AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kinnakorai Travel: ഊട്ടിയേക്കാൾ മനോഹരം, സൂര്യൻ വെറും മൂന്ന് മണിക്കൂർ മാത്രം; ഇങ്ങനെയും ഒരു സ്ഥലമോ?

Kinnakorai Travel: കൊടുംവേനലിൽ നിന്ന് രക്ഷപ്പെടാൻ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് തമിഴ്നാട് നീല​ഗിരി ജില്ലയിലെ കിണ്ണാക്കോരൈ. കോടമഞ്ഞാൽ മൂടപ്പെട്ട, സൂര്യൻ നട്ടുച്ചയ്ക്ക് ഉദിക്കുന്ന ഈ ​ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നത് നിറയെ മായാക്കാഴ്ചകളുമായാണ്.

Kinnakorai Travel: ഊട്ടിയേക്കാൾ മനോഹരം, സൂര്യൻ വെറും മൂന്ന് മണിക്കൂർ മാത്രം; ഇങ്ങനെയും ഒരു സ്ഥലമോ?
kinnakoraiImage Credit source: social media
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 04 Mar 2025 | 12:50 PM

കൊടും വേനലിന്റെ പിടിയിലാണ് കേരളം. അതുകൊണ്ട് തന്നെ ഈ കനത്ത ചൂടിൽ നിന്ന് മോചനം നേടിയുള്ള യാത്രകൾ കൊതിക്കുന്നവരാണ് പലരും. വേനലവധി കൂടി തുടങ്ങുന്നതിനാൽ പറയേവേണ്ട. ഈ കനത്ത ചൂടിൽ ആശ്വാസം കൊടും മഞ്ഞ് തന്നെയാണ്. അതുകൊണ്ട് പ്ലാനിങ്ങിൽ ഊട്ടിയും മൂന്നാറുമൊക്കെയായിരിക്കും മുൻപന്തിയിൽ. അങ്ങനെ ഊട്ടി കാണാൻ പ്ലാനുണ്ടെങ്കിൽ മറന്നുപോകാൻ പാടില്ലാത്ത മറ്റൊരു സ്ഥലം കൂടിയുണ്ട്. കോടമഞ്ഞാൽ മൂടപ്പെട്ട, സൂര്യൻ നട്ടുച്ചയ്ക്ക് ഉദിക്കുന്ന ഒരു സ്ഥലം. ഊട്ടിയിൽ നിന്നും വെറും 60 കിലോമീറ്റർ യാത്രചെയ്താൽ ഈ മനോഹര​ഗ്രാമത്തിലെത്താം. ഏത് വിനോദസഞ്ചാരികളുടെയും മനം കീഴടക്കുന്ന ഈ ​ഗ്രാമത്തിന്റെ പേര് കിണ്ണക്കോരൈ എന്നാണ്.

ALSO READ : കൊച്ചിയിൽ നിന്നൊരു വൺഡേ ട്രിപ്പ് പോയാലോ; അടിപൊളി ടൂറിസ്റ്റ് സ്പോട്ടുകൾ ഇതാ

വഴിയിലൂടെ നീളം കാഴ്ചകൾ നിറച്ചുവെച്ചാണ് ഓരോ സഞ്ചാരികളെയും കിണ്ണാക്കോരൈ കാത്തിരിക്കുന്നത്. തണുപ്പെല്ലാം ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര ഒരു പക്ഷേ ​ഗവിയെ ഓർമിപ്പിച്ചിരിക്കാം. കിണ്ണാക്കോരൈ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നവരെ ആദ്യം സ്വീകരിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടമാണ്. അവിടെ നിന്നും തുടങ്ങുകയാണ് കിണ്ണാക്കോരൈ എന്ന സ്വ‍ർ​ഗ നാട്ടിലെ മായാക്കാഴ്ചകൾ. ഇടയ്ക്ക് കാട്ടാനക്കൂട്ടവും കാട്ടുപോത്തുമൊക്കെ നിങ്ങളെ തേടി വന്നേക്കാം.

കാഴ്ചകളൊക്കെ ആസ്വദിച്ച് 43 വളവുകൾ കയറി ചെല്ലുന്നത് മഞ്ചൂരിലേക്കാണ്. ഓരോ വളവുകളും കയറി മുകളിലേക്ക് ചെല്ലുംതോറും തണുപ്പും കൂടിക്കൂടി വരും. മഞ്ഞ് പെയ്യുന്ന മഞ്ചൂരും താണ്ടി നേരെ പോകുന്നത് കിണ്ണാക്കോരൈയിലേക്കാണ്. മാസങ്ങളോളം കൊഴിയാതെ നിൽക്കുന്ന ഊട്ടി പൂക്കളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സഞ്ചാരികൾക്ക് അതൊരു കൗതുക കാഴ്ച തന്നെയാണ്. അവിടെ നിന്നും കുറച്ചു ദൂരം കൂടി മുന്നോട്ടു പോകുമ്പോൾ വഴി രണ്ടായി പിരിയുന്നു. ഒന്ന് കിണ്ണാക്കോരൈയിലേക്കും മറ്റൊന്ന് അപ്പർ ഭവാനിയിലേക്കും.

സൂര്യകിരണങ്ങൾക്ക് സ്ഥലം നൽകാത്തത് കൊണ്ട് തന്നെ വഴി മുഴുവൻ ഇരുട്ടു മൂടി കിടക്കുകയാണ്. മനോഹരമായ തേയിലത്തോട്ടങ്ങളും മഞ്ഞ് പൊതിഞ്ഞ താഴ്വാരങ്ങളും ഒക്കെ അവിടെ കാണാം. കിണ്ണക്കോരൈയിലൂടെയുള്ള ആ യാത്ര അവസാനിക്കുന്നത് ഹെറിയസെ​ഗൈ എന്ന മറ്റൊരു ഗ്രാമത്തിലേക്കാണ്. അവിടെ നിന്ന് കുറച്ചു മാറിയാൽ മലനിരകളും പൂക്കളും നിറഞ്ഞ മറ്റൊരു വ്യൂ പോയിൻറ് ഉണ്ട്. ഇവിടെ നിൽക്കുന്ന ഓറഞ്ചും വെള്ളയും മഞ്ഞയും വയലറ്റ് നിറത്തിലുള്ള കുഞ്ഞുപൂക്കൾ വിനോദസഞ്ചാരികളുടെ മനംനിറയ്ക്കുന്ന കാഴ്ച തന്നെയാണ്.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് കിണ്ണാക്കോരൈ സ്ഥിതി ചെയ്യുന്നത്. ഭക്ഷണത്തിനും താമസത്തിനും വലിയ സൗകര്യങ്ങളൊന്നുമില്ല.
ചെറിയ കടകളാണ് അധികവും. ആനയിറങ്ങാൻ സാധ്യതയുള്ളതിനാൽ രാത്രി യാത്രയ്ക്ക് അനുമതിയില്ല. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ 45 കിലോമീറ്റർ അപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും മഞ്ഞ് മൂടി കിടക്കുന്ന ഈ പ്രദേശത്ത് പകൽ നേരങ്ങളിൽ പോലും സൂര്യനെ വെറും മൂന്നോ നാലോ മണിക്കൂർ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.