Taj Mahal: മാലിന്യത്തിൽ ചുറ്റപ്പെട്ട് താജ് മഹൽ; വീഡിയോയുമായി വിദേശ സഞ്ചാരികൾ
Pollution Near Taj Mahal: രണ്ട് പോളിഷ് സഞ്ചാരികൾ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ താജ്മഹലിന് ചുറ്റും, പ്രത്യേകിച്ച് യമുന നദീതീരങ്ങൾക്ക് സമീപം മാലിന്യങ്ങൾ ചിതറികിടക്കുന്നതായി കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ആഗോളതലത്തിൽ വരെ ഈ വിഷയം ചർച്ചയായിരിക്കുകയാണ്.
പ്രണയസ്മാരകം എന്ന് പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുക താജ് മഹലാണ്. മുംതാസിൻ്റെ ഓർമ്മയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ തീർത്ത വെള്ളാരംക്കല്ലുകൾ കൊണ്ടുള്ള ഈ സ്മാരകം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. നൂറ്റാണ്ടുകൾക്ക് മുമ്പ് പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് താജ്മഹലിന്റെ പണി പൂർത്തിയാക്കിയത്.
എന്നാൽ ഇന്നീ വെള്ളാരം കല്ലുകൾക്ക് മങ്ങലേറ്റിരിക്കുന്നു. കാരണം ചുറ്റം മാലിന്യങ്ങളാൽ മൂടപ്പെട്ട അവസ്ഥയിലാണ് താജ് മഹൽ. ഇത് ചൂണ്ടികാണിച്ചതാകട്ടെ വിദേശ വിനോദ സഞ്ചാരികളും. താജ് മഹലിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൻ്റെ വിഡിയോയുമായെത്തിയിരിക്കുകയാണ് പോളിഷ് സഞ്ചാരികൾ. നാണക്കേടിലുപരി ചരിത്ര സ്മാരകങ്ങൾ നശിച്ചുകൊണ്ടിരിക്കുകയ ആണെന്ന സത്യമാണ് നാം തിരിച്ചറിയേണ്ടത്.
രണ്ട് പോളിഷ് സഞ്ചാരികൾ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ താജ്മഹലിന് ചുറ്റും, പ്രത്യേകിച്ച് യമുന നദീതീരങ്ങൾക്ക് സമീപം മാലിന്യങ്ങൾ ചിതറികിടക്കുന്നതായി കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ആഗോളതലത്തിൽ വരെ ഈ വിഷയം ചർച്ചയായിരിക്കുകയാണ്. രാജ്യത്തിൻ്റെ ശുചിത്വമില്ലായ്മ ചൂണ്ടികാട്ടി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
@podroznikdowynajecia എന്ന വ്ലോഗർ പങ്കുവച്ച വിഡിയോയിൽ, താജ്മഹലിന് സമീപമുള്ള യമുനാ നദിയോട് ചേർന്ന പ്രദേശങ്ങളിലെ മാലിന്യവും മലിനജലവുമാണ് വ്യക്തമായി കാണാൻ സാധിക്കും. ദുർഗന്ധം കാരണം സഞ്ചാരികൾ മൂക്ക് പൊത്തുന്ന കാഴ്ചയും വിഡിയോയിൽ ദൃശ്യമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി താജ്മഹലിന് ചുറ്റുമുള്ള മലിനീകരണ തോത് സുരക്ഷിതമായ പരിധിക്കും മുകളിലാണെന്ന് പരിസ്ഥിതി പഠനങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നു.
സ്മാരകത്തോട് ചേർന്നുള്ള യമുന നദിയിലാകട്ടെ മലിനജലവും, വ്യാവസായിക മാലിന്യങ്ങളും, മൈക്രോപ്ലാസ്റ്റിക്കുകളാലും നിറഞ്ഞിരിക്കുന്നു. മലിനമായ നദിയിൽ നിന്നുള്ള ഹൈഡ്രജൻ സൾഫൈഡ് വാതകം താജ്മഹലിന്റെ മാർബിളിനെ പോലും കാര്യമായി ബാധിച്ചിരിക്കുന്നു. ഭാവിയിൽ താജ്മഹൽ സുരക്ഷിതമായി നിലനിൽക്കണമെങ്കിൽ കർശനമായ മലിനീകരണ നിയന്ത്രണം, സമൂഹ പങ്കാളിത്തം, വർദ്ധിച്ച പൊതുജന അവബോധം എന്നിവ ആവശ്യമാണ്.