Karkidaka Vavu Bali 2025: കർക്കടക വാവ്; ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കും
Karkidaka Vavu Bali 2025: പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രതീകാത്മക ചിത്രം
കർക്കട വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ബലിതർപ്പണത്തിന് ഇക്കൊല്ലം ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ALSO READ: കര്‍ക്കടക വാവുബലി എങ്ങനെ, എവിടെ ചെയ്യണം? ഏത് സമയത്ത്?
ബലിതർപ്പണത്തിനായി എത്തുന്നവർക്ക് ആവശ്യമായ വെള്ളം, മറ്റ് അടിസ്ഥാന ക്രമീകരണങ്ങൾ എന്നിവ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ബലിതർപ്പണ കേന്ദ്രങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം ഉണ്ടാകാതിരിക്കാൻ നഗരസഭയും പൊലീസും ഇടപെടണം. ആവശ്യമായ വിളക്കുകളും വെളിച്ചവും കെ.എസ്.ഇ.ബി ഉറപ്പാക്കണം. സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള സംവിധാനം ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആവശ്യമായ ഇടങ്ങളിൽ സ്‌കൂബ സംഘങ്ങളെയും ലൈഫ് ഗാർഡുകളെയും പൊലീസിനെയും വിന്യസിക്കണം. ആരോഗ്യ വകുപ്പിന്റെ മൊബൈൽ ടീമും സി.പി.ആർ. സൗകര്യങ്ങളോടുകൂടിയ സെന്ററും ബലിതർപ്പണ പരിസരത്ത് ഉറപ്പാക്കണം. തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.