Onam 2025: കുട്ടിയും കോലും കുമ്മാട്ടിയും മാത്രമല്ല, കേട്ടിട്ടുപോലുമില്ലാത്ത ഓണക്കളികൾ വേറെയുണ്ട്
Onam 2025 Kalikal: ആധുനിക കാലത്തിന്റെ തിരക്കില്‍ മറഞ്ഞുതുടങ്ങിയ ചില പരമ്പരാഗത ഓണക്കളികളെ പരിചയപ്പെടാം.
ഓണക്കാലം വിളവെടുപ്പിന്റെയും ഒത്തുചേരലിന്റെയും മാത്രമല്ല, കളികളുടെയും കൂടി ആഘോഷമാണ്. ആധുനിക കാലത്തിന്റെ തിരക്കില്‍ മറഞ്ഞുതുടങ്ങിയ ചില പരമ്പരാഗത ഓണക്കളികളെ പരിചയപ്പെടാം.
കരിയിലമാടന്‍ (തോലുമാടന്‍)
കുമ്മാട്ടി, പുലിക്കളി എന്നിവയെപ്പോലെ ഓണത്തിന് വേഷം കെട്ടി വീടുകള്‍ തോറും കയറിയിറങ്ങുന്ന ഒരു വിനോദമാണ് കരിയിലമാടന്‍കെട്ടല്‍. ഉണങ്ങിയ വാഴയിലകള്‍ ശരീരത്തില്‍ മുഴുവന്‍ പൊതിഞ്ഞ്, മുഖം പോലും മറച്ച് കുട്ടികളാണ് സാധാരണയായി ഈ വേഷം കെട്ടുന്നത്. ഓണത്തിന്റെ സന്തോഷം പങ്കുവെച്ച് വീടുകളിലെത്തുന്ന കരിയിലമാടന്‍, വീട്ടുകാരെ രസിപ്പിച്ച് സമ്മാനങ്ങള്‍ വാങ്ങി മടങ്ങുന്നു.
കുട്ടിയും കോലും
ക്രിക്കറ്റിന്റെ ആദിമ രൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നാടന്‍ കളിയാണ് കുട്ടിയും കോലും. ഏകദേശം രണ്ടടി നീളമുള്ള ഒരു വടിയും, അതിലും ചെറിയ മറ്റൊരു വടിയുമാണ് ഈ കളിക്കാവശ്യം. ചെറിയ വടി നിലത്ത് വെച്ച് വലിയ വടി ഉപയോഗിച്ച് അടിച്ച് മുകളിലേക്ക് ഉയര്‍ത്തുന്നു. ഇത് താഴെ വീഴും മുമ്പ് വീണ്ടും ശക്തിയായി അടിച്ചു ദൂരത്തേക്ക് തെറിപ്പിക്കുകയാണ് കളിയുടെ രീതി. എതിര്‍ ടീം ഇത് നിലത്ത് വീഴും മുമ്പ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു.
കുമ്മാട്ടിക്കളി
തൃശ്ശൂരിന്റെ ഓണാഘോഷങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കുമ്മാട്ടിക്കളി. തൃശ്ശൂരിന് പുറമെ പാലക്കാട്, വയനാട് ജില്ലകളിലും ഈ കലാരൂപം പ്രചാരത്തിലുണ്ട്. അവിടെ വിളവെടുപ്പ് ഉത്സവങ്ങളുടെ ഭാഗമായാണ് കുമ്മാട്ടിക്കളി നടത്താറ്. വ്യത്യസ്തതരം വേഷങ്ങളും മുഖം മൂടികളും ധരിച്ച് വീടുകള്‍ സന്ദര്‍ശിച്ചാണ് കുമ്മാട്ടികള്‍ നൃത്തം ചെയ്യുന്നത്.
ശവംകളി & തലപ്പന്തുകളി
കബഡിയുടെ പ്രാചീന രൂപമെന്ന് കരുതുന്ന ഒരു കളിയാണ് ശവംകളി. ഒരു കളിക്കാരന്‍ കബഡി പറഞ്ഞ് എതിര്‍ ടീമിന്റെ ഭാഗത്തേക്ക് കയറി പോകുന്നു. എതിരാളികള്‍ അയാളെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും, അയാള്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യും. ഒടുവില്‍ അയാള്‍ ‘ചത്തു’ എന്ന് പറയുന്നതുവരെ എതിരാളികള്‍ അയാളെ തടഞ്ഞുനിര്‍ത്തുന്നു.
ഓണപ്പന്ത് എന്നും അറിയപ്പെടുന്ന തലപ്പന്തുകളി ഓണക്കാലത്തെ മറ്റൊരു പ്രധാന വിനോദമാണ്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഈ കളി നടത്തുന്നത്. ഒരു കൂട്ടര്‍ പന്ത് കളിക്കുകയും മറ്റേ കൂട്ടര്‍ അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലും ഈ കളിയില്‍ ഏര്‍പ്പെടാറുണ്ട്.
ഈ കളികള്‍ ഒരു കാലത്ത് ഓണാഘോഷങ്ങള്‍ക്ക് നിറം നല്‍കിയവയായിരുന്നു. തലമുറകളായി കൈമാറിവന്ന ഈ കളികള്‍ ഗ്രാമങ്ങളുടെ കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും അടയാളങ്ങള്‍ കൂടിയാണ്.