Pilleronam 2024: ഓണത്തിന് മുമ്പൊരു കുഞ്ഞോണം… അതാണ് പിള്ളേരോണം; ഈ ആചാരങ്ങൾ അറിഞ്ഞിരിക്കണം
Pilleronam 2024: ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു.

ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും വലിയ ആഘോഷമാണ്. ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു കുഞ്ഞോണം ഉണ്ട്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പറയുന്ന വിശ്വാസവുമുണ്ട്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർക്കിടയിൽ പൂണൂൽ മാറ്റുന്ന ചടങ്ങുനടത്തുന്നത്.

തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും തന്നെയില്ലെങ്കിലും മുറ്റത്തു ചെറിയൊരു പൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കി കൊടുത്തിരുന്നു. ഓരോ നാട്ടിലും ഓരോ രീതിയാണ്. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന ചടങ്ങും ഉണ്ട്.

വാമനനും പിള്ളേരോണവും തമ്മിൽ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു സങ്കല്പവുമുണ്ട്. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിൽ തുടങ്ങി 28 ദിവസമായിരുന്നു.

മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു. ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്.