്കും. മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞാലോ….
മഴക്കാല കൃഷിയിൽ ശ്രദ്ധിക്കേണ്ടവ
മണ്ണൊരുക്കൽ
മഴക്കാല കൃഷിയിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് മണ്ണൊരുക്കലാണ്. മണ്ണിലെ അമ്ലത നിയന്ത്രിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുൻകരുതൽ എടുക്കുകയും വേണം. മഴക്കാലത്ത് മണ്ണിൽ അമ്ലക കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നടുന്നതിന് മുമ്പ് സെന്റിന് രണ്ട് കിലോ എന്ന തോതിൽ കുമ്മായമോ മറ്റും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ഇത് ചെടികൾക്ക് പോഷകങ്ങൾ വേഗത്തിൽ വലിച്ചെടുക്കാൻ സഹായിക്കും.
പച്ചക്കറികൾക്ക് വേണ്ട മുൻകരുതൽ
ഇന്ന് ടെറസിലും ബാൽക്കണിയിലുമൊക്കെ പച്ചക്കറികൾ കൃഷി ചെയ്യാറുണ്ട്. പാവൽ, പടവലം, തക്കാളി, മുളക് പോലുള്ള പച്ചക്കറി വിളകളെയാണ് മഴക്കാല രോഗങ്ങൾ കൂടുതലും ബാധിക്കുന്നത്. തടങ്ങളിൽ വെള്ളം കെട്ടി നിന്നാൽ വേര് ചീഞ്ഞ് പോവുകയും ചെടികൾ നശിക്കുകയും ചെയ്യും. ഇലപ്പുള്ളിയും മറ്റൊരു വെല്ലുവിളിയാണ്.
ഇതിന് പരിഹാരമായി തടങ്ങളിൽ നിന്ന് വെള്ളം വാർന്ന് പോകാൻ ഓടകൾ കീറേണ്ടതാണ്. പടരുന്ന പച്ചക്കറികൾക്ക് ശക്തമായ പന്തൽ ഒരുക്കണം. കൂടാതെ ഇലകളെയും ചെടിയേയും ബാധിക്കുന്ന രോഗാണുക്കളെ തടയാനും മറക്കരുത്.ആഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് വെള്ളത്തിൽ കലക്കി തളിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.
ALSO READ: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…
കുരുമുളക് കൃഷി
കുരുമുളകിന് മൺസൂൺ കാലം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ദ്രുതവാട്ടം എന്ന ഫംഗസ് രോഗം പടരുന്നത് ഇക്കാലത്താണ്. ഇവ പരിഹരിക്കുന്നതിനായി കുരുമുളക് കൊടിയുടെ ചുവട്ടിൽ ഒട്ടും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. തോട്ടത്തിൽ വെളിച്ചം വീഴാൻ പാകത്തിന് താങ്ങുമരങ്ങളുടെ ചില്ലകൾ വെട്ടി മാറ്റണം. ട്രൈക്കോഡെർമ ചേർത്ത ജൈവവളം നൽകുന്നത് നല്ലതാണ്.
വാഴകൾ താങ്ങും രോഗനിയന്ത്രണവും
മഴക്കാലത്തെ ശക്തമായ കാറ്റും വെള്ളക്കെട്ടും വാഴക്കൃഷിക്ക് വെല്ലുവിളി ഉയർത്തും. അതിനാൽ, കുലച്ചതും കുലക്കാറായതുമായ വാഴകൾക്ക് മുളയോ മറ്റ് ബലമുള്ള കമ്പുകളോ ഉപയോഗിച്ച് താങ്ങുകൾ നൽകേണ്ടത് അത്യാവശ്യമാണ്. ഇലകളിൽ പുള്ളികൾ കാണുന്ന ‘സിഗട്ടോക’ രോഗം ബാധിച്ച ഇലകൾ ഉടൻ തന്നെ മുറിച്ചുമാറ്റി നശിപ്പിക്കുക. അതുപോലെ വാഴത്തടത്തിന് ചുറ്റും വെള്ളം കെട്ടിനിൽക്കാതെയും പരിപാലിക്കേണ്ടതാണ്.
തെങ്ങ് പരിപാലനം
തെങ്ങിന്റെ മണ്ടയിൽ വെള്ളം തങ്ങി നിന്ന് കൂമ്പ് ചീയൽ, മണ്ടയഴുകൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അതിനാൽ, രോഗബാധ തടയാൻ തെങ്ങിൻ മണ്ടയിൽ ബോർഡോ മിശ്രിതം തളിക്കുകയോ പെറോക്സൈഡ് ഗുളികകൾ വെച്ചുകൊടുക്കുകയോ ചെയ്യാം.
കിഴങ്ങുവിളകൾ
ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ നടാൻ അനുയോജ്യമായ സമയമാണിത്. ഇഞ്ചിയിലും മഞ്ഞളിലും നടുന്നതിന് മുമ്പ് വിത്ത് ചികിത്സ നടത്തുന്നത് വഴി ദ്രവിച്ചുപോകുന്നത് തടയാം.
English Summary:
Kerala Monsoon Farming Guide. Farmers are advised to prepare the soil before the monsoon by reducing acidity with lime or dolomite and ensuring good drainage to prevent waterlogging and root rot. Crops well-suited for the season include ginger, turmeric, yam, colocasia, okra, beans, brinjal and green chilli.