Train Restrictions: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനുവരി മാസത്തെ ട്രെയിൻ നിയന്ത്രണങ്ങൾ ഇങ്ങനെ…
Train Schedule Changes in Kerala: ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് ജനുവരി 7 മുതൽ 10 വരെ കോട്ടയം വഴിയായിരിക്കും പോകുന്നത്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജനുവരി മാസത്തെ ട്രെയിൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിവിഷൻ. ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് (16128) 7 മുതൽ 10 വരെ കോട്ടയം വഴിയായിരിക്കും പോകുന്നത്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
അതുപോലെ, ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22207) 9, 16, 23 തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. ജനുവരിയിലെ വിവിധ തീയതികളിൽ ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ എക്‌സ്‌പ്രസ് (16127) വൈകിയോടുന്നതാണ്.
ജനുവരി 3, 10 തീയതികളിൽ അരമണിക്കൂറും 5, 7, 14 തീയതികളിൽ ഒന്നരമണിക്കൂറും 8, 12 തീയതികളിൽ 50 മിനിട്ടും 9, 13 തീയതികളിൽ ഒരു മണിക്കൂറും വൈകിയോടും. കൂടാതെ, 16ാം തീയതി 20 മിനിറ്റ്, 20, 23, 26 തീയതികളിൽ 2.15 മണിക്കൂറും ട്രെയിൻ വൈകിയോടുന്നതാണെന്നും തിരുവനന്തപുരം ഡിവിഷൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ സർവീസ് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. വന്ദേ ഭാരത് സ്ലീപ്പറിൻ്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചത്. അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിലാണ് അദ്യത്തെ സർവീസ്.
അസമിലെ കാംരൂപ് മെട്രോപൊളിറ്റൻ, ബോംഗൈഗാവ്, പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ, ജൽപായ്ഗുരി, മാൾഡ, മുർഷിദാബാദ്, പുർബ ബർധമാൻ, ഹൂഗ്ലി, ഹൗറ എന്നീ ജില്ലകളിലൂടെയാണ് വന്ദേഭാരത് സ്ലീപ്പർ കടന്നുപോവുക. വൈകുന്നേരം പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അടുത്ത സ്റ്റേഷനിൽ എത്തിച്ചേരുന്ന രീതിയിലാണ് ട്രെയിനിന്റെ യാത്രാ ക്രമീകരണം.