AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Achappam Recipe: കാലങ്ങളോളം കേടുകൂടാതെ ഇരിക്കും, ക്രിസ്മസ് സ്പെഷ്യൽ അച്ചപ്പത്തിനു രുചികൂട്ടാനുള്ള നാട്ടറിവുകൾ

Long-Lasting Christmas Special Achappams: ഇരുമ്പ് കൊണ്ടോ പിച്ചള കൊണ്ടോ ഉണ്ടാക്കിയ പ്രത്യേക 'അച്ചുകൾ' ആണ് ഇതിന്റെ ആകൃതി നിർണ്ണയിക്കുന്നത്. കാലങ്ങളോളം കോടുവരാതെ ഇരിക്കാനും രുചി കൂട്ടാനുമുള്ള ചില പൊടിക്കൈകൾ ഏതൊക്കെ എന്നു നോക്കാം.

Achappam Recipe: കാലങ്ങളോളം കേടുകൂടാതെ ഇരിക്കും, ക്രിസ്മസ് സ്പെഷ്യൽ അച്ചപ്പത്തിനു രുചികൂട്ടാനുള്ള നാട്ടറിവുകൾ
AchappamImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 19 Dec 2025 17:41 PM

നക്ഷത്രങ്ങളും പുൽക്കൂടും ഒരുങ്ങുന്നതിനൊപ്പം തന്നെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ ക്രിസ്മസ് ഒരുക്കങ്ങൾ അടുക്കളയിലേക്കും വ്യാപിക്കുകയാണ്. ക്രിസ്മസ് പലഹാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അച്ചപ്പം. വിദേശങ്ങളിൽ ‘റോസ് കുക്കീസ്’ എന്ന് അറിയപ്പെടുന്ന ഈ പലഹാരം ഇന്നും തനിമ ചോരാതെ മലയാളികൾക്കിടയിലുണ്ട്.

അരിപ്പൊടിയും തേങ്ങാപ്പാലും മുട്ടയും ചേർത്തുള്ള ലളിതമായ ചേരുവകളാണ് അച്ചപ്പത്തിന് ഉപയോഗിക്കുന്നതെങ്കിലും, ഇത് പാകപ്പെടുത്തിയെടുക്കുക എന്നത് ഒരു കലയാണ്. ഇരുമ്പ് കൊണ്ടോ പിച്ചള കൊണ്ടോ ഉണ്ടാക്കിയ പ്രത്യേക ‘അച്ചുകൾ’ ആണ് ഇതിന്റെ ആകൃതി നിർണ്ണയിക്കുന്നത്. കാലങ്ങളോളം കോടുവരാതെ ഇരിക്കാനും രുചി കൂട്ടാനുമുള്ള ചില പൊടിക്കൈകൾ ഏതൊക്കെ എന്നു നോക്കാം.

നാട്ടറിവുകൾ

 

വായു കടക്കാത്ത പാത്രങ്ങളിൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് അച്ചപ്പത്തിന്റെ പ്രധാന ഗുണം. ചിലർ ഇതിൽ എള്ളാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റു ചിലർ പെരുംജീരകമോ കരിഞ്ചീരകമോ ചേർത്ത് ഇതിന്റെ രുചി വർദ്ധിപ്പിക്കുന്നു. മറ്റ് പലഹാരങ്ങളെ അപേക്ഷിച്ച് മധുരം കുറവായതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഇത് പ്രിയപ്പെട്ടതാണ് ഇത്.

Also read – സാന്റാക്ലോസിനു ഭാര്യയോ? സാന്റയെ ഉപദേശിക്കുന്ന വാത്സല്യനിധിയായ മിസിസ് ക്ലോസ് ആരാണ്?

വീടുകളിൽ മാത്രമല്ല, ക്രിസ്മസ് കാലത്തെ ബേക്കറി വിപണിയിലും അച്ചപ്പത്തിന് ആവശ്യക്കാർ ഏറെയാണ്. വീട്ടിലുണ്ടാക്കുന്ന തനത് രുചിയുള്ള അച്ചപ്പങ്ങൾക്കായി കുടുംബശ്രീ യൂണിറ്റുകളിലും മറ്റും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുട്ട ചേർക്കാത്ത ‘വെജിറ്റേറിയൻ അച്ചപ്പങ്ങളും’ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

 

തയ്യാറാക്കുന്ന വിധം

 

  • ഒരു വലിയ പാത്രത്തിൽ തേങ്ങാപ്പാൽ എടുക്കുക. ഇതിലേക്ക് അരിപ്പൊടി അരിച്ചെടുത്തത് സാവധാനം ചേർത്ത് കട്ടകെട്ടാതെ നന്നായി ഇളക്കി യോജിപ്പിക്കുക.
  • മറ്റൊരു പാത്രത്തിൽ മുട്ട നന്നായി അടിച്ചെടുക്കുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് ചേർക്കുക.
  • ഇതിലേക്ക് പൊടിച്ച പഞ്ചസാര അല്പ്പാല്പ്പമായി ചേർത്ത് ഇലക്ട്രിക് ബ്ലെൻഡറോ സ്പാറ്റുലയോ ഉപയോഗിച്ച് കട്ടകളില്ലാതെ നല്ല മയമുള്ള മാവാക്കിയെടുക്കുക.
  • മാവ് അധികം കട്ടിയുള്ളതോ വെള്ളം പോലെയോ ആകരുത്. കട്ടി കൂടുതലാണെങ്കിൽ അല്പം കൂടി തേങ്ങാപ്പാൽ ചേർക്കാം. ഇതിലേക്ക് പെരുംജീരകവും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക.
  • ചുവട് കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ അച്ചപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കി ഒരു മിനിറ്റ് വെക്കുക. അച്ച് നന്നായി ചൂടാകണം.
  • ചൂടായ അച്ച് മാവിൽ മുക്കുക. ശ്രദ്ധിക്കുക, അച്ചിന്റെ മുക്കാൽ ഭാഗം മാത്രമേ മാവിൽ മുങ്ങാവൂ. എങ്കിൽ മാത്രമേ എണ്ണയിൽ ഇടുമ്പോൾ അത് വിട്ടു പോരുകയുള്ളൂ.
  • മാവ് പറ്റിപ്പിടിച്ച അച്ച് തിരികെ എണ്ണയിൽ മുക്കിപ്പിടിക്കുക. ഒന്ന് രണ്ട് മിനിറ്റിനുള്ളിൽ മാവ് വെന്ത് അച്ചിൽ നിന്ന് തനിയെ വിട്ടു വരും. അച്ചപ്പം സ്വർണ്ണനിറമാകുമ്പോൾ കോരിയെടുക്കാം.
  • വറുത്തെടുത്ത അച്ചപ്പങ്ങൾ ടിഷ്യു പേപ്പറിലോ കിച്ചൺ ടവലിലോ വെച്ച് അധികമുള്ള എണ്ണ കളയുക.