Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
High Court Stays Arrest of Karnataka Cricket Association Office Bearers: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‍സിഎ) ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ ഉൾപ്പെടുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ ഉൾപ്പെടുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‍സിഎ) ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കെഎസ്‍സിഎ പ്രസിഡന്‍റ് എ രഘുറാം ഭട്ട് അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇന്ന് (ജൂൺ 6) രാവിലെ കെഎസ്‍സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
കേസ് ജൂൺ 16ന് വീണ്ടും പരിഗണിക്കും. അതേസമയം, സംഭവത്തിൽ ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിൽ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ നിഖിൽ സോസലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന് പറയാനുള്ളത് എന്താണെന്ന് കേൾക്കണമെന്ന് കോടതി അറിയിച്ചു. ഇതോടെ കേസ് മാറ്റിവെച്ചു. കേസെടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തെന്ന് നിഖിൽ കോടതിയിൽ വാദിച്ചെങ്കിലും ഇതിൽ യുക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജൂൺ നാലിന് വൈകുന്നേരമാണ് ഐപിഎൽ ക്രിക്കറ്റ് ജേതാക്കളായ ആർസിബിയുടെ വിജയാഘോഷം വലിയ ദുരന്തത്തിൽ കലാശിച്ചത്. റോഡ് ഷോയ്ക്കായി ടീമിനെ കാത്തുനിൽക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍സിഎ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചത്.