Asia Cup 2025: അഫ്ഗാനിസ്ഥാന് ഇന്ന് അഗ്നിപരീക്ഷ; സൂപ്പർ ഫോർ യോഗ്യതയ്ക്ക് ജയം അനിവാര്യം
Afghanistan vs Srilanka Today: ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ഇന്ന് അഗ്നിപരീക്ഷ. സൂപ്പർ ഫോർ യോഗ്യത നേടണമെങ്കിൽ അഫ്ഗാനിസ്ഥാന് കിന്ന് വിജയം അനിവാര്യമാണ്.
ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാന് ഇന്ന് അഗ്നിപരീക്ഷ. ഇന്ന് ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ അഫ്ഗാന് സൂപ്പർ ഫോറിൽ പ്രവേശിക്കാൻ സാധിക്കൂ. ഏഷ്യാ കപ്പിലെ ഫേവരിറ്റുകളായി കരുതപ്പെട്ടിരുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ. എന്നാൽ, ബംഗ്ലാദേശിനെതിരായ പരാജയം അവരുടെ പ്രതീക്ഷകൾ തകിടം മറിക്കുകയായിരുന്നു.
ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ശ്രീലങ്ക. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഹോങ്കോങിനെ നാല് വിക്കറ്റിനും തോല്പിച്ച ശ്രീലങ്കയ്ക്ക് നാല് പോയിൻ്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിനും നാല് പോയിൻ്റുണ്ടെങ്കിലും മികച്ച നെറ്റ് റൺ റേറ്റാണ് ശ്രീലങ്കയ്ക്ക് തുണയായത്. ബംഗ്ലാദേശ് മൂന്ന് മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. അഫ്ഗാനിസ്ഥാൻ രണ്ട് മത്സരങ്ങളിൽ ഒരെണ്ണമാണ് ജയിച്ചത്. ഇന്നത്തെ കളി വിജയിച്ചാൽ അഫ്ഗാനും നാല് പോയിൻ്റാവും. എന്നാൽ, ഈ മൂന്ന് ടീമുകളിൽ ഏറ്റവും ഉയർന്ന നെറ്റ് റൺ റേറ്റ് അഫ്ഗാനിസ്ഥാനാണ്. ഏറ്റവും കുറഞ്ഞ നെറ്റ് റൺ റേറ്റ് ബംഗ്ലാദേശിനും. അതുകൊണ്ട് തന്നെ ശ്രീലങ്കയെ തോല്പിച്ചാൽ അഫ്ഗാനിസ്ഥാന് സൂപ്പർ ഫോർ ഉറപ്പിക്കാം.




പാതും നിസങ്കയുടെ തകർപ്പൻ ഫോമാണ് ശ്രീലങ്കയുടെ പ്രതീക്ഷ. രണ്ട് കളിയിൽ നിന്ന് 151 സ്ട്രൈക്ക് റേറ്റും 59 ശരാശരിയും സൂക്ഷിച്ച് 118 റൺസാണ് നിസങ്ക നേടിയത്. രണ്ട് കളിയിലും ഫിഫ്റ്റി നേടാനും നിസങ്കയ്ക്ക് കഴിഞ്ഞു. മറുവശത്ത് അസ്മതുള്ള ഒമർസായ് ആണ് അഫ്ഗാൻ്റെ തുരുപ്പുചീട്ട്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒമർസായ് മികച്ച ഫോമിലാണ്.
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. ഒടിടി പ്രേക്ഷകർക്ക് സോണിലിവ് ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാം. ടെലിവിഷൻ പ്രേക്ഷകർക്ക് സോണി സ്പോർട്സ് ചാനലിലും മത്സരം കാണാം.