മെസി ഇല്ലാതെ അർജന്റീന നാട്ടിലെത്തി; ‘ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയമാണ് യഥാർത്ഥ വിജയം’ എന്ന് ആരാധകർ
Argentina team returns home without Messi: ഫിഫ ലോകകപ്പ് 2026ന് ശേഷം അർജന്റീന ടീം ജന്മനാട്ടിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചുവന്ന സംഘത്തിൽ ലയണൽ മെസി ഉണ്ടായിരുന്നില്ല. പരാജയത്തിന് ശേഷം മെസി യുഎസ്എയിൽ തന്നെ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. ബ്യൂണസ് ഐറീസിൽ വിമാനം ഇറങ്ങിയ കളിക്കാരുടെ കൂട്ടത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) സ്ഥിരീകരിച്ചു.
ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനോട് 1-0 പരാജയം ഏറ്റുവാങ്ങിയ അർജന്റീന ടീം ജന്മനാട്ടിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചുവന്ന സംഘത്തിൽ ലയണൽ മെസി ഉണ്ടായിരുന്നില്ല. പരാജയത്തിന് ശേഷം മെസി യുഎസ്എയിൽ തന്നെ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. ബ്യൂണസ് ഐറീസിൽ വിമാനം ഇറങ്ങിയ കളിക്കാരുടെ കൂട്ടത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) സ്ഥിരീകരിച്ചു. തോൽവിക്ക് ശേഷം നാട്ടിലേക്ക് പോകുന്നതിന് പകരം, തൽക്കാലം തന്റെ ക്ലബ്ബായ ഇന്റർ മിയാമിയുടെ ആസ്ഥാനമുള്ള അമേരിക്കയിൽ തന്നെ തുടരാനാണ് മെസി തീരുമാനിച്ചത് എന്നാണ് സൂചന.
ചില ടീം അംഗങ്ങൾ വിമാനത്തിലുണ്ടാകില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്‌എ) നേരത്തെ തന്നെ പറഞ്ഞിരുന്നു, പ്രാദേശിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ചിത്രങ്ങളിൽ ലയണൽ മെസ്സി വിമാനത്തിൽ നിന്ന് ഇറങ്ങുന്നത് കണ്ടില്ല. ഇതിന് പിന്നാലെയാണ് മെസി നാട്ടിലേക്ക് എത്തിയില്ല എന്ന വിവരം പുറത്തുവന്നത്.
Also Read: കിരീടം പോയതിന് പിന്നാലെ അർജന്റീനയിൽ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
അതേസമയം തിരിച്ചെത്തിയ അർജന്റീന ടീമിന് ആവേശകരമായ സ്വീകരണം തന്നെയാണ് കിട്ടിയത്. ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായതായി വാർത്തകൾ വന്നെങ്കിലും ടീമിന്റെ സ്വീകരണത്തെ അത് ബാധിച്ചില്ല. വിമാനത്തിന് പുറത്ത് ചുവന്ന പരവതാനി വിരിച്ചും സൈനിക ബാൻഡോടെയും അർജന്റീന ഔദ്യോഗികമായി തങ്ങളുടെ കോച്ചിനെയും മറ്റ് ടീം അംഗങ്ങളെയും സ്വാഗതം ചെയ്തു.
ആയിരക്കണക്കിന് അർജന്റീന ആരാധകർ തണുപ്പിനെയും മഴയെയും വകവയ്ക്കാതെ, വിമാനത്താവളത്തിനടുത്ത് കളിക്കാരെ സ്വീകരിക്കാൻ കാത്തുനിന്നു. ചാറ്റൽമഴയിൽ നിന്ന് രക്ഷയ്ക്കായി നീലയും വെള്ളയും കുടകൾ പിടിച്ചായിരുന്നു പലരും എത്തിയത്. വിജയമാണ് ടീമിൽ നിന്ന് പ്രതീക്ഷിച്ചത്, അത് ഉണ്ടായില്ല എങ്കിലും ടീമിനോട് നന്ദി പറയേണ്ടതുണ്ട് എന്ന് ആരാധകരിൽ പലരും പ്രതികരിച്ചു. അതേസമയം, തിരിച്ചുവന്ന ടീമിൽ മെസിയുടെ സാന്നിധ്യമില്ലാത്തത് ആരാധകരെ നിരാശരാക്കി.
യഥാർഥ വിജയം ഇംഗ്ലണ്ടിനെതിരേ നേടിയത്
ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ പരമാധികാരവുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള നീണ്ടുനിൽക്കുന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിനെതിരായ 2-1 സെമിഫൈനൽ വിജയമാണ് അർജന്റീനയുടെ ഈ ലോകകപ്പിലെ യഥാർത്ഥ വിജയം എന്ന് നിരവധി ആരാധകർ എടുത്തുപറഞ്ഞു. “എന്തായാലും അർജന്റീനക്കാർ ആഘോഷിക്കും, മെസി സന്തോഷിപ്പിച്ച എല്ലാ വർഷങ്ങൾക്കും നന്ദി”, ”അർജന്റീനയ്ക്കുവേണ്ടി കളിക്കുന്നത് മെസി ഉപേക്ഷിക്കരുത്” എന്ന് ആരാധകർ ആവശ്യപ്പെട്ടു.
“ഈ ടീം നമ്മളെയെല്ലാം ഒന്നിപ്പിച്ചു, അതിന് നമ്മൾ നന്ദിയുള്ളവരായിരിക്കണം. മഴയായാലും വെയിലായാലും ഞങ്ങൾ എപ്പോഴും അവർക്കൊപ്പമുണ്ടാകും. മെസിക്ക് നന്ദി പറയുകയും അദ്ദേഹം തന്റെ എല്ലാം നൽകിയതിന് നന്ദി പറയുകയും ചെയ്യും,” എന്ന് സ്വീകരണത്തിന് എത്തിയ ആരാധകരിലൊരാൾ പ്രതികരിച്ചു. ‘സ്പെയിൻ വിജയം അർഹിക്കുന്നുവെന്നും എന്നാൽ ‘ടീം’ ഇതുവരെ നടത്തിയ പെർഫോമൻസിൽ സന്തോഷമുണ്ടെന്നും മറ്റൊരു ആരാധകൻ പറഞ്ഞു.
തോൽവിക്ക് ശേഷവും ആയിരക്കണക്കിന് അർജന്റീനക്കാർ ബ്യൂണസ് ഐറിസിലെ ഒബെലിസ്കിലെ പരമ്പരാഗത ആഘോഷ സ്ഥലത്തേക്ക് പോയി, മണിക്കൂറുകളോളം വെടിക്കെട്ടുകളും അവരുടെ ടീമിനോടുള്ള നന്ദിയും പ്രകടിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം രാത്രി വൈകി, സ്മാരകത്തിൽ ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ആരാധകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കികൾ, കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ ഉപയോഗിക്കുകയും ചെയ്തിരുന്നു.
English Summary
The Argentina team returned to their homeland after the 2026 FIFA World Cup. But Lionel Messi was not among the returning group. Messi is reportedly staying in the USA after the defeat. The Argentine Football Association (AFA) has confirmed that Lionel Messi was not among the players who disembarked in Buenos Aires.