Asia Cup 2025 India vs Pakistan: ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു അപ്‌ഡേറ്റ് പോലുമില്ല, ‘അദൃശ്യ ബോയ്‌കോട്ട്’ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും?
Asia Cup 2025 India vs Pakistan Pre Match Updates: ഇന്ത്യ-പാക് മത്സരം കാണാന്‍ ബിസിസിഐ പ്രതിനിധികള്‍ എത്തില്ലെന്ന് അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. മത്സരത്തോട് 'അദൃശ്യ ബോയ്‌കോട്ട്' സമീപനം സ്വീകരിക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ദുബായ്: ഏത് മത്സരത്തിന് മുമ്പും അതിന്റെ പ്രീ മാച്ച് അപ്‌ഡേറ്റുകള്‍ കൃത്യമായി നല്‍കാറുള്ള പതിവ് തെറ്റിച്ച് ബിസിസിഐയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഇന്നാണെങ്കിലും അതിന്റെ ഒരു അപ്‌ഡേറ്റ് പോലും ബിസിസിഐയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഹാന്‍ഡിലുകളിലും, വാട്ട്‌സ്ആപ്പ് ചാനലിലും ഇല്ല. ഇന്ത്യന്‍ ടീം നടത്തിയ ബ്രോങ്കോ ടെസ്റ്റിന്റെ അപ്‌ഡേറ്റ് സെപ്തംബര്‍ 12ന് പങ്കുവച്ചതിന് ശേഷം ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട ഒരു വിവരവും ബിസിസിഐ നല്‍കിയിട്ടില്ല.
അതിനു ശേഷം ഇതുവരെ വനിതാ ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ മാത്രമാണ് ബിസിസിഐ നല്‍കിയത്. ഏതു മത്സരത്തിന്റെ പരിശീലന ചിത്രങ്ങള്‍, വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കുവയ്ക്കുന്നതായിരുന്നു ബിസിസിഐയുടെ പതിവ്. ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പും പരിശീലന ചിത്രങ്ങള്‍ ബിസിസിഐ നല്‍കിയിരുന്നു.




#WATCH | Pune, Maharashtra: On the upcoming India vs Pakistan match in the Asia Cup 2025, BJP MP Anurag Thakur says, “When multinational tournaments are organised by ACC or ICC, it becomes a compulsion, a necessity for nations to participate. If they don’t do that, they will be… pic.twitter.com/ybP4n9nCaJ
— ANI (@ANI) September 13, 2025
‘അദൃശ്യ ബോയ്‌കോട്ട്’?
ഇന്ത്യ-പാക് മത്സരം കാണാന്‍ ബിസിസിഐ പ്രതിനിധികള്‍ എത്തില്ലെന്ന് അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. മത്സരത്തോട് ‘അദൃശ്യ ബോയ്‌കോട്ട്’ സമീപനം സ്വീകരിക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രീമാച്ച് അപ്‌ഡേറ്റുകള്‍ നല്‍കാത്തത് ഇതിന്റെ ഭാഗമായാണോ എന്നാണ് ആരാധകരുടെ സംശയം.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ, ട്രഷറർ പ്രഭ്തേജ് ഭാട്ടിയ, ജോയിന്റ് സെക്രട്ടറി റോഹൻ ദേശായി എന്നിവര്‍ വിട്ടുനിന്നേക്കുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗം എന്ന നിലയില്‍ ബിസിസിഐ ആക്ടിംഗ് പ്രസിഡന്റായ രാജീവ് ശുക്ല മത്സരം കാണാനെത്തിയേക്കും.