Karkidakam: കർക്കടകമാസത്ത് ഐശ്വര്യവും സമ്പൽസമൃദ്ധിയും; ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്താം…
Karkidakam 2025: രാമായണ പാരായണത്തിലൂടെയും പ്രർഥനകളിലൂടെയും ഒപ്പം ചില പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും കർക്കടക മാസത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

പ്രതീകാത്മക ചിത്രം
പണിയും പണവും ഇല്ലാതെ പഞ്ഞവും പട്ടിണിയും രോഗ ദുരിതങ്ങളും നിറഞ്ഞ ജീവിതവും, അതാണ് കർക്കടനാളുകളുടെ പൊതുചിത്രം. എന്നാൽ വിശ്വാസികൾ പുണ്യമാസമായി കരുതുന്ന നാളുകളാണ് കർക്കട മാസം. വറുതിയുടെ ഈ മാസത്തിലും ഐശ്വര്യം കൊണ്ടുവരാൻ സാധിക്കുമത്രേ…
രാമായണ പാരായണത്തിലൂടെയും പ്രർഥനകളിലൂടെയും ഒപ്പം ചില പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും കർക്കടക മാസത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അത്തരം ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
തൃക്കൂർ മഹാദേവ ക്ഷേത്രം
തൃശൂർ ജില്ലയിലെ തൃക്കൂർ മഹാദേവ ക്ഷേത്രം കർക്കിടകത്തിൽ സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ ക്ഷേത്രംഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. അഗ്നി ദേവൻ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. ചെറിയ കുന്നിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്ന ക്ഷേത്രം 1966 മുതൽ കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.
മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം
വയനാട്ടിലെ മീനങ്ങാടിയിലുള്ള മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം, അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണ്. കേരളത്തിൽ മത്സ്യമൂർത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണിത്. ഒരു യോഗി ഇവിടെ അടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങി. അപ്പോൾ കുളത്തിൽ ഒരു മത്സ്യം പെട്ടന്ന് പൊങ്ങിച്ചാടി കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. മത്സ്യമൂർത്തിയുടെ സാന്നിധ്യം മനസ്സിലായ അദ്ദേഹം ഇവിടെ ഒരു മഹാവിഷ്ണു വിഗ്രഹം കൊണ്ടുവന്ന് മത്സ്യ മൂർത്തിയായി സങ്കല്പ്പിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു.
അഴകിയകാവ് ദേവിക്ഷേത്രം
ആലപ്പുഴയിലെ പുള്ളിക്കണക്ക് അഴകിയകാവ് ദേവിക്ഷേത്രത്തിൽ ദേവിയെ ഭദ്രകാളി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും അഭീഷ്ട വരദയായും പരാശക്തിയായ ദുർഗ്ഗയായും ഇവിടെ ആരാധിക്കുന്നുണ്ട്. കായംകുളം പുനലൂർ റോഡിൽ രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന വഴിയിലാണ് അഴകിയകാവ് ദേവിക്ഷേത്രമുള്ളത്.