Asia Cup 2025: കെസിഎലിൽ സഞ്ജു, യുപി ലീഗിൽ റിങ്കു; ഏഷ്യാ കപ്പ് ടീമിലെ സമവാക്യങ്ങൾ മാറിമറിയുമോ?
Sanju Samson And Rinku Singh: സഞ്ജു സാംസണും റിങ്കു സിംഗും അതാത് ലീഗുകളിൽ തകർപ്പൻ ഫോമിലാണ്. ഇത് ഏഷ്യാ കപ്പ് ഫൈനൽ ഇലവനെ സ്വാധീനിക്കുമോ?
ഏഷ്യാ കപ്പ് ഫൈനൽ ഇലവനിൽ ഏറെക്കുറെ ഉറപ്പായെങ്കിലും ഈ ലൈനപ്പിൽ മാറ്റമുണ്ടായേക്കുമോ എന്ന ചോദ്യം സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. അതിന് കാരണം രണ്ട് സംസ്ഥാന ടി20 ലീഗുകളാണ്. ഒന്ന് കേരള ക്രിക്കറ്റ് ലീഗ്, മറ്റൊന്ന് ഉത്തർപ്രദേശ് ടി20 ലീഗ്. കെസിഎലിൽ സഞ്ജു സാംസൺ തകർക്കുമ്പോൾ യുപി ലീഗിൽ റിങ്കു സിംഗിൻ്റെ തേരോട്ടമാണ്.
സഞ്ജുവും റിങ്കുവും ടീമിലുണ്ടെങ്കിലും ഫൈനൽ ഇലവനിലേക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയായിരുന്നു. സഞ്ജുവിൻ്റെ സ്ഥാനത്ത് ഓപ്പണറായി ശുഭ്മൻ ഗില്ലിനെയാണ് തിരഞ്ഞെടുത്തിരുന്നത്. വൈസ് ക്യാപ്റ്റനായതിനാൽ ഗില്ലിനെ ഒഴിവാക്കാനാവില്ല. ഗിൽ ഇല്ലാത്തതുകൊണ്ടാണ് സഞ്ജു ഓപ്പൺ ചെയ്തതെന്ന അഗാർക്കറിൻ്റെ പ്രസ്താവന. എല്ലാം കൂടി ചേർത്തുവായിക്കുമ്പോൾ ഗില്ലിനായി സഞ്ജു പുറത്തിരിക്കുമെന്നാണ് കരുതേണ്ടത്.
Also Read: KCL 2025: വീണ്ടും മുന്നിൽ നിന്ന് നയിച്ച് സഞ്ജുവിൻ്റെ വെടിക്കെട്ട്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറാം ജയം
ഒരു മോശം ഐപിഎൽ സീസൺ ആണ് റിങ്കുവിൻ്റെ സ്ഥാനം സംശയത്തിലാക്കിയത്. റിങ്കുവിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ പോലും വിമർശനങ്ങളുയർന്നു. മോശം ഫോമും ഫൈനൽ ഇലവനിൽ ഒരു വിക്കറ്റ് കീപ്പർ എന്നതും റിങ്കുവിൻ്റെ സ്ഥാനം അവതാളത്തിലാക്കി. സഞ്ജുവിന് പകരം ഗിൽ ഓപ്പൺ ചെയ്യുമ്പോൾ ടീമിൽ ഒരു വിക്കറ്റ് കീപ്പർ ഉണ്ടാവണം. ഫിനിഷർ റോളിൽ കളിക്കുന്ന ജിതേഷ് ശർമ്മ വിക്കർ കീപ്പർ – ഫിനിഷർ റോളുകളിൽ ഇറങ്ങുമെന്ന് ഉറപ്പാണ്.
എന്നാൽ, അതാത് ലീഗുകളിൽ നടത്തുന്ന പ്രകടനം സഞ്ജുവിനെയും റിങ്കുവിനെയും സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക് ആക്കിയിട്ടുണ്ട്. കെസിഎലിൽ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും സഹിതം 186 സ്ട്രൈക്ക് റേറ്റിൽ സഞ്ജു നേടിയത് 368 റൺസാണ്. ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രണ്ടാമത്. 30 സിക്സുകളുമായി പട്ടികയിൽ ഒന്നാമത്. യുപി ടി20 ലീഗിൽ 8 ഇന്നിംഗ്സുകളിൽ നിന്ന് 180 സ്ട്രൈക്ക് റേറ്റിൽ 22 സിക്സറുകൾ സഹിതം റിങ്കു നേടിയത് 332 റൺസ്. റൺ വേട്ടയിൽ നാലാമത്, സിക്സർ വേട്ടയിൽ രണ്ടാമത്.
ഇങ്ങനെയൊക്കെ ആണെങ്കിലും നേരത്തെ സെറ്റ് ചെയ്ത ടെംപ്ലേറ്റിൽ നിന്ന് മാറാൻ ഇന്ത്യൻ ടീം തയ്യാറായേക്കില്ല. ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം അർഹരായ രണ്ട് താരങ്ങളെയാണ് പുറത്തിരുത്തുന്നത്.