Benefits of Listening to Music: ജോലിസ്ഥലത്ത് ടെൻഷനാണോ? പാട്ട് കേട്ട് സ്ട്രെസ് കുറയ്ക്കാം
Benefits of Listening to Music While Working: പാട്ട് കേൾക്കുന്നത് പലപ്പോഴും നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. എത്തരം പാട്ടുകളാണ് കേൾക്കുന്നത് എന്നതും വളരെ പ്രധാനമാണ്.
ജോലി സ്ഥലത്ത് സമ്മർദ്ദം കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളിൽ ചുമരിൽ നാല് ഇടി ഇടിക്കുന്ന സ്വഭാവക്കാരാണോ നിങ്ങൾ? അതോ ഏതെങ്കിലും പാട്ട് കേട്ട് മിണ്ടാതിരുന്ന് ജോലി ചെയ്യുന്നവരാണോ? പാട്ട് കേൾക്കാൻ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. പലപ്പോഴും പാട്ടുകൾ മനസിന് ആശ്വാസം പകരുന്നു. ബസിലും കാറിലും മറ്റും യാത്ര ചെയ്യുന്ന സമയത്ത് ഹെഡ്‍ഫോണിൽ പാട്ടും വെച്ചിരിക്കുന്നത് വല്ലാത്തൊരു ഫീലാണ്.
ആരോടും മിണ്ടാതെ ഒരു കമ്പ്യൂട്ടറിന് മുന്നിൽ ആ സ്ക്രീനിലും നോക്കി ജോലിയിൽ മാത്രം മുഴുകിയിരിക്കുമ്പോൾ ആർക്കായാലും മടുപ്പും സമ്മർദ്ദവുമെല്ലാം തോന്നും. അങ്ങനെ മടുപ്പ് തോന്നുമ്പോഴാണ് നമ്മൾ എന്തെങ്കിലും വിനോദത്തിൽ ഏർപ്പെടുന്നത്. പലരും അത്തരം സന്ദർഭങ്ങളിൽ പാട്ട് കേൾക്കാൻ താത്പര്യപ്പെടുന്നവരാണ്. നിങ്ങൾ ജോലിക്കൊപ്പം പാട്ട് കേൾക്കുന്നവരാണോ? എങ്കിൽ ഒരു പരിധിവരെ നിങ്ങളുടെ മനസിനെ മടുപ്പിൽ നിന്നും ഇത് രക്ഷപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു.
പാട്ട് കേൾക്കുന്നത് പലപ്പോഴും നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. എത്തരം പാട്ടുകളാണ് കേൾക്കുന്നത് എന്നതും വളരെ പ്രധാനമാണ്. വിഷാദ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ജോലി സമയത്തും അത്തരം ഗാനങ്ങൾ കേൾക്കുന്നത് ജോലിക്ക് അത്ര ഗുണം ചെയ്യില്ല. മറിച്ച് മനസിന് സന്തോഷം തരുന്ന ഗാനങ്ങൾ കേൾക്കുന്നത് ജോലിയിലെ മടുപ്പ് ഒഴിവാക്കാൻ സഹായിക്കും.
സന്തോഷമുള്ള പാട്ട് തെരഞ്ഞെടുക്കുക
ജോലി സമയത്ത് പാട്ട് കേൾക്കുന്നത് നല്ലതാണെങ്കിലും സന്തോഷമുള്ള പാട്ട് തിരഞ്ഞെടുത്തില്ലെങ്കിൽ മടുപ്പ് കൂടും. സന്തോഷമുള്ള പാട്ട് കേട്ട് ജോലി ചെയ്യുമ്പോൾ നമ്മൾ ആയാസം അറിയുന്നില്ല. മാത്രമല്ല, മനസ്സിലുള്ള വിഷമങ്ങളും ദേഷ്യവുമെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാകും. സംഗീതം ജോലിയെ വേഗത്തിലാക്കുന്നു. സന്തോഷത്തോടെ ജോലി ചെയ്യുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള ക്രിയേറ്റിവിറ്റിയും വർധിക്കുന്നു. അതിനാൽ, ജോലി ചെയ്യുമ്പോൾ സന്തോഷമുള്ള പാട്ടുകൾ ധാരാളം കേൾക്കുക.
ALSO READ: പെൺകുട്ടികൾക്ക് മഴയത്ത് സോളോ ട്രാവൽ പറ്റുന്നയിടങ്ങൾ
വിഷാദ ഗാനങ്ങൾ ജോലി ചെയ്യുമ്പോൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതേസമയം, കണക്കുകളുമായി ജോലി ചെയ്യുന്നവർ പ്രത്യേകിച്ചും അക്കൗണ്ടന്റുകൾ അടക്കമുള്ളവർ ഇത്തരത്തിൽ പാട്ട് കേട്ട് ജോലി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജോലിയെ ബാധിച്ചേക്കും.
ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതം
ജോലി സമയത്ത് കേൾക്കാൻ ഏറ്റവും ഉചിതം ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള സംഗീതമാണ് (ഇൻസ്ട്രുമെന്റൽ മ്യൂസിക്). ഇത്തരം സംഗീതമാണ് ജോലി സമയത്ത് കേൾക്കാൻ ഏറ്റവും നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള സംഗീതം കേൾക്കുമ്പോൾ പാട്ടിന്റെ വരികളിലേക്ക് നമ്മുടെ ശ്രദ്ധി തിരിയില്ല എന്നത് തന്നെയാണ് കാരണം.
ശ്രദ്ധിക്കേണ്ട കാര്യം
പാട്ട് കേൾക്കുന്നത് ഏറെ നല്ലതാണെങ്കിലും ദീർഘ നേരം ഇയർഫോൺ ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ചിലപ്പോൾ നമ്മൾ ഉയർന്ന ശബ്ദത്തിലായിരിക്കും പാട്ട് കേൾക്കുന്നത്. ഇത് ചെവിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട് പരിധിയിൽ കൂടുതലുള്ള ഇയർഫോൺ ഉപയോഗം ഒഴിവാക്കുക.