Pahalgam Tourism: ഉയർത്തെഴുന്നേറ്റ് പഹൽഗാം; വിനോദസഞ്ചാരികളുടെ വൻ തിരക്ക്, സുരക്ഷയൊരുക്കി ഭരണകൂടം
Jammu-Kashmir Pahalgam Reopen: ജൂലൈ മൂന്ന്ന് ആരംഭിക്കുന്ന 38 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് തീർത്ഥാടന യാത്രയുടെ ഭാഗമായി, പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കർശനമായ സുരക്ഷാ ക്രമീകരണങ്ങളായിരിക്കും പ്രദേശത്ത് ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഈ വർഷം ഏകദേശം 360,000 പേർ അമർനാഥ് തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Pahalgam
ഭീകരാക്രമണത്തിനും ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾക്കും പിന്നാലെ ജമ്മു കശ്മീരിലെ പഹൽഗാം വീണ്ടും തുറന്നു. ഇതോടെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മനോഹരമായ ഈ സ്ഥലം. പഹൽഗാം വിനോദസഞ്ചാരം പഴയപടിയായതോടെ വിനോദ സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിനോദ സഞ്ചാരികളായ ഒരുകൂട്ടം ആളുകൾക്ക് നേരെ ഭീകരരുടെ ആക്രമണമുണ്ടായത്. 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അപ്രതീക്ഷതമായ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇന്ത്യ പാക് ബന്ധം വഷളാവുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് ജമ്മു കശ്മീരിലുള്ള 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചത്. ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എട്ടെണ്ണം ജമ്മു ഡിവിഷനിലും എട്ടെണ്ണം ശ്രീനഗറിലുമാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനയാത്രയുടെ ആരംഭസ്ഥാനം കൂടിയാണിത്. അതേസമയം ജൂലൈ മൂന്ന്ന് ആരംഭിക്കുന്ന 38 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് തീർത്ഥാടന യാത്രയുടെ ഭാഗമായി, പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കർശനമായ സുരക്ഷാ ക്രമീകരണങ്ങളായിരിക്കും പ്രദേശത്ത് ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഈ വർഷം ഏകദേശം 360,000 പേർ അമർനാഥ് തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി മുതിർന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുന്നതിനായി, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി, ബിഎസ്എഫ് എന്നിവയുൾപ്പെടെ 581 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഭീകരാക്രമണ സാധ്യതകൾ മുൻകൂട്ടി തടയുന്നതിന് വേണ്ട ക്രമീകരണങ്ങളും സജ്ജമാക്കും. തീർത്ഥാടകർക്കും സേവന ദാതാക്കൾക്കും അവരുടെ നീക്കങ്ങൾ തത്സമയം ട്രാക്ക് ചെയ്യാൻ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ടാഗുകൾ നിർബന്ധമാക്കുമെന്നും വൃത്തങ്ങൾ പറയുന്നു. മെയ് 30 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രദേശം സന്ദർശിക്കുകയും തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സുരക്ഷയും ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.