Sabarimala Temple Open: ഭക്തരുടെ ശ്രദ്ധയ്ക്ക്! ചിങ്ങമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും
Sabarimala Temple Open Today: ചിങ്ങമാസം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിള്ള നറുക്കെടുപ്പ് ചടങ്ങ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പ് നടപടികൾക്ക് ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ നേതൃത്വം നൽകും.

Sabarimala
പത്തനംതിട്ട: ചിങ്ങമാസത്തിലെ പ്രത്യേക പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും (Sabarimala Temple Open). വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുന്നതോടെ പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ ശബരിമല ഒരുങ്ങും. ചിങ്ങമാസം ഒന്നായ നാളെ (17-08-2025) രാവിലെ അഞ്ചുമണിക്ക് ഭക്തർക്കായി നട തുറക്കും.
ചിങ്ങമാസം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിള്ള നറുക്കെടുപ്പ് ചടങ്ങ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പ് നടപടികൾക്ക് ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ നേതൃത്വം നൽകും.
ചിങ്ങമാസ പൂജയോടനുബന്ധിച്ച് 17 മുതൽ 21 വരെ എല്ലാ ദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ പൂജാ ദിവസങ്ങളിൽ എല്ലാ ഭക്തർക്കും ദർശനം നടത്താനും വഴിപാടുകൾ സമർപ്പിക്കാനും അവസരം നൽകും. ചിങ്ങപ്പുലരിയായ 17ന് ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചനയും ശബരിമലയിൽ നടക്കും.
നാളെ രാവിലെ ഒമ്പതിന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുന്നതാണ്. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് മാസം 21ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടക്കും. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ചിങ്ങമാസത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
പഞ്ഞമാസമായ കർക്കിടകത്തിൻ്റെ വറുതിയിൽ നിന്ന് ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുത്തൻ പുലരിയെ ഓർമ്മപ്പെടുത്തികൊണ്ടാണ് ചിങ്ങമാസം പിറക്കുന്നത്. നാളെ കേരളത്തിൽ കർഷക ദിനമായും ആചരിക്കും. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയകാലത്തിന്റെ ഗൃഹാതുരതയാണ് ഇന്നും മലയാളികൾക്ക് ചിങ്ങം.