AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: നിഖിലും ആഷിക്കും മിന്നിച്ചു, രണ്ടാം സെമിപ്പോരില്‍ ബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍

Kerala Cricket League Season Two Second Semi Final Kochi Blue Tigers vs Calicut Globstars: കൊച്ചിയുടെ സ്‌കോര്‍ 150 കടക്കുമോ എന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു മുഹമ്മദ് ആഷിക്കിന്റെ വരവ്. നിഖിലും ആഷിക്കും വമ്പനടികളുമായി കളം നിറഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡ് കുതിച്ചു

KCL 2025: നിഖിലും ആഷിക്കും മിന്നിച്ചു, രണ്ടാം സെമിപ്പോരില്‍ ബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍
kochi blue tigersImage Credit source: facebook.com/KeralaCricketLeagueT20
jayadevan-am
Jayadevan AM | Updated On: 06 Sep 2025 23:44 PM

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ രണ്ടാം സെമി ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 187 റണ്‍സ് വിജയലക്ഷ്യം. പുറത്താകാതെ 36 പന്തില്‍ 64 റണ്‍സെടുത്ത നിഖില്‍ തോട്ടത്തിന്റെയും, 10 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ആഷിക്കിന്റെയും ബാറ്റിങ് മികവാണ് കൊച്ചിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ കാലിക്കറ്റ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ഓപ്പണര്‍ വിനൂപ് മനോഹരന് ഇന്നത്തെ മത്സരത്തില്‍ തിളങ്ങാനായില്ല. 17 പന്തില്‍ 16 റണ്‍സെടുത്ത വിനൂപിനെ പുറത്താക്കി മനു കൃഷ്ണന്‍ കൊച്ചിക്ക് ആദ്യ ആഘാതം നല്‍കി. പിന്നാലെ ക്രീസിലെത്തിയ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് ഷാനു വന്ന പോലെ മടങ്ങി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഷാനുവിനെയും മനു കൃഷ്ണനാണ് പുറത്താക്കിയത്.

രണ്ട് വിക്കറ്റിന് 36 എന്ന നിലയില്‍ പതറിയ കൊച്ചിയെ ഓപ്പണര്‍ വിപുല്‍ ശക്തിയും, നാലാമനായി എത്തിയ വിപുലും പതുക്കെ കരകയറ്റി. എന്നാല്‍ 28 പന്തില്‍ 37 റണ്‍സെടുത്ത വിപുല്‍ ഹരികൃഷ്ണന്റെ പന്തില്‍ പുറത്തായത് കൊച്ചിക്ക് തിരിച്ചടിയായി. തുടര്‍ന്ന് ബാറ്റിങിന് എത്തിയ ക്യാപ്റ്റന്‍ സാലി സാംസണെ ഗോള്‍ഡന്‍ ഡക്കാക്കി ഹരികൃഷ്ണന്‍ പറഞ്ഞയച്ചതോടെ കൊച്ചി അപകടം മണുത്തു.

അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന നിഖില്‍-അജീഷ് സഖ്യം കൊച്ചിക്കായി രക്ഷാപ്രവര്‍ത്തനം നടത്തി. ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോര്‍ 100 കടന്നതും 20 പന്തില്‍ 24 റണ്‍സെടുത്ത അജീഷും മടങ്ങി. ഇബ്‌നുല്‍ അഫത്താബിനായിരുന്നു വിക്കറ്റ്. ജോബിന്‍ ജോബിയെയും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇബ്‌നുല്‍ പറഞ്ഞയച്ചു. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത ജോബിന്‍ പുറത്തായപ്പോള്‍, 16.4 ഓവറില്‍ ആറു വിക്കറ്റിന് 128 എന്ന നിലയിലായിരുന്നു കൊച്ചി.

Also Read: KCL 2025: തുടര്‍ച്ചയായ രണ്ടാം സീസണിലും കൊല്ലം സെയിലേഴ്‌സ് ഫൈനലില്‍; ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു

കൊച്ചിയുടെ സ്‌കോര്‍ 150 കടക്കുമോ എന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു മുഹമ്മദ് ആഷിക്കിന്റെ വരവ്. നിഖിലും ആഷിക്കും വമ്പനടികളുമായി കളം നിറഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. അവസാന ഓവറിലെ മൂന്നാം പന്തില്‍ ആഷിക്കിലെ അഖില്‍ ദേവ് ഔട്ടാക്കിയെങ്കിലും തകര്‍പ്പനടികളുമായി നിഖില്‍ ക്രീസില്‍ തുടര്‍ന്നതോടെ കൊച്ചി ഭേദപ്പെട്ട നിലയിലെത്തി. ഒരു പന്തില്‍ ഒരു റണ്‍സുമായി ജെറിന്‍ പിഎസ് പുറത്താകാതെ നിന്നു.