Onam Avittam Day: പഴങ്കറികൾക്കായി മൂന്നാം ഓണം; അറിയാം അവിട്ടം ദിവസത്തിൻ്രെ പ്രത്യേകത
Onam Avittam Day 2025: അവിട്ടം നക്ഷത്രത്തിലുള്ള ഓണത്തിൻ്റെ പിറ്റേ ദിവസം മൂന്നാം ഓണമായാണ് സാധാരണ ആഘോഷിച്ചു വരുന്നത്. ഓണദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആവശ്യത്തിലേറെ ആഹാര സാധനങ്ങൾ ഉണ്ടാക്കുന്ന പതിവ് ഉണ്ട്. തിരുവോണ ദിവസം ഉണ്ടാക്കുന്ന ആവശ്യത്തിലധികമുള്ള ഈ ഭക്ഷണസാധനം മിക്ക വീടുകളിലും ബാക്കി വരാറുണ്ട്.
തിരുവോണത്തിൻ്റെ ആഘോഷങ്ങളെല്ലാം കഴിഞ്ഞു. മലയാളികൾ അല്പം ക്ഷീണിതരാണ്. തിരുവോണ പിറ്റേന്ന് മലയാളിക്ക് മൂന്നാം ഓണം ആണ്. ഉത്രാടത്തിന് പുത്തനുടുക്കണം, തിരുവോണത്തിന് അലക്കിയത് ഉടുക്കണം, അവിട്ടത്തിൽ പഴയത് കഴിക്കണം എന്നിങ്ങനെ ചിലയിടങ്ങളിൽ ഒരു വിശ്വാസവുമുണ്ട്. ഓണത്തിന് സദ്യ അത് നിർബന്ധമാണ്. ധാരാളം കറികൾ കൂട്ടി വയറുനിറയെ ഉച്ചയൂണ് കഴിക്കുന്നതാണ് തിരുവോണ ദിവസത്തെ മലയാളികളുടെ ശീലം.
അവിട്ടം നക്ഷത്രത്തിലുള്ള ഓണത്തിൻ്റെ പിറ്റേ ദിവസം മൂന്നാം ഓണമായാണ് സാധാരണ ആഘോഷിച്ചു വരുന്നത്. ഓണദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആവശ്യത്തിലേറെ ആഹാര സാധനങ്ങൾ ഉണ്ടാക്കുന്ന പതിവ് ഉണ്ട്. തിരുവോണ ദിവസം ഉണ്ടാക്കുന്ന ആവശ്യത്തിലധികമുള്ള ഈ ഭക്ഷണസാധനം മിക്ക വീടുകളിലും ബാക്കി വരാറുണ്ട്.
അന്നം കളയുന്നത് പാപമെന്ന് വിശ്വസിച്ച തലമുറയുടെ കാലത്ത് മിച്ചം വരുന്നതൊന്നും പണ്ടുള്ളവർ കളയാറില്ല. ബാക്കി വരുന്ന കറികൾ സൂക്ഷിക്കാൻ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്നിട്ടും അവർ അതിനെ സൂക്ഷിച്ചുവയ്ക്കാൻ മടിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് അങ്ങനെയല്ല. മിക്ക വീടുകളിലും ബാക്കി വന്നത് കളയുകയാണ് പതിവ്. എങ്കിലും ചിലരെങ്കിലും എടുത്തുവയ്ക്കാറുണ്ട്.
അങ്ങനെ തിരുവോണ ദിവസം ബാക്കി വരുന്ന കറികൾ അവിട്ടം ദിനമായ പിറ്റേ ദിവസം പുതിയൊരു കറിയായി മിക്ക വീടുകളിലും മാറും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാൻ അങ്ങനെ പല പേരുകളിലാണ് ഈ സമ്പ്രദായത്തെ വിളിച്ചിരുന്നത്. ഓണക്കാടി കുടിച്ചില്ലെങ്കിലും പഴകാത്ത തലേന്നത്തെ കറികൾ കൂട്ടി അവിട്ട സദ്യ കഴിക്കുന്നവർ ഇന്നുമുണ്ട്. കൂടാതെ ഓണത്തോട് അനുബന്ധിച്ചു വയ്ക്കുന്ന മാവേലിയുടെ മൺപ്രതിമയും തുമ്പക്കുടവും മറ്റും മാറ്റാതെ ഇന്നു കൂടി തറയിൽ നിലനിർത്തും.