Palakkad Nelliyampathy Trip: നെല്ലിയാമ്പതിയിലെ നല്ല കാഴ്ച്ചകൾ; ഓറഞ്ച് വിളയുന്നത് എപ്പോൾ?
Palakkad Nelliyampathy Travel: മഴച്ചാറ്റൽ നനഞ്ഞ് കോടയുടെ തലോടലിൽ മലയണ്ണാനെയും കാട്ടിലെ പക്ഷികളെയും കണ്ട് നമുക്കൊരു യാത്ര പോയാലോ. പാലക്കാട് ജില്ലയിലെ നെന്മാറ ടൗണിന് അടുത്താണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്.
മൺസൂൺ മഴയിൽ കോരിതരിച്ച് നിൽക്കുകയാണ് നെല്ലിയാമ്പതി. ഒറ്റനോട്ടത്തിൽ കണ്ടാൽ നെല്ലിയാമ്പതിയെ ഓമനിക്കുന്ന മേഘങ്ങളെ കാണാം. കാട്ടുചോലകളുടെ ഇരമ്പുന്ന ശബ്ദം നെല്ലിയാമ്പതിയിൽ ആകെ മുഴങ്ങി കേൾക്കാം. മഴച്ചാറ്റൽ നനഞ്ഞ് കോടയുടെ തലോടലിൽ മലയണ്ണാനെയും കാട്ടിലെ പക്ഷികളെയും കണ്ട് നമുക്കൊരു യാത്ര പോയാലോ. പാലക്കാട് ജില്ലയിലെ നെന്മാറ ടൗണിന് അടുത്താണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് കടല്‍ നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം.
ഓറഞ്ച് തോട്ടങ്ങള്‍ക്ക് വളരെ പ്രസിദ്ധമാണ് നെല്ലിയാമ്പതി. സഞ്ചാരികൾക്ക് താമസിക്കാൻ സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധിയുണ്ട് ഇവിടെ. നെല്ലിയാമ്പതിക്ക് അടുത്തുള്ള പോത്തുണ്ടി അണക്കെട്ട് വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ്. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാമ്പാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ – ലില്ലി തേയിലത്തോട്ടങ്ങൾ എന്നിങ്ങനെ ഇവിടെ കാണാൻ നിരവധി സ്ഥലങ്ങളാണുള്ളത്.
മലമുഴക്കി വേഴാമ്പലാണ് ഇവിടുത്തെ പ്രത്യേക ആകർഷണം. ആളെ കാണാൻ സാധിക്കുന്നത് അപൂർവമാണ്. പലകപ്പാണ്ടിയില്‍ നിന്ന് വളരെ അടുത്താണ് സീതാര്‍കുണ്ട്. ഇവിടെ വെള്ളച്ചാട്ടമാണ് ഏറ്റവും വലിയ ആകര്‍ഷണം. പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ സന്ദര്‍ശകര്‍ക്ക് പോകാം. പലകപ്പാണ്ടിക്ക് സമീപം തേയില, ഏലം, കാപ്പി തോട്ടങ്ങളും കാണാം. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണിവിടം. പക്ഷി നിരീക്ഷകരുടെ പറുദീസയാണ് നെല്ലിയാമ്പതി.
സീതാർകുണ്ടാണ് നെല്ലിയാമ്പതിയുടെ ഏറ്റവും മനോഹരമായ സ്ഥലം. വനവാസത്തിനിടെ സീതയുമായി രാമൻ നെല്ലിയാമ്പതിലെത്തി. മലമുകളിലുള്ള പൊയ്കയിൽ സീത നീരാടിയെന്നാണ് ഇവിടുത്തെ ഐതിഹ്യം. കാലക്രമത്തിൽ ആ നിരൊഴുക്കിന്റെ പേര് സീതാർകുണ്ടായി മാറിയെന്നാണ് കഥ.