Asia Cup 2025: ഇനി പ്രതീക്ഷിക്കേണ്ട, അല്ലേ? സഞ്ജു പുറത്തായേക്കും, ബിസിസിഐ നല്‍കിയത് വലിയ സൂചന?
Will Sanju Samson be included in the Indian playing XI for Asia Cup 2025: ആദ്യം നല്‍കിയ പത്ത് താരങ്ങളും, കുല്‍ദീപ്, വരുണ്‍ എന്നിവരില്‍ ഒരാളും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. പന്ത്രണ്ടാമതായാണ് സഞ്ജുവിന്റെ ചിത്രം ബിസിസിഐ പങ്കുവച്ചത്. ഇത് ദുഃസൂചനയായി ആരാധകര്‍ കരുതുന്നു
ദുബായ്: ആരാധകര്‍ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. സെപ്തംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ്കോങും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം സെപ്തംബര്‍ 10നാണ്. ആതിഥേയരായ യുഎഇയാണ് എതിരാളികള്‍. ഇന്ത്യന്‍ ടീം നിലവില്‍ പരിശീലനത്തിലാണ്. സ്‌ക്വാഡിലുള്ള താരങ്ങളെല്ലാം ദുബായിലെത്തിയിട്ടുണ്ട്. പ്ലേയിങ് ഇലവനില്‍ ആരൊക്കെ ഇടം നേടുമെന്നറിയാനാണ് ആരാധകരുടെ ആകാംക്ഷ. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലെ പോസ്റ്റും ഇതേ സൂചനയാണ് നല്‍കുന്നത്.
ദുബായില്‍ താരങ്ങള്‍ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചിത്രമാണ് ആദ്യം നല്‍കിയത്. രണ്ടാമതായി വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ പടവും ഉള്‍പ്പെടുത്തി.
തുടര്‍ന്ന് ബാറ്റിങ് ഓര്‍ഡറിലെ ചിത്രങ്ങള്‍ ക്രമത്തില്‍ പങ്കുവച്ചു. മൂന്നാമതായി അഭിഷേക് ശര്‍മ, നാലാമതായി തിലക് വര്‍മ, അഞ്ചാമതായി ഹാര്‍ദ്ദിക് പാണ്ഡ്യ, ആറാമതായി ശിവം ദുബെ, ഏഴാമതായി അക്‌സര്‍ പട്ടേല്‍, എട്ടാമതായി ജിതേഷ് ശര്‍മ, ഒമ്പതാമതായി ജസ്പ്രീത് ബുംറ, പത്താമതായി അര്‍ഷ്ദീപ് സിങ് എന്നിവരുടെ ചിത്രങ്ങളാണ് ക്രമത്തില്‍ നല്‍കിയത്. പതിനൊന്നാമതായി കുല്‍ദീപ് യാദവിന്റെയും, വരുണ്‍ ചക്രവര്‍ത്തിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും നല്‍കി. ബാറ്റിങ് ഓര്‍ഡറിലെ ക്രമത്തില്‍ നല്‍കിയ ചിത്രങ്ങള്‍ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള സൂചനയാണ് നല്‍കുന്നതെന്ന് ആരാധകര്‍ കരുതുന്നു.
ആദ്യം നല്‍കിയ പത്ത് താരങ്ങളും, കുല്‍ദീപ്, വരുണ്‍ എന്നിവരില്‍ ഒരാളും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. പന്ത്രണ്ടാമതായാണ് സഞ്ജുവിന്റെ ചിത്രം ബിസിസിഐ പങ്കുവച്ചത്. ഇത് ദുഃസൂചനയായി ആരാധകര്‍ കരുതുന്നു. തുടര്‍ന്ന് ഹര്‍ഷിത് റാണ, റിങ്കു സിങ് എന്നിവരുടെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു. സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്, കുല്‍ദീപ്/വരുണ്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടേക്കില്ലെന്നാണ് ഈ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
Also Read: Asia Cup 2025: കെസിഎലിൽ സഞ്ജു, യുപി ലീഗിൽ റിങ്കു; ഏഷ്യാ കപ്പ് ടീമിലെ സമവാക്യങ്ങൾ മാറിമറിയുമോ?
ലൈക്കുകളും കമന്റുകളും ചറപറാ
സഞ്ജുവിന്റെ ചിത്രം പന്ത്രണ്ടാമതായാണ് ഉള്‍പ്പെടുത്തിയതെങ്കിലും ഏറ്റവും കൂടുതല്‍ ലൈക്കുകളും കമന്റുകളും താരത്തിനാണ് ലഭിച്ചിരിക്കുന്നത്. സഞ്ജുവിന് അവസരം നല്‍കണമെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ വാദിക്കുന്നു.