India vs Ireland : അയ്യേ നാണക്കേട്! ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് അയർലൻഡ്
IND vs IRE First T20 Match Highlights : രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യക്ക് അയർലാൻഡിനെതിരെയുള്ളത്. ടോസ് നേടിയ ഇന്ത്യ അയർലാൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അതേസമയം കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് ഇന്ത്യ അയർലൻഡിനെതിരെയുള്ള ആദ്യ മത്സരത്തിന് ഇറങ്ങിയത്.

Shreyas Iyer, Ireland Cricket Team
അയർലൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ അയർലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 148 റൺസിന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയ ഐറിഷ് ടീമിനെ നായകൻ ലോർക്കൻ ടക്കറും ഗെറാത്ത് ഡെലനിയും ചേർന്നാണ് തകർച്ചയിൽ നിന്നും കരകയറ്റി മികച്ച സ്കോറിലേക്കെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ നിരയിൽ ഓപ്പണർ അഭിഷേക് ശർമ മാത്രമാണ് തിളങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ വെറും അഞ്ച് റൺസെടുത്ത് പുറത്തായി. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് അയർലൻഡ് ഇന്ത്യയെ തോൽപ്പിക്കുന്നത്.
തുടക്കത്തിൽ പതറിയ അയർലൻഡ് പിന്നീട് ക്യാപ്റ്റൻ ലോർക്കൻ ടക്കറിൻ്റെയും ഗെറാത്ത് ഡെലനിയുടെയും കൂട്ടുകെട്ടിലാണ് മികച്ച് സ്കോർ നേടാനായത്. പേസർമാരായ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും ശിവം ദുബെയും പിടിച്ചെറിഞ്ഞപ്പോൾ, പ്രസിദ്ധ കൃഷ്ണ അടിവാങ്ങി കൂട്ടി. നാല് ഓവറിൽ 57 റൺസാണ് പ്രസിദ്ധ് കൃഷ്ണ വിട്ട് നൽകിയത്. ഒരു ഓവർ മാത്രം എറിഞ്ഞ വാഷിങ്ടൺ സുന്ദറിനും ഐറിഷ് സംഘത്തിൽ നിന്നും അടി കിട്ടയത്. സുന്ദറിൻ്റെ ഒരു ഓവറിൽ അയർലൻഡ് ബാറ്റർമാർ അടിച്ച് കൂട്ടിയത് 19 റൺസായിരുന്നു. ക്യാപ്റ്റൻ ടക്കർ അയർലൻഡിനായി അർധ സെഞ്ചുറി നേടിയെങ്കിലും ഡെലെനി 49 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹർഷിത് റാണ മൂന്നും അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ടും വിക്കറ്റുകൾ വീതം നേടി. ശിവം ദുബെയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളി. രണ്ടമത്തെ ഓവറിലെ ആദ്യ പന്തിൽ തന്നെ മലയാളി സഞ്ജു സാംസൺ ബോൾഡായി. ഇന്ത്യ വംശജൻ ജയ് മൂന്ദ്രയാണ് അഞ്ച് റൺസ് മാത്രമെടുത്ത മലയാളി താരത്തിൻ്റെ വിക്കറ്റ് സ്വന്തമാക്കിയത്. ജയ് മൂന്ദ്ര തൻ്റെ രാജ്യാന്തര കരിയറിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെയാണ് വിക്കറ്റ് സ്വന്തമാക്കിയത്. ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രയസ് അയ്യരും ഡ്രെസ്സിങ് റൂമിലേക്ക് വന്നപാടെ മടങ്ങിയപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി. അതേസമയം ഈ പ്രതിസന്ധികൾക്കിടെ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങിയ അഭിഷേക ശർമ തകർത്തടിച്ചുകൊണ്ടിരുന്നു. 19 പന്തിൽ അർധ സെഞ്ചുറി നേടിയ താരം തൊട്ടടുത്ത പന്തിൽ പുറത്തായതോടെ സന്ദർശകരുടെ നില ഒന്നും കൂടി പരിതാപകരമായി.
ALSO READ : അതൊരു സൂചനയായിരുന്നു, ഇന്ത്യൻ ടീമിന്റെ ‘ബാലൻ’ വൈഭവിനെ ടീമിന് പുറത്തിരുത്തുമെന്ന വലിയ സൂചന!
അവസാനം തിലക് വർമയും ശിവം ദൂബെയും അക്സർ പട്ടേലും അവരെ കൊണ്ട് കഴിയുന്ന വിധം പൊരുതാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ഏറ്റവും ഒടുവിൽ ഏഴ് പന്തുകൾ ബാക്കി നിർത്തികൊണ്ട് ഇന്ത്യൻ താരങ്ങൾക്കെല്ലാം തിരികെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. സഞ്ജുവിൻ്റെ പുറമെ മറ്റൊരു നിർണായക വിക്കറ്റായ ശിവം ദൂബെയെ പുറത്താക്കിയതും ജയ് മൂന്ദ്രെയായിരുന്നു. രണ്ട് വിക്കറ്റെടുത്ത ഇന്ത്യ വംശജന് പുറമെ മാത്യ ഹംഫ്രെയും മാത്യു ഹൊള്ളാർഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ലിയാം മക്കാർത്തിയും ഗെറാത്ത് ഡെലെനിയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ അയർലൻഡ് 1-0ത്തിന് മുന്നിലെത്തി. ജൂൺ 28-ാം തീയതി ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
English Summary
Shocking Defeat for India Against Ireland. Irish Team defeats ICC T20 World Cup Champions for 34 Runs. This is First ever victory of Ireland Against India .