Asia Cup 2025: ‘സഞ്ജു ഈ കളി അഞ്ചാം നമ്പറിൽ ഇറങ്ങണമെന്നില്ല’; നിർണായക പ്രസ്താവനയുമായി പരിശീലകൻ
Sitanshu Kotak About Sanju Samson: സഞ്ജു സാംസണിൻ്റെ ബാറ്റിംഗ് പൊസിഷൻ മാറാമെന്ന് ബാറ്റിംഗ് പരിശീലകൻ സിദ്ധാൻഷു കോടക്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അഞ്ചാം നമ്പറിലിറങ്ങിയതിനാൽ പാകിസ്താനെതിരെയും സഞ്ജു അതേ നമ്പരിൽ ഇറങ്ങണമെന്നില്ലെന്ന് ബാറ്റിംഗ് പരിശീലകൻ സിദ്ധാൻഷു കോടക്. ഏത് നമ്പരിൽ ബാറ്റ് ചെയ്യാനും സഞ്ജുവിന് കഴിയുമെന്നും കോടക് പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് കോടകിൻ്റെ പ്രസ്താവന.
“നോക്കൂ, സഞ്ജു അഞ്ച്, ആറ് നമ്പരുകളിൽ ഒരുപാടൊന്നും കളിച്ചിട്ടില്ല. അതിനർത്ഥം, അദ്ദേഹത്തിന് അതിന് കഴിയില്ലെന്നല്ല. ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ കഴിയുന്ന താരമാണ് സഞ്ജുവെന്ന് ഞാൻ കരുതുന്നു. ടീമിൻ്റെ ആവശ്യത്തിനനുസരിച്ച്, ക്യാപ്റ്റനും പരിശീലകനും അത് തീരുമാനിക്കും. ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ അവനും സന്തോഷമാണ്.”- കോടക് പറഞ്ഞു.




“നമ്മുടെ ബാറ്റിംഗ് ലൈനപ്പിലേക്ക് നോക്കിയാൽ, എല്ലാവരും എല്ലാ നമ്പറിലും ബാറ്റ് ചെയ്യാനും ഫിനിഷ് ചെയ്യാനും കഴിയുന്നവരാണ്. നമുക്ക് ആക്രമണമനോഭാവമുള്ള നാലഞ്ച് കളിക്കാരുണ്ട്. ഇവർ എവിടെ ബാറ്റ് ചെയ്യണമെന്ന് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കും. കഴിഞ്ഞ കളി, സഞ്ജു ബാറ്റ് ചെയ്യേണ്ടിയിരുന്നത് അഞ്ചാം നമ്പറിലായിരുന്നു. അടുത്ത കളി അവന് എവിടെയും ബാറ്റ് ചെയ്യാനാവും. ബാറ്റിങ് പൊസിഷൻ ഉറപ്പിച്ചിട്ടില്ല. എല്ലാവർക്കും അവരുടെ റോളുകൾ അറിയാം. അതുകൊണ്ട്, സാഹചര്യത്തിനനുസരിച്ച് അവർ തയ്യാറായിരിക്കും.”- അദ്ദേഹം തുടർന്നു.
ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിൻ്റെ അനായാസ ജയം കുറിച്ചിരുന്നു. ഈ കളി വിക്കറ്റ് കീപ്പറായി കളിച്ച സഞ്ജു അഞ്ചാം നമ്പരിലായിരുന്നു ടീം ഷീറ്റിൽ ഉണ്ടായിരുന്നത്. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ടീമിലെത്തിയതോടെ സഞ്ജു ടീമിൽ ജിന്ന് പുറത്താവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓപ്പണിംഗിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ഗംഭീരപ്രകടനങ്ങൾ കാഴ്ചവച്ച സഞ്ജുവിന് ഗില്ലിനായി ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടമായെങ്കിലും താരത്തിനെ ടീമിൽ നിലനിർത്തുകയായിരുന്നു. ഇന്ന്, പാകിസ്താനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.