Kadalundi Vavulsavam: ചെറിയമ്മമാരുടെ സല്‍ക്കാരം ദോഷം ചെയ്തു, മകനെ കാകേറ കുന്നിലേക്കയച്ച് പേടിയാട്ടമ്മ
Kadalundi Vavulsavam History: വര്‍ഷത്തിലൊരിക്കല്‍ തുലാം മാസത്തിലെ കറുത്തവാവ് ദിവസം അമ്മയെ കാണാന്‍ ജാതവന് അനുവാദം ലഭിക്കുകയും ചെയ്തു. അമ്മയുടെയും മകന്റെയും ഒത്തുചേരല്‍ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് ആഘോഷിക്കുന്നു.

പേടിയാട്ട് ഉത്സവം
തുലാം മാസത്തിലെ കറുത്തവാവിനാണ് പേടിയാട്ട് ഉത്സവം. പേടിയാട്ട് ഭഗവതിയും മകന്‍ ജാതവനും കണ്ടുമുട്ടുന്നത് കാണാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ കടലുണ്ടിയിലേക്ക് എത്തും. മകന്‍ അമ്മയെ കാണാന്‍ എത്തുന്നത് എങ്ങനെയാണ് ഒരു നാട് മുഴുവന്‍ ഇത്രയും വലിയ ആഘോഷമാക്കുന്നത്?
പേടിയാട്ടമ്മയും ജാതവനും
പേടിയാട്ടമ്മയും വളയനാട് അമ്മയും (കോഴിക്കോട്) കളിയാട്ടക്കാവിലമ്മയും (മലപ്പുറം മൂന്നിയൂര്‍) സഹോദരിമാരാണ്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. കളിയാട്ടക്കാവിലമ്മയ്ക്കും വളയനാടമ്മയ്ക്കും മക്കളില്ലാത്തതിനാല്‍ ജാതവനെ സല്‍ക്കരിക്കാനായി ക്ഷണിക്കുന്നു. ഉത്തമത്തില്‍ പൂജയുള്ളയാളാണ് പേടിയാട്ടമ്മ, അതിനാല്‍ മധ്യമത്തില്‍ പൂജയുള്ള സഹോദരിമാരുടെ പക്കലേക്ക് പോകുന്നതില്‍ ദേവി മകനെ വിലക്കി.
എന്നാല്‍ അമ്മയറിയാതെ ജാതവന്‍ കളിയാട്ടക്കാവിലമ്മയ്‌ക്കൊപ്പം വളയനാടെത്തി. അവിടെ വെച്ച് ചെറിയമ്മമാര്‍ അദ്ദേഹത്തെ മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അതിന് വഴങ്ങാതിരുന്ന ജാതവന്‍ തന്റെ കുതിരപ്പുറത്ത് കേറി മതില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കളിയാട്ടക്കാവിലമ്മ അദ്ദേഹത്തിന്റെ ദേഹത്തേക്ക് മദ്യം തെളിച്ചു.
തന്റെ സമ്മതമില്ലാതെ ചെറിയമ്മമാരുടെ അടുത്ത് പോകുകയും മദ്യം കുടഞ്ഞ വസ്ത്രവുമായി തിരിച്ചെത്തുകയും ചെയ്ത ജാതവനെ അമ്മ, പേടിയാട്ട് ക്ഷേത്ര വളപ്പിലേക്ക് പ്രവേശിപ്പിച്ചില്ല. ശിക്ഷയായി കാക്ക പോലും കയറാത്ത കാകേറാ കുന്നില്‍ പോയി താമസം ആരംഭിക്കാനും ദേവി ജാതവനോട് പറഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ തുലാം മാസത്തിലെ കറുത്തവാവ് ദിവസം അമ്മയെ കാണാന്‍ ജാതവന് അനുവാദം ലഭിക്കുകയും ചെയ്തു. അമ്മയുടെയും മകന്റെയും ഒത്തുചേരല്‍ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് ആഘോഷിക്കുന്നു.
തുടരും…
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)