IPL 2025: മുംബൈ ഇന്ത്യന്‍സിനെ ചൊറിഞ്ഞ് ആര്‍സിബി; ഐപിഎല്‍ ആരംഭിക്കും മുമ്പേ വിവാദം
RCB Video Controversy: വിവാദങ്ങള്‍ക്ക് തിരി കൊളുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍സിബിയുടെ വീഡിയോ മുംബൈ ഇന്ത്യന്‍സിനെ പരിഹസിക്കുന്നതാണെന്നാണ് ആരോപണം. കൊമേഡിയന്‍ ഡാനിഷ് സെയ്തും, രജത് പട്ടീദാറുമാണ് വീഡിയോയിലുള്ളത്. ഡാനിഷ് പരിഹസിച്ചത് മുംബൈ ഇന്ത്യന്‍സിനെയാണെന്നാണ് ആരാധകരുടെ വിമര്‍ശനം

ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പേ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍സിബിയുടെ ഒരു വീഡിയോ മുംബൈ ഇന്ത്യന്‍സിനെ പരിഹസിക്കുന്നതാണെന്നാണ് ആരോപണം. ഈ വര്‍ഷം രജത് പട്ടീദറിനെ ആര്‍സിബി ക്യാപ്റ്റനായി നിയമിച്ചിരുന്നു. രജതിന് മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ നേരത്തെ ആശംസകളും നേര്‍ന്നിരുന്നു (Image Credits: PTI)

കഴിഞ്ഞ വര്‍ഷമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് നിയമിച്ചത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ ആരാധകര്‍ അസംതൃപ്തിയിലായിരുന്നു. ഹാര്‍ദ്ദിക് ടോസിടാന്‍ എത്തിയപ്പോള്‍ കൂക്കിവിളിച്ചാണ് ആരാധകര്‍ വരവേറ്റത്. പുതിയ ക്യാപ്റ്റന് ആര്‍സിബിയില്‍ ലഭിച്ച പിന്തുണ മറ്റ് ടീമുകളും പിന്തുടരേണ്ടതില്ലേയെന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ പേരെടുത്ത് പറയാതെ ആര്‍സിബി പരിഹസിച്ചത് (Image Credits: Social Media)

ഈ വീഡിയോയാണ് വിവാദമായത്. മിസ്റ്റര്‍ നാഗ്‌സ് എന്ന പേരില്‍ ആര്‍സിബിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിഷ് സെയ്തും, രജത് പട്ടീദാറുമാണ് വീഡിയോയിലുള്ളത്. 'രജത് നിങ്ങള്‍ ക്യാപ്റ്റനായപ്പോള്‍ മുന്‍ ആര്‍സിബി നായകന്‍മാരെല്ലാം അത് പിന്തുണച്ചു. വിരാടും, ഫാഫും സന്ദേശങ്ങള്‍ അയച്ചു. ക്യാപ്റ്റന്‍സി പ്രഖ്യാപിക്കുമ്പോള്‍ മറ്റ് ടീമുകളും ഇത് പിന്തുടരണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' എന്നായിരുന്നു ഡാനിഷിന്റെ ചോദ്യം (Image Credits: PTI)

എന്നാല്‍ ക്ഷമിക്കണമെന്നും, ചുറ്റും എന്തൊക്കെയാണ് നടക്കുന്നതെന്ന് താന്‍ ശ്രദ്ധിക്കാറില്ലെന്നുമായിരുന്നു രജതിന്റെ മറുപടി. നിങ്ങള്‍ നിഷ്‌കളങ്കനാണല്ലോയെന്നും, എന്താണ് നടന്നതെന്ന് ശരിക്കും അറിയില്ലേയെന്നും, അറിയില്ലെങ്കില്‍ എന്തിനാണ് ചിരിച്ചതെന്നുമായിരുന്നു ഡാനിഷിന്റെ തമാശരൂപേണയുള്ള മറുചോദ്യം (Image Credits: PTI)

തനിക്ക് അറിയില്ലെന്നാണ് (MI nahi janta) രജത് പറയുന്നതെന്നും ഡാനിഷ് കൂട്ടിച്ചേര്‍ത്തു. 'മൈ നഹി സംജാ' എന്നതിലെ മൈ എന്ന വാക്ക് ഡാനിഷ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ ചുരുക്കപ്പേരാണ് MI. അതുകൊണ്ട് തന്നെ ഡാനിഷ് പരിഹസിച്ചത് മുംബൈ ഇന്ത്യന്‍സിനെയാണെന്നാണ് ആരാധകരുടെ വിമര്‍ശനം (Image Credits: Social Media)