India Women vs England Women: സെഞ്ചുറിയടിച്ച് മന്ദന; അരങ്ങേറ്റത്തിൽ നാല് വിക്കറ്റുമായി ശ്രീ ചരണി: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ
India Wins Against England In First T20: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ 97 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

സ്മൃതി മന്ദന
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 97 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 210 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 113 റൺസെടുത്ത് ഓൾഔട്ടായി. ഹർമൻപ്രീത് കൗറിൻ്റെ അസാന്നിധ്യത്തിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത സ്മൃതി മന്ദന സെഞ്ചുറിയടിച്ച് ബാറ്റിംഗിൽ തിളങ്ങിയപ്പോൾ നാല് വിക്കറ്റ് വീഴ്ത്ത ശ്രീ ചരണിയാണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് കരുത്തായത്.
ഏറെക്കാലത്തിന് ശേഷം ടീമിലേക്ക് തിരികെയെത്തിയ ഷഫാലി വർമ്മ ടൈമിങ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയെങ്കിലും മറുവശത്ത് മന്ദന തകർപ്പൻ ഫോമിലായിരുന്നു. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ താരം 27 പന്തിൽ ഫിഫ്റ്റി തികച്ചു. പിന്നാലെ 22 പന്തിൽ 20 റൺസ് നേടി ഷഫാലി വർമ്മ പുറത്തായി. ആദ്യ വിക്കറ്റിൽ മന്ദനയുമൊത്ത് 77 റൺസ് ആണ് ഷഫാലി കൂട്ടിച്ചേർത്തത്. മൂന്നാം നമ്പറിലെത്തിയ ഹർലീൻ ഡിയോൾ ആക്രമിച്ച് കളിച്ചു. മന്ദനയ്ക്കൊപ്പം ഹർലീനും തുടർബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.
Also Read: KCL 2025 : സിക്സറടിക്കാൻ സഞ്ജു സാംസണും ഉണ്ട്; ഇത്തവണ കേരള ക്രിക്കറ്റ് ലീഗ് എവിടെ കാണാം?
51 പന്തിൽ മന്ദന സെഞ്ചുറി തികച്ചു. തൻ്റെ ടി20 കരിയറിലെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്. ഇതിനിടെ 23 പന്തിൽ 43 റൺസെടുത്ത് ഹർലീൻ ഡിയോൾ പുറത്തായി. 94 റൺസാണ് രണ്ടാം വിക്കറ്റിൽ മന്ദനയുമൊത്ത് ഡിയോൾ കൂട്ടിച്ചേർത്തത്. റിച്ച ഘോഷ് (6 പന്തിൽ 12) ചില ബൗണ്ടറികൾ കണ്ടെത്തി. ജമീമ റോഡ്രിഗസ് (0) വേഗം മടങ്ങി. 62 പന്തിൽ 112 റൺസ് നേടിയ മന്ദന അവസാന ഓവറിലാണ് പുറത്തായത്. ദീപ്തി ശർമ്മ (7) നോട്ടൗട്ടാണ്.
മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ട് ഒഴികെ ബാക്കിയാർക്കും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. ബ്രണ്ട് 42 പന്തിൽ 66 റൺസെടുത്തു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ശ്രീ ചരണി നാല് വിക്കറ്റുമായി തിളങ്ങി. മന്ദനയാണ് കളിയിലെ താരം.