Sanju Samson: ഇന്ത്യ പിടിച്ചുകയറിയത് ആ ’57’ റണ്‍സില്‍ നിന്ന്; സഞ്ജുവായിരുന്നു ശരി
Analysing Sanju Samson's batting in Asia Cup 2025 Final India vs Pakistan: മത്സരത്തിനിടെ സഞ്ജുവിന്റെ പ്രകടനത്തെ കമന്റേറ്റേഴ്‌സ് പല തവണയാണ് പുകഴ്ത്തിയത്. സഞ്ജുവിന്റെ പ്രകടനം മറക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി കമന്ററി അവസാനിപ്പിച്ചതുപോലും. വളരെ പക്വത നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ പ്രകടനമെന്ന് രവി ശാസ്ത്രി

സഞ്ജു സാംസൺ
Sanju Samson’s performance in the Asia Cup final: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തില്‍ സഞ്ജു സാംസണ്‍ വഹിച്ച പങ്ക് എന്താണെന്ന് സ്‌കോര്‍കാര്‍ഡ് മാത്രം കണ്ടവര്‍ക്ക് ചിലപ്പോള്‍ മനസിലാകണമെന്നില്ല. 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിന്റെ പ്രകടനത്തിന് എന്ത് മഹിമയെന്ന ചോദ്യം അവര്‍ ഉന്നയിച്ചേക്കാം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സഞ്ജുവിന്റെ പ്രകടനത്തെ നിസാരവത്കരിച്ചും, വിമര്‍ശിച്ചും പോസ്റ്റുകള്‍ വന്നുനിറയുന്നുമുണ്ട്. സ്‌കോര്‍കാര്‍ഡ് മാത്രം കണ്ട് മത്സരം വിലയിരുത്തുന്നവരെ കുറ്റം പറയാനുമാകില്ല. കാരണം, സഞ്ജുവിന്റെ പ്രകടനത്തിന്റെ പ്രാധാന്യം മത്സരം തത്സമയം കണ്ടവര്‍ക്ക് മാത്രമേ മനസിലാക്കാനാകൂ.
ഇന്ത്യയുടെ ചേസിങില്‍ നെടുന്തൂണായതും, വിജയത്തിന്റെ 90 ശതമാനം ക്രെഡിറ്റും അര്‍ഹിക്കുന്നതും തിലക് വര്‍മയാണെന്നതില്‍ സംശയമില്ല. എന്നാല്‍ മൂന്ന് വിക്കറ്റിന് 20 എന്ന നിലയില്‍ തകര്‍ന്നടിച്ച ടീമിനെ തിലക് വര്‍മ കൈപിടിച്ചുയര്‍ത്തിയത്, സഞ്ജുവിനെ കൂട്ടുപിടിച്ചായിരുന്നു.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പായിരുന്നു മത്സരത്തിന്റെ ടേണിങ് പോയിന്റ്. അതീവ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ പക്വത നിറഞ്ഞ പ്രകടനമാണ് സഞ്ജുവും തിലകും കാഴ്ചവച്ചത്. നാലാം വിക്കറ്റിലെ പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നാണ് കരകയറ്റിയത്. ആറാമനായി ക്രീസിലെത്തിയ ശിവം ദുബെയ്ക്ക് തകര്‍ത്തടിക്കാന്‍ കരുത്ത് പകര്‍ന്നതും നാലാം വിക്കറ്റിലെ സഞ്ജു-തിലക് കൂട്ടുക്കെട്ട് സൃഷ്ടിച്ച അടിത്തറയായിരുന്നു.
എന്നാല്‍ സഞ്ജുവിന്റെ പ്രകടനത്തെ മനപൂര്‍വം വിസ്മരിക്കുന്ന തരത്തിലുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സഞ്ജു 20 കടന്നതുപോലും പാക് ഫീല്‍ഡര്‍ ക്യാച്ച് നിലത്തിട്ടതുകൊണ്ടാണെന്ന വിമര്‍ശനവുമുയരുന്നുണ്ട്. എന്നാല്‍ ടി20യിലെ ഏതൊരു വമ്പന്‍ പ്രകടനത്തിന് പിന്നിലും ഇത്തരം മിസ് ക്യാച്ചുകള്‍ സാധാരണമാണെന്ന വസ്തുത പലരും വിസ്മരിക്കുന്നു.
തിലക് വര്‍മയുടേത് പോലൊരു മാച്ച് വിന്നിങ് പ്രകടനം നടത്താനോ, ശിവം ദുബെയെ പോലെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനോ സഞ്ജുവിന് സാധിച്ചില്ല. എന്നാല്‍ അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും, സൂര്യകുമാര്‍ യാദവും നിറം മങ്ങിയിടത്ത്, തീര്‍ത്തും സാഹചര്യത്തിന് അനുസൃതമായാണ് സഞ്ജു ബാറ്റ് ചെയ്തത്. ഒരുപക്ഷേ, നാലാം വിക്കറ്റില്‍ സഞ്ജു-തിലക് സഖ്യത്തിന് പിഴച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ദയനീയമാകുമായിരുന്നു.
സഞ്ജുവിന് പ്രശംസ
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന് വിമര്‍ശനമേറുന്നുണ്ടെങ്കിലും, താരത്തെ പ്രശംസിച്ച് സഹതാരങ്ങളടക്കം രംഗത്തെത്തി. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്ന സാഹചര്യത്തില്‍, മികച്ച രീതിയിലാണ് സഞ്ജുവും തിലകും ബാറ്റ് ചെയ്തതെന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
“തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. പക്ഷേ സഞ്ജുവും തിലകും ബാറ്റ് ചെയ്ത രീതിയും ദുബെ സിക്സറുകൾ നേടിയ രീതിയും അതിശയകരമായിരുന്നു. അത് ഒരു സ്ലോ വിക്കറ്റായിരുന്നു”-ശുഭ്മാൻ ഗിൽ പറഞ്ഞു. സഞ്ജുവിനെ പ്രശംസിച്ച് തിലക് വര്‍മയും രംഗത്തെത്തി. സമ്മര്‍ദ്ദഘട്ടമായിരുന്നുവെന്നും പാകിസ്ഥാന്‍ നന്നായി പന്തെറിഞ്ഞുവെന്നും തിലക് പറഞ്ഞു. ശാന്തനാകായിരുന്നു തന്റെ ശ്രമം. സഞ്ജുവിന്റേത് അതിശയകരമായ പ്രകടനമായിരുന്നുവെന്നും താരം വ്യക്തമാക്കി.
മത്സരത്തിനിടെ സഞ്ജുവിന്റെ പ്രകടനത്തെ കമന്റേറ്റേഴ്‌സ് പല തവണയാണ് പുകഴ്ത്തിയത്. സഞ്ജുവിന്റെ പ്രകടനം മറക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി കമന്ററി അവസാനിപ്പിച്ചതുപോലും. വളരെ പക്വത നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ പ്രകടനമെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോള്‍ സഹ കമന്റേറ്റര്‍മാരും അത് പിന്തുണച്ചു.
പ്രഷര്‍ താന്‍ ആസ്വദിക്കുകയായിരുന്നുവെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ശാന്തമായിരിക്കാനും, എക്‌സ്പീരിയന്‍സ് പ്രയോജനപ്പെടുത്താനുമാണ് ശ്രമിച്ചത്. തിലകുമായി നല്ല കൂട്ടുക്കെട്ടുണ്ടാക്കാന്‍ സാധിച്ചെന്നും താരം വ്യക്തമാക്കി.
സഞ്ജുവിന്റെ പ്രതികരണം
പറക്കും സഞ്ജു
വിക്കറ്റ് കീപ്പിങിലും ഉജ്ജ്വല പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഹുസൈന്‍ തലാട്ടിന്റെയും, സല്‍മാന്‍ അലി ആഘയുടെയും ക്യാച്ചെടുത്തത് സഞ്ജുവായിരുന്നു. സല്‍മാന്റെ ക്യാച്ച് സഞ്ജു ‘പറന്ന്’ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷഹീന്‍ അഫ്രീദിയെ കുല്‍ദീപ് യാദവ് എല്‍ബിഡബ്ല്യുവില്‍ കുരുക്കിയപ്പോള്‍, ഡിആര്‍എസ് എടുക്കാന്‍ സൂര്യകുമാറിനെ പ്രേരിപ്പിച്ചതും സഞ്ജുവായിരുന്നു.
Sanju Samson – The Safest Hands in India! 🧤 https://t.co/00sJFkndN2 pic.twitter.com/GM1tWALtfj
— Anurag™ (@Samsoncentral) September 28, 2025
ആയിരം ‘അകലെ’
ടി20യില്‍ ആയിരം റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിക്കാത്തത് ആരാധകര്‍ക്ക് നിരാശയായി. സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് വേണ്ടത് ഇനി ഏഴ് റണ്‍സ് മാത്രം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടുമെന്നും, ആ മത്സരത്തില്‍ താരം ഈ നേട്ടം തികയ്ക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. ഓസീസിനെതിരായ ഏകദിന പരമ്പരയിലും സഞ്ജു ഉള്‍പ്പെടുമെന്നും അഭ്യൂഹമുണ്ട്.