Onam 2024: ‘ഓണസദ്യ പാക്കേജുമായി’ കെഎസ്ആർടിസ്; ഓണത്തിന് അങ്ങ് മലമുകളിൽ കാണാം
Onam 2024 KSRTC: ഈ കാഴ്ചയെല്ലാം കഴിഞ്ഞാൽ ഉച്ചയോടെ പൊൻമുടിയിലേക്കായി പിന്നീട് യാത്ര. കോടമഞ്ഞും തണുപ്പും തേയില തോട്ടങ്ങളും മലനിരകളും എല്ലാമായി 22 ഹെയർപിൻ വളവ് താണ്ടി പൊൻമുടിയിലെത്തുന്നു. ഈ യാത്രയിൽ ഹോട്ടലിൽ കയറി വയറ് നിറയെ ഓണസദ്യയും കഴിക്കാവുന്നതാണ്.

കെഎസ്ആർടിസി യാത്രയും അതോടൊപ്പം മലമുകളിൽ വെച്ചൊരു ഓണസദ്യയും... ആഹാ കേൾക്കാൻ എന്തൊരു രസം. എന്നാൽ ഇത് വെറുതെ പറയുന്നതല്ല സത്യമാണ്. കൊല്ലം കെഎസ്ആർടിസിയാണ് യാത്രയും ഓണസദ്യയും ഒരുമിച്ച് ആഘോഷിക്കാനുള്ള പാക്കേജുമായി എത്തിയിരിക്കുന്നത്.

പൊൻമുടിയാണ് ഓണം കളറക്കാൻ കെഎസ്ആർടിസി തിരഞ്ഞെടുത്തിരിക്കുന്നത്. കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ അധികൃതരാണ് ഇത്തരമൊരു അവതരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. പൊൻമുടി 'ഓണസദ്യ പാക്കേജ് ' ഇതിനോടകം 15 പേർ വിളിച്ച് ബുക്ക് ചെയ്തതായി അധികൃതർ അറിയിച്ചു.

പൊൻമുടി പാക്കേജിൽ സാധാരണയായി 770 രൂപയാണ് ഈടാക്കുന്നത്. സദ്യക്ക് അധികമായി നൽകേണ്ടത് 200 രൂപയാണ്. സദ്യ വേണ്ടവർക്ക് ഈ പണം നൽകി സദ്യ കഴിക്കാം. അല്ലാത്തവർക്ക് സാധാരണ ഭക്ഷണവും കഴിക്കാനുള്ള അവസരമുണ്ട്. പൊൻമുടി പാക്കേജിൽ ഓണസദ്യ മാത്രമല്ല കേട്ടോ ഉൾപ്പെടുന്നത്.

തിരുവോണ ദിവസം അതിരാവിലെ 6.30 ഓടെയാണ് യാത്ര ആരംഭിക്കുക. ആദ്യം യാത്ര പേപ്പാറ ഡാമിലേക്കാണ്. പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്നാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ശേഷം അടുത്ത കാഴ്ച കല്ലാർ കടവും മീൻമുട്ടി വെള്ളച്ചാട്ടവും. പൊൻമുടി യാത്രയിലെ ഇടത്താവളമാണ് കല്ലാർ. പൊൻമുടിയുടെ കവാടം എന്നുവേണമെങ്കിലും പറയാം.

ഈ കാഴ്ചയെല്ലാം കഴിഞ്ഞാൽ ഉച്ചയോടെ പൊൻമുടിയിലേക്കായി പിന്നീട് യാത്ര. കോടമഞ്ഞും തണുപ്പും തേയില തോട്ടങ്ങളും മലനിരകളും എല്ലാമായി 22 ഹെയർപിൻ വളവ് താണ്ടി പൊൻമുടിയിലെത്തുന്നു. ഈ യാത്രയിൽ ഹോട്ടലിൽ കയറി വയറ് നിറയെ ഓണസദ്യയും കഴിക്കാവുന്നതാണ്.

രാത്രി ഒമ്പത് മണിയോടെ യാത്ര തിരിച്ച് കൊല്ലത്ത് എത്തിച്ചേരും. യാത്രകളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.