Thiruvathira 2026: എന്താണ് തിരുവാതിരയിലെ പാതിരാപ്പൂ ചൂടൽ? സ്ത്രീകൾ ഇത് മുടക്കരുത്
Thiruvathira 2026: ഈ വ്രതം എടുക്കുന്നവർ ദീർഘസുമംഗലികൾ ആകും എന്നാണ് ഹൈന്ദവ വിശ്വാസം....
ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദിവസങ്ങൾ കൂടി മാത്രം. പ്രധാനമായും കേരളത്തിൽ ആഘോഷമാക്കുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് സ്ത്രീകളാണ്. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര. അതിനാൽ തന്നെ ഈ വ്രതം എടുക്കുന്നവർ ദീർഘസുമംഗലികൾ ആകും എന്നാണ് ഹൈന്ദവ വിശ്വാസം. വിവാഹിതരായവർ ഭർത്താവിന്റെ ആയുരാരോഗ്യത്തിനും കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കുന്നതിനും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.
കൂടാതെ ശിവന്റെയും പാർവതിയുടെയും പരിണയ ദിവസമാണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. പാർവതി ദേവി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നും വിശ്വസിക്കപ്പെടുന്നു. അത്തരത്തിൽ തിരുവാതിരയെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. ഈ വർഷത്തെ ധനുമാസത്തിലെ തിരുവാതിര വരുന്നത് പുതുവർഷത്തിലെ മൂന്നാമത്തെ ദിവസമാണ്. അതായത് ജനുവരി മൂന്നിന്.
ആദ്യകാലത്ത് 10 ദിവസത്തെ വ്രതം നോറ്റാണ് തിരുവാതിരയ്ക്ക് വേണ്ടി ഒരുങ്ങുന്നത്. ഒരു സ്ത്രീ വിവാഹം കഴിഞ്ഞു വരുന്ന ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നാണ് വിളിക്കുന്നത്. തിരുവാതിര ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധി ആയതിനുശേഷം വേണം വ്രതം ആചരിക്കേണ്ടത്. കൂടാതെ ഇന്നേദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഐശ്വര്യപൂർണ്ണമാണെന്നാണ് കണക്കാക്കുന്നത്. നിരവധി ആചാര അനുഷ്ഠാനങ്ങളോടു കൂടിയാണ് തിരുവാതിര അനുഷ്ഠിക്കുന്നത്.
ഈ ദിനത്തിൽ അരിയാഹാരം പൂർണമായി ഉപേക്ഷിക്കണം. എട്ടുകൂട്ടം കിഴങ്ങ് വർഗ്ഗങ്ങളും കൂവ കുറുക്കിയതും ആണ് പ്രധാനമായും വ്രത ദിനത്തിൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ. തിരുവാതിരയിലെ മറ്റൊരു പ്രധാനപ്പെട്ട അനുഷ്ഠാനമാണ് പാതിരാപ്പൂ ചൂടൽ. തിരുവാതിര വ്രതം നോൽക്കുന്ന സ്ത്രീകൾ, അർദ്ധരാത്രിയിൽ പാതിരാപ്പൂ (ദശപുഷ്പങ്ങൾ) തലയിൽ ചൂടി ഭഗവാൻ ശിവനെ പ്രാർത്ഥിക്കുന്ന ചടങ്ങാണിത്. തിരുവാതിര നക്ഷത്രം ഉദിച്ചു നിൽക്കുന്ന അർദ്ധരാത്രിയിലാണ് ഇത് സാധാരണയായി ചെയ്യുന്നത്.
പാതിരാപ്പൂ ചൂടുന്നതിനായി പത്ത് തരം പൂക്കളാണ് ഉപയോഗിക്കുന്നത്. ഓരോ പുഷ്പത്തിനും ഓരോ ദേവതയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. പാതിരാപ്പൂചൂടുന്നതിന് ഉപയോഗിക്കുന്ന പൂക്കൾ ചുവടെ…
നിലപ്പന (ഭൂമിദേവി)
കയ്യുണ്യം (ശിവൻ)
മുക്കുറ്റി (പാർവ്വതി)
പൂവാംകുരുന്നില (ബ്രഹ്മാവ്)
ചെറുള (യമധർമ്മൻ)
ഉഴിഞ്ഞ (ഇന്ദ്രൻ)
വിഷ്ണുക്രാന്തി (വിഷ്ണു)
മുയൽചെവിയൻ (കാമദേവൻ)
തിരുതാളി (ലക്ഷ്മിദേവി)
കറുക (ആദിത്യൻ)
പാതിരാത്രിയിലാണ് ഈ ചടങ്ങ് നടക്കുന്നത്. സ്ത്രീകൾ സംഘമായി ചേർന്ന് കുളത്തിലിറങ്ങി വെള്ളത്തിൽ കൈകൾ കൊണ്ട് താളത്തിൽ തല്ലി പാട്ടുപാടിയാണ് കുളിക്കുന്നത്. കുളി കഴിഞ്ഞ് ഈറനുടുത്ത് വന്നതിനുശേഷം അഷ്ടമംഗല്യവും നിലവിളക്കും സാക്ഷിയാക്കിയ ദശപുഷ്പം തലയിൽ ചൂടുന്നു. മംഗല്യ ഭാഗ്യത്തിനും സുമംഗലികൾ ഭർത്താവിന്റെ ആയുരാരോഗ്യത്തിന് വേണ്ടിയാണ് പാതിരാപ്പൂ ചൂടുന്നത്. പൂ ചൂടിയ ശേഷം നിലവിളക്കിന് ചുറ്റും പാട്ട് പാടി തിരുവാതിരക്കളി ആരംഭിക്കുന്നു.