Viral TMJ dislocation: വായ തുറന്നാൽ അടയ്ക്കാനാവില്ല… വേദന, സംസാരിക്കാനും വയ്യ, വീഡിയോകളിലൂടെ വൈറലായ രോഗമിതാണ്?
TMJ Dislocation Goes: കോട്ടുവായ ഇടുക, പൊട്ടിച്ചിരിക്കുക, അല്ലെങ്കിൽ പാനിപൂരി കഴിക്കുന്നതുപോലെ വായ കൂടുതലായി വികസിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഇങ്ങനെ സംഭവിക്കാം. താടിയെല്ലിനോട് അനുബന്ധമായ ലിഗ്മെന്റുകൾ അയയുന്നതോ മസിലുകൾക്കുമേൽ അമിത സമ്മർദ്ദമുണ്ടാകുന്നതോ ഇതിന് കാരണമായേക്കാം.
ലഖ്‌നൗ: കോട്ടുവായിട്ടശേഷം വായ അടയ്ക്കാനാവാതെ തീവണ്ടി യാത്രക്കാരൻ ബുദ്ധിമൂട്ടിയ സംഭവം അടുത്തിടെ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ഇതിനു സമാനമായി മറ്റൊരു സംഭവം കൂടി അടുത്തിടെ നടന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതിയ്ക്ക് പാനിപൂരി കഴിക്കാനായി വായ തുറന്നതിനുശേഷം അടയ്ക്കാൻ കഴിയാതെ വന്നു. തുടർന്ന് യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. പിന്നീട് ചിച്ചോലി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ദന്തരോഗവിദഗ്ധൻ്റെ മേൽനോട്ടത്തിൽ താടിയെല്ല് പഴയപടി ആക്കുകയും ചെയ്തു. എന്താണ് ഈ പ്രശ്നത്തിനു പിന്നിലെ കാരണം…. നോക്കാം
‘ജോയിന്റ് ലോക്ക്’
യുവതിക്ക് സംഭവിച്ചത് കീഴ്ത്താടിയെല്ലിന്റെ ‘ബോൾ-ആൻഡ്-സോക്കറ്റ്’ സന്ധി അതിൻ്റെ സാധാരണ സ്ഥാനത്തുനിന്ന് തെന്നിപ്പോകുന്ന അവസ്ഥയാണ്. ഇതിനെ വൈദ്യശാസ്ത്രത്തിൽ ‘ടെമ്പോറോമാൻഡിബുലാർ ജോയിന്റ് ഡിസ്ലൊക്കേഷൻ’ അഥവാ ‘ജോയിന്റ് ലോക്ക്’ അല്ലെങ്കിൽ ‘ഓപൺ ലോക്ക്’ എന്നും പറയുന്നു. ടി.എം.ജെ ഡിസ് ലൊക്കേഷൻ സംഭവിച്ചാൽ വായ തുറന്ന അവസ്ഥയിൽ ലോക്ക് ആവുക, കഠിനമായ വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.
കോട്ടുവായ ഇടുക, പൊട്ടിച്ചിരിക്കുക, അല്ലെങ്കിൽ പാനിപൂരി കഴിക്കുന്നതുപോലെ വായ കൂടുതലായി വികസിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഇങ്ങനെ സംഭവിക്കാം. താടിയെല്ലിനോട് അനുബന്ധമായ ലിഗ്മെന്റുകൾ അയയുന്നതോ മസിലുകൾക്കുമേൽ അമിത സമ്മർദ്ദമുണ്ടാകുന്നതോ ഇതിന് കാരണമായേക്കാം.
Also read – പ്രത്യുത്പാദനശേഷിയും മുരിങ്ങക്കായയും തമ്മിലെന്ത് ബന്ധം?
ചികിത്സ
സാധാരണയായി ഡോക്ടർക്ക് കൈകൊണ്ട് സന്ധിയെ പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കും. എന്നാൽ ഗുരുതരമായ സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
മുൻകരുതലെടുക്കാം
ഇത്തരമൊരു അവസ്ഥ ഉണ്ടായാൽ പേടിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ശക്തമായി വായ അടക്കാൻ സ്വയം ശ്രമിക്കരുത്. ഉടൻതന്നെ ഒരു ഡോക്ടറുടെയയോ ദന്തരോഗ വിദഗ്ധൻ്റെയൊ സഹായം തേടണം. മുഖാസ്ഥിയുടെ ജോയന്റിൽ വേദനയോ ‘ടക്, ടക്’ ശബ്ദമോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അങ്ങനെയുള്ളവർ പാടുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കൂടുതൽ വായ തുറക്കാതിരിക്കാൻ ശ്രദ്ധിക്കുക. കട്ടിയുള്ള ആഹാരം കടിച്ചുപൊട്ടിച്ചു കഴിക്കുമ്പോളും ശ്രദ്ധ നൽകണം. കോട്ടുവായ ഇടുമ്പോൾ താടിയെല്ലിന് ഒരു ചെറിയ സപ്പോർട്ട് നൽകുന്നത് നല്ലതാണ്.