Remove Sticky Labels: ഒട്ടിപ്പിടിച്ച സ്റ്റിക്കറുകൾ കളയാൻ ഇത്രയും എളുപ്പമോ? ചെയ്യേണ്ടത് ഇത്രമാത്രം
Remove Sticky Labels From Bottles: എന്തെങ്കിലും വസ്തുക്കൾകൊണ്ട് സ്റ്റിക്കറുകൾ ചുരണ്ടുമ്പോൾ പാത്രങ്ങളിൽ പാടുകൾ വീഴാൻ സാധ്യതയുണ്ട്. അതിനാൽ സ്റ്റിക്കർ തനിയെ പോകുന്നത് വരെ നമ്മൾ ഒന്നും ചെയ്യാതെയിരിക്കും. എന്നാൽ നിങ്ങളുടെ പാത്രങ്ങൾക്ക് കേടുപാടുകൾ വരാതെ സ്റ്റിക്കറുകൾ എങ്ങനെ നീക്കം ചെയ്യാം? അതിനായി ഒരുപാട് എളുപ്പവഴികളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.

പുതിയതായി വാങ്ങുന്ന പാത്രങ്ങളിൽ സ്റ്റിക്കറുകൾ സാധാരണമാണ്. ഇവ കളയാൻ അല്പം പ്രയാസമാണ്. എന്തെങ്കിലും വസ്തുക്കൾകൊണ്ട് ചുരണ്ടി കളയലാണ് പതിവ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ പാത്രങ്ങളിൽ പാടുകൾ വീഴാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങളുടെ പാത്രങ്ങൾക്ക് കേടുപാടുകൾ വരാതെ സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ ഇതാ കുറച്ച് പൊടികൈകൾ. ചൂടുള്ള, സോപ്പ് വെള്ളം ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിലേക്ക് പാത്രം കുറച്ചുനേരം വച്ചാൽ ഒട്ടിപിടിച്ച ലേബലുകളുടെ പശമാറ്റി അവ നീക്കം ചെയ്യാം.

അടുത്തത് ബേക്കിങ് സോഡയാണ്. ബേക്കിങ് സോഡയും എണ്ണയും തുല്യ അളവിൽ യോജിപിച്ച് ലേബലിൽ പുരട്ടുക. ഈ മിശ്രിതം കുറച്ചുനേരം വച്ചശേഷം അത് ഉരച്ച് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയെടുക്കുക.

സ്റ്റിക്കി ലേബലുകൾ ഒഴിവാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ഹെയർ ഡ്രയർ ഉപയോഗിക്കാവുന്നതാണ്. ഹെയർ ഡ്രയർ ഉയർന്ന താപനിലയിലേക്ക് മാറ്റുക. ശേഷം കുറച്ചുനേരം ആ ലേബലിന് മുകളിൽ പിടിക്കുക. ഹെയർ ഡ്രയറിന്റെ ചൂട് ലേബലിലെ പശ ഇല്ലാതാക്കുന്നു. അങ്ങനെ അവ എളുപ്പത്തിൽ നീക്കം ചെയ്യാം.

അടുക്കളയിൽ വിനാഗരിയുണ്ടോ സ്റ്റിക്കർ വേഗം നീക്കം ചെയ്യാം. ഒരു ബക്കറ്റിൽ ചൂടുവെള്ളമെടുത്ത് അതിലേക്ക് അര കപ്പ് വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. പാത്രം ഇതിലേക്ക് ഇടുക. ഏകദേശം 30 മിനിറ്റിന് ശേഷം അത് കഴുകി കളഞ്ഞെടുക്കാവുന്നതാണ്.