Asia Cup 2025: നിസങ്കയുടെ ബാറ്റിങ് കരുത്തില്‍ ബംഗ്ലാദേശിനെ നിസാരമായി തോല്‍പിച്ച് ശ്രീലങ്ക; ജയം ആറു വിക്കറ്റിന്
Asia Cup 2025 Sri Lanka vs Bangladesh Match Result: ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കെ ശ്രീലങ്ക മറികടന്നു. 34 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പഥും നിസങ്കയും, പുറത്താകാതെ 32 പന്തില്‍ 46 റണ്‍സെടുത്ത കാമില്‍ മിശാറയുമാണ് ലങ്കന്‍ വിജയം അനായാസമാക്കിയത്
അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ അനായാസം കീഴ്‌പ്പെടുത്തി ശ്രീലങ്ക. ആറു വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കെ ശ്രീലങ്ക മറികടന്നു. സ്‌കോര്‍: ബംഗ്ലാദേശ്-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 139, ശ്രീലങ്ക-14.4 ഓവറില്‍ നാലു വിക്കറ്റിന് 140. 34 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പഥും നിസങ്കയും, പുറത്താകാതെ 32 പന്തില്‍ 46 റണ്‍സെടുത്ത കാമില്‍ മിശാറയുമാണ് ലങ്കന്‍ വിജയം അനായാസമാക്കിയത്.
രണ്ടാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന നിസങ്ക-മിശാറ സഖ്യം നിസാരമായി ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആറു പന്തില്‍ മൂന്ന് റണ്‍സെടുത്ത മെന്‍ഡിസിനെ മുസ്തഫിസുര്‍ റഹ്‌മാനാണ് പുറത്താക്കിയത്. നിസങ്ക-മിശാര സഖ്യം 95 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ലങ്കയ്ക്ക് സമ്മാനിച്ചത്. പതിനൊന്നാം ഓവറില്‍ നിസങ്കയെ മെഹദി ഹസന്‍ പുറത്താക്കിയെങ്കിലും ലങ്ക വിജയം ഉറപ്പിച്ചിരുന്നു.
നിസങ്കയ്ക്ക് ശേഷം ക്രീസിലെത്തിയ കുശാല്‍ പെരേരയും (ഒമ്പത് പന്തില്‍ ഒമ്പത്), മുന്‍ ക്യാപ്റ്റന്‍ ദസുന്‍ ശനകയും (മൂന്ന് പന്തില്‍ ഒന്ന്) വന്ന പോലെ മടങ്ങി. പെരേരയെ മഹെദി ഹസനും, ശനകയെ തന്‍സിം ഹസന്‍ സാക്കിബുമാണ് പുറത്താക്കിയത്. എന്നാല്‍ അഞ്ചാം വിക്കറ്റിലെ ക്യാപ്റ്റന്‍ ചരിത് അസലങ്ക-കാമില്‍ മിശാര സഖ്യത്തിന്റെ അപരാജിത കൂട്ടുക്കെട്ട് ലങ്കയെ വിജയത്തിലെത്തിച്ചു. അസലങ്ക നാല് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി മഹെദി ഹസന്‍ രണ്ടു വിക്കറ്റും, മുസ്തഫിസുര്‍ റഹ്‌മാനും, തന്‍സിം ഹസന്‍ സാക്കിബും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.




ബംഗ്ലാദേശിന് സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പ് ഓപ്പണര്‍മാരായ തന്‍സിം ഹസനെയും, പര്‍വേസ് ഹൊസൈന്‍ ഇമോനെയും നഷ്ടമായിരുന്നു. തന്‍സിമിനെ നുവാന്‍ തുഷാരയും, പര്‍വേസിനെ ദുശ്മന്ത ചമീരയുമാണ് മടക്കി അയച്ചത്. ബംഗ്ലാദേശ് നേരിട്ട ആദ്യ രണ്ടോവറുകളും മെയ്ഡനായി.
34 പന്തില്‍ 41 റണ്‍സെടുത്ത ജാക്കര്‍ അലിയും, 34 പന്തില്‍ 42 റണ്‍സെടുത്ത ഷാമിം ഹൊസൈനും മാത്രമാണ് ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ പൊരുതിയത്. ഇരുവരും പുറത്താകാതെ നിന്നു. ലിട്ടണ്‍ ദാസ്-26 പന്തില്‍ 28, തൗഹിദ് ഹൃദോയ്-ഒമ്പത് പന്തില്‍ എട്ട്, മഹെദി ഹസന്‍-ഏഴ് പന്തില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് സ്വന്തമാക്കി.