FASTag Annual Pass: ഒരു ടോൾ പ്ലാസ കടക്കാൻ വെറും 15 രൂപ, ഫാസ്ടാഗ് വാര്‍ഷിക പാസ് നാളെ മുതല്‍, എങ്ങനെ സ്വന്തമാക്കാം?
FASTag Annual Pass: വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് ലഭിച്ചശേഷം അവ ഉപയോഗിക്കാതിരുന്നാല്‍ പണം തിരികെ ലഭിക്കില്ല. അതിനാല്‍ സ്ഥിരമായ ടോള്‍ റോഡിലൂടെ യാത്ര ചെയ്യുന്നവരും, രാജ്യത്തുടനീളം ദീര്‍ഘദൂര യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരും മാത്രം ഇതെടുത്താൽ മതിയാകും.
സ്വാതന്ത്ര്യദിന സമ്മാനവുമായി സർക്കാർ. നാളെ മുതൽ വാര്‍ഷിക ഫാസ്റ്റ് ടാഗ് പദ്ധതി നടപ്പിലാക്കുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. സ്ഥിര യാത്രക്കാര്‍ക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കില്‍ ഒരു വര്‍ഷ കാലാവധി അനുവദിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാലോ…
ഫാസ്ടാഗ് വാർഷിക പാസ്
രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സുഗമമാക്കുന്നതിനായുള്ള വാർഷിക പാസ് സംവിധാനമാണിത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയ പാതകളിലാണ് ടോൾ നികുതി അടയ്ക്കുന്നതിൽ പ്രധാന മാറ്റം വരാൻ പോകുന്നത്. ഒരു വർഷത്തേക്ക് 3,000 രൂപ എന്ന നിരക്കിലാണ് ഫാസ്ടാഗ് പാസിന്റെ വില. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ യാത്ര ചെയ്യാം.
വാർഷിക പാസിന് വർഷത്തിൽ ഒന്നിലധികം തവണ ഫാസ്‌ടാഗ് അക്കൗണ്ടുകൾ റീചാർജ് ചെയ്യേണ്ട ആവശ്യമില്ല, അങ്ങനെ പതിവായി ഹൈവേ ഉപയോഗിക്കുന്നവർക്ക് ടോൾ പേയ്‌മെന്റുകൾ ഇവ ലളിതമാക്കുന്നു. വെറും 15 രൂപയ്ക്ക് (3000/ 200) ഒരു ടോള്‍ പ്ലാസ കടക്കാനുള്ള സൗകര്യവും ലഭിക്കുന്നു. വാഹനത്തിന്റെ ഭാരമോ, തരമോ പ്രശ്‌നമാകില്ല.
എങ്ങനെ ലഭിക്കും?
ഈ പാസ് നിലവിലുള്ള ഫാസ്റ്റ് ടാഗുമായി സംയോജിച്ച് പ്രവർത്തിക്കുന്നതിനാൽ പുതിയ ഫാസ്ടാഗുകള്‍ വാങ്ങേണ്ടതില്ല. നിലവിലെ ഫാസ്ടാഗ് നാഷണല്‍ ഹൈവേ യാത്ര ആപ്പിലോ, NHAI വെബ്സൈറ്റിലോ കയറി വാര്‍ഷിക പാസിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യാം. നിങ്ങളുടെ വാഹനം വാര്‍ഷിക പാസിന് യോഗ്യണമാണെങ്കില്‍ അക്കാര്യം നിങ്ങളെ അറിയിക്കും , തുടർന്ന് നിങ്ങള്‍ 3,000 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. പേയ്മെന്റ് നടത്തി രണ്ട് മണിക്കൂറിനുള്ളില്‍ വാര്‍ഷിക പാസ് സജീവമാകും.
ALSO READ: ഓണത്തിന് കളറാകാൻ കെഎസ്ആർടിസി; പുത്തൻ ബസുകൾ എത്തി, ഇനി യാത്ര ക്ലാസാകും
അതേസമയം വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് ലഭിച്ചശേഷം അവ ഉപയോഗിക്കാതിരുന്നാല്‍ പണം തിരികെ ലഭിക്കില്ല. അതിനാല്‍ സ്ഥിരമായ ടോള്‍ റോഡിലൂടെ യാത്ര ചെയ്യുന്നവരും, രാജ്യത്തുടനീളം ദീര്‍ഘദൂര യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരും മാത്രം ഇതെടുത്താൽ മതിയാകും. 200 യാത്രകള്‍ കഴിയുമ്പോൾ വീണ്ടും 3,000 രൂപ അടച്ച് പാസ് പുതുക്കാം.
യോഗ്യതാ മാനദണ്ഡം
ഫാസ്ടാഗ് വാർഷിക പാസിന് യോഗ്യത നേടുന്നതിന്, ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
വാഹനത്തിലെ നിലവിലുള്ള ഫാസ്റ്റ് ടാഗ് സജീവമായിരിക്കണം കൂടാതെ ഏതെങ്കിലും ലംഘനങ്ങൾ അല്ലെങ്കിൽ കുടിശ്ശിക കാരണം കരിമ്പട്ടികയിൽ പെടുത്തിയിരിക്കരുത്.
ഫാസ്റ്റ് ടാഗ് വാഹനത്തിന്റെ വിൻഡ്‌ഷീൽഡിൽ ശരിയായി ഘടിപ്പിച്ചിരിക്കണം, ഇത് ടോൾ പ്ലാസകളിൽ പ്രശ്‌നങ്ങളില്ലാതെ സ്കാൻ ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
വാഹന രജിസ്ട്രേഷൻ നമ്പർ (VRN) ഫാസ്ടാഗ് അക്കൗണ്ടുമായി ശരിയായി ലിങ്ക് ചെയ്തിരിക്കണം. ടോൾ പിരിവ് സമയത്ത് സുഗമമായ പരിശോധനയ്ക്ക് ഈ ലിങ്കേജ് അനുവദിക്കുന്നു.
സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമേ പാസ് ലഭ്യമാകൂ. വാണിജ്യ വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയ്ക്ക് ഈ പ്രീപെയ്ഡ് വാർഷിക പാസിന് അർഹതയില്ല.
വഞ്ചനാപരമായ പ്രവർത്തനങ്ങളോ നിയമലംഘനങ്ങളോ കാരണം ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത അക്കൗണ്ടുകൾക്ക് പാസ് ലഭിക്കില്ല.