5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണത്തിന് ഒരു കിടിലൻ പരിപ്പ് കറി തയ്യാറാക്കിയാലോ?

How to Make Parippu Curry Recipe: പരിപ്പ് കറിയില്ലാതെ എന്ത് സദ്യ, അല്ലെ? എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എന്നാൽ രുചികരമായതുമായ കറിയാണ് പരിപ്പ് കറി. ഇത്തവണ ഈ രീതിയിൽ ഒരു പരിപ്പ് കറി തയ്യാറാക്കി നോക്കിയാലോ.

Onam 2024: ഓണത്തിന് ഒരു കിടിലൻ പരിപ്പ് കറി തയ്യാറാക്കിയാലോ?
പരിപ്പ് കറി (Image Courtesy: Social Media)
Follow Us
nandha-das
Nandha Das | Updated On: 04 Sep 2024 13:38 PM

ഓണസദ്യ കഴിച്ചു തുടങ്ങുന്നത് തന്നെ പരിപ്പും നെയ്യും കൂട്ടിയാണ്. പരിപ്പ് കറിക്ക് ശേഷമാണ് സാമ്പാർ, രസം, മോര് എന്നിങ്ങനെ കറികൾ ഒഴിച്ച് ചോറുണ്ണുന്നത്. പരിപ്പ് ആരോഗ്യത്തിനും വളരെ നല്ലതാണ്. പരിപ്പ് ഉയർന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചെറുപയർ പരിപ്പ് – അര കപ്പ്
തേങ്ങ
മഞ്ഞൾപ്പൊടി
ഉപ്പ്
കറിവേപ്പില
ജീരകം
പച്ചമുളക്
ചുവന്നുള്ളി
വെളുത്തുള്ളി
നെയ്യ്
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
വെള്ളം

ALSO READ: ഇത്തവണ ഓണസദ്യക്ക് കൂടുതൽ മാധുര്യമേകാം; കോവിലകം സ്റ്റൈൽ മാമ്പഴപ്പുളിശ്ശേരി, ഉറപ്പായിട്ടും നാവിൽ വെള്ളമൂറും

തയ്യാറാക്കുന്ന വിധം

ഒരു പാൻ എടുത്ത് അതിലേക്ക് അര കപ്പ് ചെറുപയർ പരിപ്പ് ചേർത്ത് കൊടുത്ത് ചെറുതായൊന്ന് വറുത്തെടുക്കാം (റോസ്സ്റ്റ് ചെയ്തെടുക്കാം). പരിപ്പിന്റെ നിറം മാറുന്നത് വരെ വറുത്തെടുക്കരുത്, ചെറുതായൊന്ന് മൂത്ത് നല്ല മണം വന്ന് തുടങ്ങുമ്പോൾ തീയണയ്ക്കാം. ഇനി വറുത്തെടുത്ത പരിപ്പ് നന്നായൊന്ന് കഴുകി എടുക്കാം. ഒരു കുക്കർ എടുത്ത് അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കഴുകിവെച്ച ചെറുപയർ പരിപ്പ് കൂടെ ചേർത്ത് കൊടുക്കാം. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, കുറച്ച് കറിവേപ്പില, ഒരു ടീസ്പൂൺ നെയ്യ് എന്നിവ കൂടെ ചേർത്ത് കൊടുത്ത് കുക്കർ അടച്ചു വെച്ച് നന്നായി വേവിച്ചെടുക്കുക. ഹൈ ഫ്ലെയിമിൽ വേവിക്കാൻ വെച്ച് ഒരു വിസിൽ വന്നു കഴിയുമ്പോൾ ലോ ഫ്ലെയിമിലിട്ട് ഒരു പത്ത് മിനിറ്റ് കൂടെ വേവിച്ചെടുത്ത ശേഷം കുക്കറിലെ പ്രഷർ പോവാനായി മാറ്റിവെക്കാം.

ഈ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കി എടുക്കാം. അതിനായി മിക്സിടെ ജാർ എടുത്ത് അതിലേക്ക് അര കപ്പ് തേങ്ങ, അര ടീസ്പൂൺ ജീരകം, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, രണ്ട് പച്ചമുളക്, വെളുത്തുള്ളി രണ്ടെണ്ണം, ആവശ്യത്തിന് വെള്ളം കൂടെ ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കുക. കുറച്ച് തരികൾ ഉള്ളപോലെ അരച്ചെടുക്കുന്നത് നല്ലതായിരിക്കും. ശേഷം, കുക്കർ തുറന്നൊന്നു ചൂടാക്കാൻ അടുപ്പിൽ വയ്ക്കാം. പരിപ്പിലെ വെള്ളം വറ്റിയിട്ടുണ്ടാവും, അതിനാൽ ഗ്രേവിക്കാവശ്യമായ വെള്ളം ചേർത്ത് കൊടുക്കാം. ഇരിക്കുന്തോറും പരിപ്പിനു കട്ടികൂടും, അത് കണക്കിലെടുത്ത് വേണം വെള്ളം ചേർക്കാൻ. കറി തിളക്കാൻ തുടങ്ങുമ്പോൾ അരപ്പ് ചേർത്തു കൊടുക്കാം. അരപ്പിന്റെ പച്ചമണം ഒന്ന് മാറികിട്ടിയാൽ മതി, അതിനായി ചെറുതായൊന്ന് ചൂടാക്കിയെടുത്താൽ മതിയാകും. ശേഷം കറി അടുപ്പിൽ നിന്നും വാങ്ങാം.

ഇനി കറി തളിക്കാനായി മറ്റൊരു പാത്രം ചൂടാക്കാൻ വയ്ക്കാം. അതിലേക്ക് രണ്ടര ടീസ്പൂൺ നെയ്യും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ഇടാം. കടുക് പൊട്ടി തുടങ്ങുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും, രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് നന്നായി വറുത്തെടുക്കുക. ചെറുതായൊന്ന് നിറം മാറി തുടങ്ങുമ്പോൾ കുറച്ച് കറിവേപ്പിലയും, വറ്റൽ മുളക് കീറിയതും കൂടെ ചേർത്ത് നന്നായി ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. ശേഷം താളിച്ചത് കറിയിലേക്ക് ചേർത്ത് അഞ്ച് മിനിറ്റ് മൂടി വയ്ക്കുക. സ്വാദിഷ്ഠവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പരിപ്പ് കറി തയ്യാർ.

 

Latest News