KCL 2025: തുടര്‍ച്ചയായ രണ്ടാം സീസണിലും കൊല്ലം സെയിലേഴ്‌സ് ഫൈനലില്‍; ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു
KCL 2025 Aries Kollam Sailors In Final: സെയിലേഴ്‌സിന്റെ ബൗളര്‍മാര്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ടൈറ്റന്‍സ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. 86 റണ്‍സിന് ടൈറ്റന്‍സ് ഓള്‍ ഔട്ടായി. 23 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനും, 13 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനും മാത്രമാണ് തൃശൂരിനായി രണ്ടക്കം കടന്നത്

Aries Kollam Sailors
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം കെസിഎല്‍ കിരീടമെന്ന സ്വപ്‌നനേട്ടത്തിന് ഒരു ജയം മാത്രം അകലെ ഏരീസ് കൊല്ലം സെയിലേഴ്‌സ്. സെമി ഫൈനലില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലിലെത്തിയത്. 87 റണ്‍സ് വിജയലക്ഷ്യം 9.5 ഓവറില്‍ കൊല്ലം മറികടന്നു. ഓപ്പണര്‍മാരായ ഭരത് സൂര്യയും (31 പന്തില്‍ 56), അഭിഷേക് നായരും (28 പന്തില്‍ 32) കൊല്ലത്തെ അനായാസം ഫൈനലിലെത്തിക്കുകയായിരുന്നു.
59 പന്തില്‍ 92 റണ്‍സാണ് കൊല്ലത്തിന്റെ ഓപ്പണര്‍മാര്‍ ഒരുമിച്ച് അടിച്ചുകൂട്ടിയത്. പിന്തുടരുന്നത് ചെറിയ വിജയലക്ഷ്യമായിരുന്നതിനാല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഇരുവരും ബാറ്റ് ചെയ്തിരുന്നത്. സമ്മര്‍ദ്ദം മുഴുവന്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ബൗളര്‍മാര്‍ക്കായിരുന്നു.
കൊല്ലം സെയിലേഴ്‌സിന്റെ ബൗളര്‍മാര്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ടൈറ്റന്‍സ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. 17.1 ഓവറില്‍ 86 റണ്‍സിന് ടൈറ്റന്‍സ് ഓള്‍ ഔട്ടായി. 28 പന്തില്‍ 23 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനും, 10 പന്തില്‍ 13 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനും മാത്രമാണ് തൃശൂരിനായി രണ്ടക്കം കടന്നത്. ഓപ്പണര്‍മാരായ ഇരുവരും പുറത്തായതോടെ തൃശൂര്‍ ആടിയുലഞ്ഞു. വൈകാതെ നിലംപതിച്ചു.
ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍-7, അക്ഷയ് മനോഹര്‍-6, അജു പൗലോസ്-5, സിബിന്‍ ഗിരീഷ്-6, എകെ അര്‍ജുന്‍-6, വരുണ്‍ നായനാര്‍-4 എന്നിവരെല്ലാം നിരാശപ്പെടുത്തി. വാലറ്റത്ത് കെ അജ്‌നാസ്-8, വിനോദ് കുമാര്‍ സിവി-4, ആനന്ദ് ജോസഫ്-4 എന്നിവര്‍ക്കും ഒന്നും ചെയ്യാനായില്ല.
കൊല്ലത്തിന്റെ ബൗളര്‍മാരെല്ലാം വിക്കറ്റ് വീഴ്ത്തിയെന്നതാണ് മത്സരത്തിന്റെ പ്രത്യേകത. പവന്‍ രാജ്, എ.ജി. അമല്‍, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, സച്ചിന്‍ ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സും, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കൊല്ലം നേരിടും.