Donald Trump: മൂന്നാം ലോകമഹായുദ്ധമോയെന്ന് സോഷ്യല്‍ മീഡിയ; ട്രംപിനെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റുകള്‍; നോബേല്‍ മോഹം പാളുമോ?
Iran Israel Conflict: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു യുഎസ് ആക്രമണം. യുഎസ് അക്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചും 'എക്‌സി'ല്‍ ഇപ്പോള്‍ പ്രധാനമായും ട്രെന്‍ഡിങിലുള്ള ഹാഷ്ടാഗ് ഏതായിരിക്കും? സംശയം വേണ്ട 'വേള്‍ഡ് വാര്‍ 3' എന്ന ഹാഷ്ടാഗാണ് അത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുഎസും ഇതില്‍ ഭാഗമായതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത് (Image Credits: PTI)

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു യുഎസ് ആക്രമണം. യുഎസ് അക്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് നടപടിയില്‍ ഇറാന്‍ നല്‍കുന്ന മറുപടി എന്താകുമെന്ന് വ്യക്തമല്ല. എന്തായാലും മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള സാധ്യതകളിലേക്കാണോ ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് പലരുടെയും ചോദ്യം.

അതേസമയം, ഇറാനില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പഴയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. 2011 മുതല്‍ 2013 വരെയുള്ള ചില ട്വീറ്റുകളാണ് പ്രചരിക്കുന്നത്. വിജയിക്കുന്നതിനായി ഇറാനുമായി ബറാക്ക് ഒമാബ യുദ്ധം ആരംഭിക്കുമെന്നായിരുന്നു 2011ല്‍ ട്രംപ് നടത്തിയ ഒരു വിമര്‍ശനം.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒബാമ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് 2012ലും ആവര്‍ത്തിച്ചു. സ്വന്തം മുഖം രക്ഷിക്കാന്‍ ഒബാമ ഇറാനെ ആക്രമിക്കുമെന്ന് താന്‍ പ്രവചിക്കുന്നുവെന്ന് 2013ല്‍ ട്രംപ് പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പഴയ ട്വീറ്റുകളുടെ പേരില്‍ ട്രംപിനെതിരെ പരിഹാസങ്ങള്‍ ശക്തമാകുന്നുണ്ട്.

സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനായി ട്രംപ് ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. ഇറാനെതിരെ നടത്തിയ ആക്രമണത്തിന്റെ പേരില്‍ ട്രംപിന് നോബേല്‍ സമ്മാനം പോകുമോയെന്നാണ് മറ്റൊരു പരിഹാസം.